1 ശമൂവേല്‍ 23:19-25
19
അനന്തരം സീഫ്യർ ഗിബെയയിൽ ശൌലിന്റെ അടുക്കൽ വന്നു: ദാവീദ് ഞങ്ങളുടെ സമീപം മരുഭൂമിക്കു തെക്കുള്ള ഹഖീലാമലയിലെ വനദുൎഗ്ഗങ്ങളിൽ ഒളിച്ചിരിക്കുന്നു.
20
ആകയാൽ രാജാവേ, തിരുമനസ്സിലെ ആഗ്രഹംപോലെ വന്നുകൊള്ളേണം; അവനെ രാജാവിന്റെ കയ്യിൽ ഏല്പിച്ചുതരുന്ന കാൎയ്യം ഞങ്ങൾ ഏറ്റിരിക്കുന്നു എന്നു പറഞ്ഞു.
21
അതിന്നു ശൌൽ പറഞ്ഞതു: നിങ്ങൾക്കു എന്നോടു മനസ്സലിവു തോന്നിയിരിക്കകൊണ്ടു നിങ്ങൾ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവർ.
22
നിങ്ങൾ പോയി ഇനിയും സൂക്ഷ്മമായി അന്വേഷിച്ചു അവന്റെ സഞ്ചാരം എവിടെയൊക്കെ ആകുന്നു എന്നും അവിടങ്ങളിൽ അവനെ കണ്ടവർ ആരെല്ലാമെന്നും അറിഞ്ഞുകൊൾവിൻ; അവൻ വലിയ ഉപായി ആകുന്നു എന്നു ഞാൻ കേട്ടിരിക്കുന്നു.
23
ആകയാൽ അവൻ ഒളിച്ചിരിക്കുന്ന ഒളിപ്പിടങ്ങളെല്ലാം കണ്ടറിഞ്ഞുവന്നു സൂക്ഷ്മവിവരം എന്നെ അറിയിപ്പിൻ; ഞാൻ നിങ്ങളോടുകൂടെ പോരും; അവൻ ദേശത്തു എങ്ങാനും ഉണ്ടെന്നു വരികിൽ ഞാൻ അവനെ യെഹൂദാസഹസ്രങ്ങളിലൊക്കെയും അന്വേഷിച്ചു പിടിക്കും.
24
അങ്ങനെ അവർ പുറപ്പെട്ടു ശൌലിന്നു മുമ്പെ സീഫിലേക്കു പോയി; എന്നാൽ ദാവീദും അവന്റെ ആളുകളും മരുഭൂമിയുടെ തെക്കു അരാബയിലെ മാവോൻമരുവിൽ ആയിരുന്നു.
25
ശൌലും അവന്റെ പടജ്ജനവും അവനെ തിരയുവാൻ പുറപ്പെട്ടു. അതു ദാവീദിന്നു അറിവു കിട്ടിയപ്പോൾ അവൻ മാവോൻമരുവിലെ സേലയിൽ ചെന്നു താമസിച്ചു. ശൌൽ അതു കേട്ടപ്പോൾ മാവോൻമരുവിൽ ദാവീദിനെ പിന്തുടൎന്നു.
Settings