1 രാജാക്കന്മാര് 13:18-32
18
അതിന്നു അവൻ: ഞാനും നിന്നെപ്പോലെ ഒരു പ്രവാചകൻ ആകുന്നു; അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്യേണ്ടതിന്നു നീ അവനെ നിന്റെ വീട്ടിൽ കൂട്ടിക്കൊണ്ടുവരിക എന്നു ഒരു ദൂതൻ യഹോവയുടെ കല്പനയാൽ എന്നോടു പറഞ്ഞിരിക്കുന്നു എന്നു പറഞ്ഞു. അവൻ പറഞ്ഞതോ ഭോഷ്കായിരുന്നു.
19
അങ്ങനെ അവൻ അവനോടുകൂടെ ചെന്നു, അവന്റെ വീട്ടിൽവെച്ചു അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്തു.
20
അവൻ ഭക്ഷണത്തിന്നിരിക്കുമ്പോൾ അവനെ കൂട്ടിക്കൊണ്ടുവന്ന പ്രവാചകന്നു യഹോവയുടെ അരുളപ്പാടുണ്ടായി.
21
അവൻ യെഹൂദയിൽനിന്നു വന്ന ദൈവപുരുഷനോടു: നീ യഹോവയുടെ വചനം മറുത്തു നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചിരുന്ന കല്പന പ്രമാണിക്കാതെ
22
അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്യരുതെന്നു അവൻ നിന്നോടു കല്പിച്ച സ്ഥലത്തു നീ മടങ്ങിവന്നു അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്തതുകൊണ്ടു നിന്റെ ശവം നിന്റെ പിതാക്കന്മാരുടെ കല്ലറയിൽ വരികയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു വിളിച്ചുപറഞ്ഞു.
23
അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്തശേഷം അവൻ താൻ കൂട്ടിക്കൊണ്ടുവന്ന പ്രവാചകന്നുവേണ്ടി കഴുതെക്കു കോപ്പിട്ടുകൊടുത്തു;
24
അവൻ പോകുമ്പോൾ വഴിയിൽ ഒരു സിംഹം അവനെ കണ്ടു അവനെ കൊന്നു; അവന്റെ ശവം വഴിയിൽ കിടന്നു, കഴുത അതിന്റെ അരികെ നിന്നു; സിംഹവും ശവത്തിന്റെ അരികെ നിന്നു.
25
വഴിപോകുന്ന ആളുകൾ ശവം വഴിയിൽ കിടക്കുന്നതും ശവത്തിന്റെ അരികെ സിംഹം നില്ക്കുന്നതും കണ്ടു; വൃദ്ധനായ പ്രവാചകൻ പാൎക്കുന്ന പട്ടണത്തിൽ ചെന്നു അറിയിച്ചു.
26
അവനെ വഴിയിൽ നിന്നു കൂട്ടിക്കൊണ്ടുവന്ന പ്രവാചകൻ അതു കേട്ടപ്പോൾ: അവൻ യഹോവയുടെ വചനം മറുത്ത ദൈവപുരുഷൻ തന്നേ; യഹോവ അവനോടു അരുളിച്ചെയ്ത വചനപ്രകാരം യഹോവ അവനെ സിംഹത്തിന്നു ഏല്പിച്ചു; അതു അവനെ കീറി കൊന്നുകളഞ്ഞു എന്നു പറഞ്ഞു.
27
പിന്നെ അവൻ തന്റെ പുത്രന്മാരോടു: കഴുതെക്കു കോപ്പിട്ടുതരുവിൻ എന്നു പറഞ്ഞു.
28
അവർ കോപ്പിട്ടുകൊടുത്തു. അവൻ ചെന്നപ്പോൾ ശവം വഴിയിൽ കിടക്കുന്നതും ശവത്തിന്റെ അരികെ കഴുതയും സിംഹവും നില്ക്കുന്നതും കണ്ടു; സിംഹം ശവത്തെ തിന്നുകയോ കഴുതയെ കീറിക്കളകയോ ചെയ്തില്ല.
29
പ്രവാചകൻ ദൈവപുരുഷന്റെ ശവം എടുത്തു കഴുതപ്പുറത്തു വെച്ചു കൊണ്ടുവന്നു; വൃദ്ധനായ പ്രവാചകൻ തന്റെ പട്ടണത്തിൽ എത്തി അവനെക്കുറിച്ചു വിലപിച്ചു അവനെ അടക്കം ചെയ്തു.
30
അവന്റെ ശവം അവൻ തന്റെ സ്വന്തകല്ലറയിൽ വെച്ചിട്ടു അവനെക്കുറിച്ചു: അയ്യോ എന്റെ സഹോദരാ എന്നിങ്ങനെ പറഞ്ഞു അവർ വിലാപം കഴിച്ചു.
31
അവനെ അടക്കം ചെയ്തശേഷം അവൻ തന്റെ പുത്രന്മാരോടു: ഞാൻ മരിച്ചശേഷം നിങ്ങൾ എന്നെ ദൈവപുരുഷനെ അടക്കം ചെയ്തിരിക്കുന്ന കല്ലറയിൽ തന്നേ അടക്കം ചെയ്യേണം; അവന്റെ അസ്ഥികളുടെ അരികെ എന്റെ അസ്ഥികളും ഇടേണം.
32
അവൻ ബേഥേലിലെ യാഗപീഠത്തിന്നും ശമൎയ്യപട്ടണങ്ങളിലെ സകലപൂജാഗിരിക്ഷേത്രങ്ങൾക്കും വിരോധമായി യഹോവയുടെ കല്പനപ്രകാരം വിളിച്ചുപറഞ്ഞ വചനം നിശ്ചയമായി സംഭവിക്കും എന്നു പറഞ്ഞു.
Settings