മീഖാ 6:1-8
1
യഹോവ അരുളിച്ചെയ്യുന്നതു കേൾപ്പിൻ; നീ എഴുന്നേറ്റു പൎവ്വതങ്ങളുടെ മുമ്പാകെ വ്യവഹരിക്ക; കുന്നുകൾ നിന്റെ വാക്കു കേൾക്കട്ടെ;
2
പൎവ്വതങ്ങളും ഭൂമിയുടെ സ്ഥിരമായ അടിസ്ഥാനങ്ങളുമായുള്ളോവേ, യഹോവയുടെ വ്യവഹാരം കേൾപ്പിൻ! യഹോവെക്കു തന്റെ ജനത്തോടു ഒരു വ്യവഹാരം ഉണ്ടു; അവൻ യിസ്രായേലിനോടു വാദിക്കും.
3
എന്റെ ജനമേ, ഞാൻ നിന്നോടു എന്തു ചെയ്തു? ഏതൊന്നിനാൽ ഞാൻ നിന്നെ മുഷിപ്പിച്ചു? എന്റെ നേരെ സാക്ഷീകരിക്ക.
4
ഞാൻ നിന്നെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു, അടിമവീട്ടിൽനിന്നു നിന്നെ വീണ്ടെടുത്തു, മോശെയെയും അഹരോനെയും മിൎയ്യാമിനെയും നിന്റെ മുമ്പിൽ അയച്ചു.
5
എന്റെ ജനമേ, നിങ്ങൾ യഹോവയുടെ നീതിപ്രവൃത്തികളെ അറിയേണ്ടതിന്നു മോവാബ്‌രാജാവായ ബാലാക്ക് ആലോചിച്ചതും ബെയോരിന്റെ മകനായ ബിലെയാം ഉത്തരം പറഞ്ഞതും ശിത്തീംമുതൽ ഗില്ഗാൽവരെ സംഭവിച്ചതും ഓൎക്കുക.
6
എന്തൊന്നുകൊണ്ടു ഞാൻ യഹോവയുടെ സന്നിധിയിൽ ചെന്നു, അത്യുന്നതദൈവത്തിന്റെ മുമ്പാകെ കുമ്പിടേണ്ടു? ഞാൻ ഹോമയാഗങ്ങളോടും ഒരു വയസ്സു പ്രായമുള്ള കാളക്കിടാക്കളോടും കൂടെ അവന്റെ സന്നിധിയിൽ ചെല്ലേണമോ?
7
ആയിരം ആയിരം ആട്ടുകൊറ്റനിലും പതിനായിരം പതിനായിരം തൈലനദിയിലും യഹോവ പ്രസാദിക്കുമോ? എന്റെ അതിക്രമത്തിന്നു വേണ്ടി ഞാൻ എന്റെ ആദ്യജാതനെയും ഞാൻ ചെയ്ത പാപത്തിന്നു വേണ്ടി എന്റെ ഉദരഫലത്തെയും കൊടുക്കേണമോ?
8
മനുഷ്യാ, നല്ലതു എന്തെന്നു അവൻ നിനക്കു കാണിച്ചു തന്നിരിക്കുന്നു: ന്യായം പ്രവൎത്തിപ്പാനും ദയാതല്പരനായിരിപ്പാനും നിന്റെ ദൈവത്തിന്റെ സന്നിധിയിൽ താഴ്മയോടെ നടപ്പാനും അല്ലാതെ എന്താകുന്നു യഹോവ നിന്നോടു ചോദിക്കുന്നതു?
Settings