Skip to content
1 രാജാക്കന്മാര്‍ 2:34-46

1 രാജാക്കന്മാര്‍ 2:34-46

34
അങ്ങനെ യെഹോയാദയുടെ മകനായ ബെനായാവു ചെന്നു അവനെ വെട്ടിക്കൊന്നു; മരുഭൂമിയിലെ അവന്റെ വീട്ടിൽ അവനെ അടക്കം ചെയ്തു.
35
രാജാവു അവന്നു പകരം യെഹോയാദയുടെ മകനായ ബെനായാവെ സേനാധിപതിയാക്കി അബ്യാഥാരിന്നു പകരം സാദോക് പുരോഹിതനെയും നിയമിച്ചു.
36
പിന്നെ രാജാവു ആളയച്ചു ശിമെയിയെ വരുത്തി അവനോടു: നീ യെരൂശലേമിൽ നിനക്കു ഒരു വീടു പണിതു പാൎത്തുകൊൾക; അവിടെനിന്നു പുറത്തെങ്ങും പോകരുതു.
37
പുറത്തിറങ്ങി കിദ്രോൻതോടു കടക്കുന്ന നാളിൽ നീ മരിക്കേണ്ടിവരും എന്നു തീൎച്ചയായി അറിഞ്ഞുകൊൾക; നിന്റെ രക്തം നിന്റെ തലമേൽ തന്നേ ഇരിക്കും എന്നു കല്പിച്ചു.
38
ശിമെയി രാജാവിനോടു: അതു നല്ലവാക്കു; യജമാനനായ രാജാവു കല്പിച്ചതുപോലെ അടിയൻ ചെയ്തുകൊള്ളാം എന്നു പറഞ്ഞു. അങ്ങനെ ശിമെയി കുറെക്കാലം യെരൂശലേമിൽ പാൎത്തു.
39
മൂന്നു സംവത്സരം കഴിഞ്ഞപ്പോൾ ശിമെയിയുടെ രണ്ടു അടിമകൾ മാഖയുടെ മകനായ ആഖീശ് എന്ന ഗത്ത് രാജാവിന്റെ അടുക്കൽ ഓടിപ്പോയി; തന്റെ അടിമകൾ ഗത്തിൽ ഉണ്ടെന്നു ശിമെയിക്കു അറിവുകിട്ടി.
40
അപ്പോൾ ശിമെയി എഴുന്നേറ്റു കഴുതെക്കു കോപ്പിട്ടു പുറപ്പെട്ടു അടിമകളെ അന്വേഷിപ്പാൻ ഗത്തിൽ ആഖീശിന്റെ അടുക്കൽ പോയി; അങ്ങനെ ശിമെയി ചെന്നു അടിമകളെ ഗത്തിൽനിന്നു കൊണ്ടുവന്നു.
41
ശിമെയി യെരൂശലേം വിട്ടു ഗത്തിൽ പോയി മടങ്ങിവന്നു എന്നു ശലോമോന്നു അറിവു കിട്ടി.
42
അപ്പോൾ രാജാവു ആളയച്ചു ശിമെയിയെ വരുത്തി അവനോടു: നീ പുറത്തിറങ്ങി എവിടെയെങ്കിലും പോകുന്നനാളിൽ മരിക്കേണ്ടിവരുമെന്നു തീൎച്ചയായി അറിഞ്ഞുകൊൾക എന്നു ഞാൻ നിന്നെക്കൊണ്ടു യഹോവാനാമത്തിൽ സത്യം ചെയ്യിച്ചു സാക്ഷീകരിക്കയും ഞാൻ കേട്ട വാക്കു നല്ലതെന്നു നീ എന്നോടു പറകയും ചെയ്തില്ലയോ?
43
അങ്ങനെയിരിക്കെ നീ യഹോവയുടെ ആണയും ഞാൻ നിന്നോടു കല്പിച്ച കല്പനയും പ്രമാണിക്കാതെ ഇരുന്നതു എന്തു എന്നു ചോദിച്ചു.
44
പിന്നെ രാജാവു ശിമെയിയോടു: നീ എന്റെ അപ്പനായ ദാവീദിനോടു ചെയ്തതും നിനക്കു ഓൎമ്മയുള്ളതും ആയ ദോഷമൊക്കെയും നീ അറിയുന്നുവല്ലോ; യഹോവ നിന്റെ ദോഷം നിന്റെ തലമേൽ തന്നേ വരുത്തും.
45
എന്നാൽ ശലോമോൻരാജാവു അനുഗ്രഹിക്കപ്പെട്ടവനും ദാവീദിന്റെ സിംഹാസനം യഹോവയുടെ മുമ്പാകെ എന്നേക്കും സ്ഥിരവുമായിരിക്കും എന്നു പറഞ്ഞിട്ടു
46
രാജാവു യെഹോയാദയുടെ മകൻ ബെനായാവോടു കല്പിച്ചു; അവൻ ചെന്നു അവനെ വെട്ടിക്കൊന്നു. അങ്ങനെ രാജത്വം ശലോമോന്റെ കയ്യിൽ സ്ഥിരമായി.
Settings

Reading Style

Typeface

Font Size 19px

Options