Skip to content
2 ദിനവൃത്താന്തം 30:18-27

2 ദിനവൃത്താന്തം 30:18-27

18
വലിയോരു ജനസമൂഹം, എപ്രയീമിൽനിന്നു മനശ്ശെയിൽനിന്നും യിസ്സാഖാരിൽനിന്നും സെബൂലൂനിൽനിന്നും ഉള്ള അനേകർ, തങ്ങളെത്തന്നേ ശുദ്ധീകരിക്കാതെ എഴുതിയിരിക്കുന്ന വിധി വിട്ടു മറ്റൊരു പ്രകാരത്തിൽ പെസഹ തിന്നു. എന്നാൽ യെഹിസ്കീയാവു അവൎക്കു വേണ്ടി പ്രാൎത്ഥിച്ചു:
19
വിശുദ്ധമന്ദിരത്തിന്നു ആവശ്യമായ വിശുദ്ധീകരണംപോലെ വിശുദ്ധനായില്ലെങ്കിലും ദൈവത്തെ, തന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവയെത്തന്നേ അന്വേഷിപ്പാൻ മനസ്സുവെക്കുന്ന എല്ലാവനോടും ദയാലുവായ യഹോവേ, ക്ഷമിക്കേണമേ എന്നു പറഞ്ഞു.
20
യഹോവ യെഹിസ്കീയാവിന്റെ പ്രാൎത്ഥന കേട്ടു ജനത്തെ സൌഖ്യമാക്കി.
21
അങ്ങനെ യെരൂശലേമിൽ വന്നുകൂടിയിരുന്ന യിസ്രായേൽമക്കൾ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ഏഴു ദിവസം മഹാസന്തോഷത്തോടെ ആചരിച്ചു; ലേവ്യരും പുരോഹിതന്മാരും ഉച്ചനാദമുള്ള വാദ്യങ്ങളാൽ യഹോവെക്കു പാടി ദിവസംപ്രതിയും യഹോവയെ സ്തുതിച്ചു.
22
യെഹിസ്കീയാവു യഹോവയുടെ ശുശ്രൂഷയിൽ സാമൎത്ഥ്യം കാണിച്ച എല്ലാലേവ്യരോടും ഹൃദ്യമായി സംസാരിച്ചു; അവർ സമാധാനയാഗങ്ങൾ അൎപ്പിച്ചും തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ സ്തുതിച്ചുംകൊണ്ടു ഏഴുദിവസം ഉത്സവം ഘോഷിച്ചു ഭക്ഷണം കഴിച്ചു.
23
പിന്നെയും ഏഴു ദിവസം ഉത്സവം ആചരിപ്പാൻ സൎവ്വസഭയും നിൎണ്ണയിച്ചു. അങ്ങനെ അവർ വേറെ ഏഴു ദിവസവും സന്തോഷത്തോടെ ആചരിച്ചു.
24
യെഹൂദാരാജാവായ യെഹിസ്കീയാവു സഭെക്കു ആയിരം കാളയെയും ഏഴായിരം ആടിനെയും കൊടുത്തു; പ്രഭുക്കന്മാരും സഭെക്കു ആയിരം കാളയെയും പതിനായിരം ആടിനെയും കൊടുത്തു; അനേകം പുരോഹിതന്മാർ തങ്ങളെത്തന്നേ വിശുദ്ധീകരിച്ചു.
25
യെഹൂദയുടെ സൎവ്വസഭയും പുരോഹിതന്മാരും ലേവ്യരും യിസ്രായേലിൽനിന്നു വന്ന സൎവ്വസഭയും യിസ്രായേൽ ദേശത്തുനിന്നു വന്നു യെഹൂദയിൽ പാൎത്തിരുന്ന പരദേശികളും സന്തോഷിച്ചു.
26
അങ്ങനെ യെരൂശലേമിൽ മഹാസന്തോഷം ഉണ്ടായി; യിസ്രായേൽരാജാവായ ദാവീദിന്റെ മകൻ ശലോമോന്റെ കാലംമുതൽ ഇതുപോലെ യെരൂശലേമിൽ സംഭവിച്ചിട്ടില്ല.
27
ഒടുവിൽ ലേവ്യരായ പുരോഹിതന്മാർ എഴുന്നേറ്റു ജനത്തെ അനുഗ്രഹിച്ചു; അവരുടെ അപേക്ഷ കേൾക്കപ്പെടുകയും അവരുടെ പ്രാൎത്ഥന അവന്റെ വിശുദ്ധനിവാസമായ സ്വൎഗ്ഗത്തിൽ എത്തുകയും ചെയ്തു.

ബൈബിൾ പാഠം: Sathyavedapusthakam 1910, contemporary orthography · Malayalam Bible 1910 – Revised and in Contemporary Orthography, © 2015 The Free Bible Foundation · CC BY-SA 4.0

Settings

Reading style

Typeface

Font size 19px

Reading width 75 chars

Options