Skip to content
1 ശമൂവേല്‍ 18:12-30

1 ശമൂവേല്‍ 18:12-30

12
യഹോവ ദാവീദിനോടുകൂടെ ഇരിക്കയും ശൌലിനെ വിട്ടുമാറുകയും ചെയ്തതുകൊണ്ടു ശൌൽ ദാവീദിനെ ഭയപ്പെട്ടു.
13
അതുകൊണ്ടു ശൌൽ അവനെ തന്റെ അടുക്കൽനിന്നു മാറ്റി സഹസ്രാധിപനാക്കി; അങ്ങനെ അവൻ ജനത്തിന്നു നായകനായി പെരുമാറിപ്പോന്നു.
14
ദാവീദ് തന്റെ എല്ലാവഴികളിലും വിവേകത്തോടെ നടന്നു; യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു.
15
അവൻ ഏറ്റവും വിവേകത്തോടെ നടക്കുന്നു എന്നു ശൌൽ കണ്ടിട്ടു അവങ്കൽ ആശങ്കിതനായ്തീൎന്നു.
16
എന്നാൽ ദാവീദ് യിസ്രായേലിന്നും യെഹൂദെക്കും നായകനായി പെരുമാറിയതുകൊണ്ടു അവരൊക്കെയും അവനെ സ്നേഹിച്ചു.
17
അനന്തരം ശൌൽ ദാവീദിനോടു: എന്റെ മൂത്ത മകൾ മേരബുണ്ടല്ലോ; ഞാൻ അവളെ നിനക്കു ഭാൎയ്യയായി തരും; നീ ശൂരനായി എനിക്കുവേണ്ടി യഹോവയുടെ യുദ്ധങ്ങൾ നടത്തിയാൽ മതി എന്നു പറഞ്ഞു. എന്റെ കയ്യല്ല ഫെലിസ്ത്യരുടെ കൈ അവന്റെമേൽ വീഴുവാൻ സംഗതിവരട്ടെ എന്നു ശൌൽ വിചാരിച്ചു.
18
ദാവീദ് ശൌലിനോടു: രാജാവിന്റെ മരുമകനായിരിപ്പാൻ ഞാൻ ആർ? യിസ്രായേലിൽ എന്റെ അസ്മാദികളും എന്റെ പിതൃഭവനവും എന്തുള്ളു എന്നു പറഞ്ഞു.
19
ശൌലിന്റെ മകളായ മേരബിനെ ദാവീദിന്നു കൊടുക്കേണ്ടിയിരുന്ന സമയത്തു അവളെ മെഹോലാത്യനായ അദ്രിയേലിന്നു ഭാൎയ്യയായി കൊടുത്തു.
20
ശൌലിന്റെ മകളായ മീഖളോ ദാവീദിനെ സ്നേഹിച്ചു. അതു ശൌലിന്നു അറിവു കിട്ടി; കാൎയ്യം അവന്നു ഇഷ്ടമായി.
21
അവൾ അവന്നു ഒരു കണിയായിരിക്കേണ്ടതിന്നും ഫെലിസ്ത്യരുടെ കൈ അവന്റെമേൽ വീഴേണ്ടതിന്നും ഞാൻ അവളെ അവന്നു കൊടുക്കും എന്നു ശൌൽ വിചാരിച്ചു ദാവീദിനോടു: നീ ഈ രണ്ടാം പ്രാവശ്യം എനിക്കു മരുമകനായി തീരേണം എന്നു പറഞ്ഞു.
22
പിന്നെ ശൌൽ തന്റെ ഭൃത്യന്മാരോടു: നിങ്ങൾ സ്വകാൎയ്യമായി ദാവീദിനോടു സംസാരിച്ചു: ഇതാ, രാജാവിന്നു നിന്നെ പ്രിയമാകുന്നു; അവന്റെ ഭൃത്യന്മാർ ഒക്കെയും നിന്നെ സ്നേഹിക്കുന്നു; ആകയാൽ നീ രാജാവിന്റെ മരുമകനായ്തീരേണം എന്നു പറവിൻ എന്നു കല്പിച്ചു.
23
ശൌലിന്റെ ഭൃത്യന്മാർ ആ വാക്കു ദാവീദിനോടു പറഞ്ഞാറെ ദാവീദ്: രാജാവിന്റെ മരുമകനാകുന്നതു അല്പകാൎയ്യമെന്നു നിങ്ങൾക്കു തോന്നുന്നുവോ? ഞാൻ ദരിദ്രനും എളിയവനും ആകുന്നുവല്ലോ എന്നു പറഞ്ഞു.
24
ശൌലിന്റെ ദൃത്യന്മാർ: ദാവീദ് ഇപ്രകാരം പറഞ്ഞു എന്നു ബോധിപ്പിച്ചു.
25
അതിന്നു ശൌൽ: രാജാവിന്റെ ശത്രുക്കൾക്കു പ്രതികാരം ആകുവാൻ തക്കവണ്ണം ഫെലിസ്ത്യരുടെ നൂറു അഗ്രചൎമ്മമല്ലാതെ രാജാവു യാതൊരു സ്ത്രീധനവും ആഗ്രഹിക്കുന്നില്ല എന്നിങ്ങനെ നിങ്ങൾ ദാവീദിനോടു പറയേണം എന്നു കല്പിച്ചു; ഫെലിസ്ത്യരുടെ കയ്യാൽ ദാവീദിനെ വീഴുമാറാക്കേണമെന്നു ശൌൽ കരുതിയിരുന്നു.
26
ഭൃത്യന്മാർ ദാവീദിനോടു ഈ വാക്കു അറിയിച്ചപ്പോൾ രാജാവിന്റെ മരുമകനാകുവാൻ ദാവീദിന്നു സന്തോഷമായി;
27
അവധി കഴിയുന്നതിന്നു മുമ്പെ ദാവീദും അവന്റെ ആളുകളും പുറപ്പെട്ടുചെന്നു ഫെലിസ്ത്യരിൽ ഇരുനൂറു പേരെ കൊന്നു, അവരുടെ അഗ്രചൎമ്മം കൊണ്ടുവന്നു താൻ രാജാവിന്റെ മരുമകനാകേണ്ടതിന്നു രാജാവിന്നു എണ്ണംകൊടുത്തു. ശൌൽ തന്റെ മകളായ മീഖളിനെ അവന്നു ഭാൎയ്യയായി കൊടുത്തു.
28
യഹോവ ദാവീദിനോടുകൂടെ ഉണ്ടെന്നും ശൌലിന്റെ മകളായ മീഖൾ അവനെ സ്നേഹിച്ചു എന്നും ശൌൽ കണ്ടറിഞ്ഞപ്പോൾ,
29
ശൌൽ ദാവീദിനെ പിന്നെയും അധികം ഭയപ്പെട്ടു; ശൌൽ ദാവീദിന്റെ നിത്യശത്രുവായ്തീൎന്നു.
30
എന്നാൽ ഫെലിസ്ത്യപ്രഭുക്കന്മാർ യുദ്ധത്തിന്നു പുറപ്പെട്ടു; അവർ പുറപ്പെടുമ്പോഴൊക്കെയും ദാവീദ് ശൌലിന്റെ സകലഭൃത്യന്മാരെക്കാളും കൃതാൎത്ഥനായിരുന്നു; അവന്റെ പേർ വിശ്രുതമായ്തീൎന്നു.

ബൈബിൾ പാഠം: Sathyavedapusthakam 1910, contemporary orthography · Malayalam Bible 1910 – Revised and in Contemporary Orthography, © 2015 The Free Bible Foundation · CC BY-SA 4.0

Settings

Reading style

Typeface

Font size 19px

Reading width 75 chars

Options