2 രാജാക്കന്മാര്‍ 8:16-28
16
യിസ്രായേൽരാജാവായ ആഹാബിന്റെ മകനായ യോരാമിന്റെ അഞ്ചാം ആണ്ടിൽ യെഹോശാഫാത്ത് യെഹൂദയിൽ രാജാവായിരിക്കുമ്പോൾ തന്നേ യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ മകൻ യെഹോരാം രാജാവായി.
17
അവൻ വാഴ്ചതുടങ്ങിയപ്പോൾ അവന്നു മുപ്പത്തിരണ്ടു വയസ്സായിരുന്നു; അവൻ എട്ടു സംവത്സരം യെരൂശലേമിൽ വാണു.
18
ആഹാബിന്റെ മകൾ അവന്നു ഭാൎയ്യയായിരുന്നതുകൊണ്ടു അവൻ ആഹാബിന്റെ ഗൃഹം ചെയ്തതുപോലെ യിസ്രായേൽരാജാക്കന്മാരുടെ വഴിയിൽ നടന്നു യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു.
19
എങ്കിലും യഹോവ തന്റെ ദാസനായ ദാവീദിനോടു അവന്നും അവന്റെ മക്കൾക്കും എന്നേക്കും ഒരു ദീപം നല്കും എന്നു വാഗ്ദാനം ചെയ്തിരുന്നതുകൊണ്ടു അവന്റെ നിമിത്തം യെഹൂദയെ നശിപ്പിപ്പാൻ തനിക്കു മനസ്സായില്ല.
20
അവന്റെ കാലത്തു എദോമ്യർ യെഹൂദയുടെ മേലധികാരത്തോടു മത്സരിച്ചു തങ്ങൾക്കു ഒരു രാജാവിനെ വാഴിച്ചു.
21
അപ്പോൾ യെഹോരാം സകലരഥങ്ങളുമായി സായിരിലേക്കു ചെന്നു; എന്നാൽ രാത്രിയിൽ അവൻ എഴുന്നേറ്റു തന്നെ വളഞ്ഞിരുന്ന എദോമ്യരെയും രഥനായകന്മാരെയും തോല്പിച്ചു; ജനം തങ്ങളുടെ കൂടാരങ്ങളിലേക്കു ഓടിപ്പോയി.
22
അങ്ങിനെ എദോമ്യർ യെഹൂദയുടെ മേലധികാരത്തോടു ഇന്നുവരെ മത്സരിച്ചുനില്ക്കുന്നു; ആ കാലത്തു തന്നേ ലിബ്നയും മത്സരിച്ചു.
23
യെഹോരാമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
24
യെഹോരാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു അവന്റെ പിതാക്കന്മാരോടുകൂടെ ദാവീദിന്റെ നഗരത്തിൽ അവനെ അടക്കം ചെയ്തു; അവന്റെ മകനായ അഹസ്യാവു അവന്നു പകരം രാജാവായി.
25
യിസ്രായേൽരാജാവായ ആഹാബിന്റെ മകൻ യോരാമിന്റെ പന്ത്രണ്ടാം ആണ്ടിൽ യെഹൂദാരാജാവായ യെഹോരാമിന്റെ മകൻ അഹസ്യാവു രാജാവായി.
26
അഹസ്യാവു വാഴ്ച തുടങ്ങിയപ്പോൾ അവന്നു ഇരുപത്തിരണ്ടു വയസ്സായിരുന്നു; അവൻ ഒരു സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മെക്കു അഥല്യാ എന്നു പേർ; അവൾ യിസ്രായേൽരാജാവായ ഒമ്രിയുടെ പൌത്രി ആയിരുന്നു.
27
അവൻ ആഹാബ് ഗൃഹത്തിന്റെ വഴിയിൽ നടന്നു ആഹാബ് ഗൃഹം ചെയ്തതുപോലെ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; അവൻ ആഹാബിന്റെ ഗൃഹത്തോടു സംബന്ധമുള്ളവൻ ആയിരുന്നുവല്ലോ.
28
അവൻ ആഹാബിന്റെ മകനായ യോരാമിനോടുകൂടെ ഗിലെയാദിലെ രാമോത്തിലേക്കു അരാംരാജാവായ ഹസായേലിനോടു യുദ്ധം ചെയ്‌വാൻ പോയി; എന്നാൽ അരാമ്യർ യോരാമിനെ മുറിവേല്പിച്ചു.
Settings