മത്തായി 27:27-44
27
അനന്തരം നാടുവാഴിയുടെ പടയാളികൾ യേശുവിനെ ആസ്ഥാനത്തിലേക്കു കൊണ്ടുപോയി പട്ടാളത്തെ എല്ലാം അവന്റെ നേരെ വരുത്തി,
28
അവന്റെ വസ്ത്രം അഴിച്ചു ഒരു ചുവന്ന മേലങ്കി ധരിപ്പിച്ചു,
29
മുള്ളുകൊണ്ടു ഒരു കിരീടം മെടഞ്ഞു അവന്റെ തലയിൽ വെച്ചു, വലങ്കയ്യിൽ ഒരു കോലും കൊടുത്തു അവന്റെ മുമ്പിൽ മുട്ടുകുത്തി: യെഹൂദന്മാരുടെ രാജാവേ, ജയജയ എന്നു പരിഹസിച്ചു പറഞ്ഞു.
30
പിന്നെ അവന്റെമേൽ തുപ്പി, കോൽ എടുത്തു അവന്റെ തലയിൽ അടിച്ചു.
31
അവനെ പരിഹസിച്ചുതീൎന്നപ്പോൾ മേലങ്കി നീക്കി അവന്റെ സ്വന്തവസ്ത്രം ധരിപ്പിച്ചു, ക്രൂശിപ്പാൻ കൊണ്ടുപോയി.
32
അവർ പോകുമ്പോൾ ശീമോൻ എന്നു പേരുള്ള കുറേനക്കാരനെ കണ്ടു, അവന്റെ ക്രൂശ് ചുമപ്പാൻ നിൎബന്ധിച്ചു.
33
തലയോടിടം എന്നൎത്ഥമുള്ള ഗൊല്ഗോഥാ എന്ന സ്ഥലത്തു എത്തിയപ്പോൾ അവന്നു കൈപ്പു കലക്കിയ വീഞ്ഞു കുടിപ്പാൻ കൊടുത്തു;
34
അതു രുചിനോക്കിയാറെ അവന്നു കുടിപ്പാൻ മനസ്സായില്ല.
35
അവനെ ക്രൂശിൽ തറെച്ചശേഷം അവർ ചീട്ടിട്ടു അവന്റെ വസ്ത്രം പകുത്തെടുത്തു,
36
അവിടെ ഇരുന്നുകൊണ്ടു അവനെ കാത്തു.
37
യെഹൂദന്മാരുടെ രാജാവായ യേശു എന്നു അവന്റെ കുറ്റസംഗതി എഴുതി അവന്റെ തലെക്കുമീതെ വെച്ചു.
38
വലത്തും ഇടത്തുമായി രണ്ടു കള്ളന്മാരെയും അവനോടു കൂടെ ക്രൂശിച്ചു.
39
കടന്നുപോകുന്നുവർ തല കലുക്കി അവനെ ദുഷിച്ചു:
40
മന്ദിരം പൊളിച്ചു മൂന്നുനാൾകൊണ്ടു പണിയുന്നവനേ, നിന്നെത്തന്നേ രക്ഷിക്ക; ദൈവപുത്രൻ എങ്കിൽ ക്രൂശിൽ നിന്നു ഇറങ്ങിവാ എന്നു പറഞ്ഞു.
41
അങ്ങനെ തന്നേ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരും പരിഹസിച്ചു:
42
ഇവൻ മറ്റുള്ളവരെ രക്ഷിച്ചു, തന്നെത്താൻ രക്ഷിപ്പാൻ കഴികയില്ല; അവൻ യിസ്രായേലിന്റെ രാജാവു ആകുന്നു എങ്കിൽ ഇപ്പോൾ ക്രൂശിൽനിന്നു ഇറങ്ങിവരട്ടെ; എന്നാൽ ഞങ്ങൾ അവനിൽ വിശ്വസിക്കും.
43
അവൻ ദൈവത്തിൽ ആശ്രയിക്കുന്നു; അവന്നു ഇവനിൽ പ്രസാദമുണ്ടെങ്കിൽ ഇപ്പോൾ വിടുവിക്കട്ടെ; ഞാൻ ദൈവപുത്രൻ എന്നു അവൻ പറഞ്ഞുവല്ലോ എന്നു പറഞ്ഞു.
44
അങ്ങനെ തന്നേ അവനോടുകൂടെ ക്രൂശിച്ചിരുന്ന കള്ളന്മാരും അവനെ നിന്ദിച്ചു.
Settings