Skip to content
ദാനീയേല്‍ 9:4-19

ദാനീയേല്‍ 9:4-19

4
എന്റെ ദൈവമായ യഹോവയോടു ഞാൻ പ്രാൎത്ഥിച്ചു ഏറ്റുപറഞ്ഞതെന്തെന്നാൽ: തന്നെ സ്നേഹിക്കുന്നവൎക്കും തന്റെ കല്പനകളെ പ്രമാണിക്കുന്നവൎക്കും നിയമവും ദയയും പരിപാലിക്കുന്നവനായി മഹാനും ഭയങ്കരനുമായ ദൈവമായ കൎത്താവേ,
5
ഞങ്ങൾ പാപം ചെയ്തു, വികടമായി നടന്നു, ദുഷ്ടത പ്രവൎത്തിച്ചു; ഞങ്ങൾ മത്സരിച്ചു നിന്റെ കല്പനകളും വിധികളും വിട്ടുമാറിയിരിക്കുന്നു.
6
ഞങ്ങളുടെ രാജാക്കന്മാരോടും പ്രഭുക്കന്മാരോടും പിതാക്കന്മാരോടും ദേശത്തിലെ സകലജനത്തോടും നിന്റെ നാമത്തിൽ സംസാരിച്ച നിന്റെ ദാസന്മാരായ പ്രവാചകന്മാരുടെ വാക്കു ഞങ്ങൾ കേട്ടനുസരിച്ചതുമില്ല.
7
കൎത്താവേ, നിന്റെ പക്കൽ നീതിയുണ്ടു; ഞങ്ങൾക്കോ ഇന്നുള്ളതു പോലെ ലജ്ജയത്രേ; നിന്നോടു ദ്രോഹിച്ചിരിക്കുന്ന ദ്രോഹം ഹേതുവായി നീ അവരെ നീക്കിക്കളഞ്ഞിരിക്കുന്ന സകലദേശങ്ങളിലും സമീപസ്ഥരും ദൂരസ്ഥരുമായ യെഹൂദാപുരുഷന്മാൎക്കും യെരൂശലേം നിവാസികൾക്കും എല്ലായിസ്രായേലിന്നും തന്നേ.
8
കൎത്താവേ, ഞങ്ങൾ നിന്നോടു പാപം ചെയ്തിരിക്കയാൽ ഞങ്ങളും ഞങ്ങളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പിതാക്കന്മാരും ലജ്ജിക്കേണ്ടതു തന്നേ.
9
ഞങ്ങളുടെ ദൈവമായ കൎത്താവിന്റെ പക്കൽ കരുണയും മോചനവും ഉണ്ടു; ഞങ്ങളോ അവനോടു മത്സരിച്ചു.
10
അവൻ തന്റെ ദാസന്മാരായ പ്രവാചകന്മാർ മുഖാന്തരം ഞങ്ങളുടെ മുമ്പിൽ വെച്ചിരിക്കുന്ന ന്യായപ്രമാണപ്രകാരം നടപ്പാൻ ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവയുടെ വചനം കേട്ടനുസരിച്ചില്ല.
11
യിസ്രായേലൊക്കെയും നിന്റെ വചനം കേട്ടനുസരിക്കാതെ വിട്ടുമാറി നിന്റെ ന്യായപ്രമാണം ലംഘിച്ചിരിക്കുന്നു; ഇങ്ങനെ ഞങ്ങൾ അവനോടു പാപം ചെയ്തിരിക്കയാൽ ദൈവത്തിന്റെ ദാസനായ മോശെയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്ന ശാപവും ആണയും ഞങ്ങളുടെ മേൽ ചൊരിഞ്ഞിരിക്കുന്നു.
12
അവൻ വലിയ അനൎത്ഥം ഞങ്ങളുടെ മേൽ വരുത്തിയതിനാൽ ഞങ്ങൾക്കും ഞങ്ങൾക്കു ന്യായപാലനം നടത്തിവന്ന ന്യായാധിപന്മാൎക്കും വിരോധമായി താൻ അരുളിച്ചെയ്ത വചനങ്ങളെ നിവൎത്തിച്ചിരിക്കുന്നു; യെരൂശലേമിൽ സംഭവിച്ചതുപോലെ ആകാശത്തിൻ കീഴിലെങ്ങും സംഭവിച്ചിട്ടില്ലല്ലോ.
13
മോശെയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ ഞങ്ങൾക്കു ഈ അനൎത്ഥം ഒക്കെയും വന്നിരിക്കുന്നു; എന്നിട്ടും ഞങ്ങൾ ഞങ്ങളുടെ അകൃത്യങ്ങളെ വിട്ടുതിരിഞ്ഞു നിന്റെ സത്യത്താൽ ബുദ്ധിപഠിക്കേണ്ടതിന്നു ഞങ്ങളുടെ ദൈവമായ യഹോവയുടെ കൃപെക്കായി യാചിച്ചില്ല.
14
അതുകൊണ്ടു യഹോവ അനൎത്ഥത്തിന്നായി ജാഗരിച്ചിരുന്നു അതു ഞങ്ങളുടെമേൽ വരുത്തിയിരിക്കുന്നു; ഞങ്ങളുടെ ദൈവമായ യഹോവ താൻ ചെയ്യുന്ന സകല പ്രവൃത്തികളിലും നീതിമാനാകുന്നു; ഞങ്ങളോ അവന്റെ വചനം കേട്ടനുസരിച്ചില്ല.
15
നിന്റെ ജനത്തെ ബലമുള്ള കൈകൊണ്ടു മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നു, ഇന്നുള്ളതുപോലെ നിനക്കു ഒരു നാമം ഉണ്ടാക്കിയവനായി ഞങ്ങളുടെ ദൈവമായ കൎത്താവേ, ഞങ്ങൾ പാപം ചെയ്തു ദുഷ്ടത പ്രവൎത്തിച്ചിരിക്കുന്നു.
16
കൎത്താവേ, നിന്റെ സൎവ്വനീതിക്കും ഒത്തവണ്ണം നിന്റെ കോപവും ക്രോധവും നിന്റെ വിശുദ്ധപൎവ്വതമായ യെരൂശലേം നഗരത്തിൽനിന്നു നീങ്ങിപ്പോകുമാറാകട്ടെ; ഞങ്ങളുടെ പാപങ്ങൾനിമിത്തവും ഞങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങൾനിമിത്തവും യെരൂശലേമും നിന്റെ ജനവും ഞങ്ങൾക്കു ചുറ്റും ഉള്ള എല്ലാവൎക്കും നിന്ദയായി തീൎന്നിരിക്കുന്നുവല്ലോ.
17
ആകയാൽ ഞങ്ങളുടെ ദൈവമേ, അടിയന്റെ പ്രാൎത്ഥനയും യാചനകളും കേട്ടു, ശൂന്യമായിരിക്കുന്ന നിന്റെ വിശുദ്ധമന്ദിരത്തിന്മേൽ കൎത്താവിൻനിമിത്തം തിരുമുഖം പ്രകാശിക്കുമാറാക്കേണമേ.
18
എന്റെ ദൈവമേ, ചെവി ചായിച്ചു കേൾക്കേണമേ; കണ്ണു തുറന്നു ഞങ്ങളുടെ നാശങ്ങളെയും നിന്റെ നാമം വിളിച്ചിരിക്കുന്ന നഗരത്തെയും കടാക്ഷിക്കേണമേ; ഞങ്ങൾ ഞങ്ങളുടെ നീതിപ്രവൃത്തികളിൽ അല്ല, നിന്റെ മഹാകരുണയിൽ അത്രേ ആശ്രയിച്ചുകൊണ്ടു ഞങ്ങളുടെ യാചനകളെ തിരുസന്നിധിയിൽ ബോധിപ്പിക്കുന്നു.
19
കൎത്താവേ, കേൾക്കേണമേ; കൎത്താവേ, ക്ഷമിക്കേണമേ; കൎത്താവേ, ചെവിക്കൊണ്ടു പ്രവൎത്തിക്കേണമേ; എന്റെ ദൈവമേ, നിന്നെത്തന്നെ ഓൎത്തു താമസിക്കരുതേ; നിന്റെ നാമം വിളിച്ചിരിക്കുന്നുവല്ലോ.
Settings

Reading Style

Typeface

Font Size 19px

Options