യിരെമ്യാവ് 27:1-9
1
യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ വാഴ്ചയുടെ ആരംഭത്തിങ്കൽ യഹോവയിങ്കൽനിന്നു യിരെമ്യാവിന്നുണ്ടായ അരുളപ്പാടു എന്തെന്നാൽ:
2
യഹോവ എന്നോടു ഇപ്രകാരം അരുളിച്ചെയ്തു: നീ കയറും നുകവും ഉണ്ടാക്കി നിന്റെ കഴുത്തിൽ വെക്കുക.
3
പിന്നെ അവയെ യെഹൂദാരാജാവായ സിദെക്കീയാവിന്റെ അടുക്കൽ വരുന്ന ദൂതന്മാരുടെ കയ്യിൽ എദോംരാജാവിന്നും മോവാബ് രാജാവിന്നും അമ്മോന്യരുടെ രാജാവിന്നും സോർരാജാവിന്നും സീദോൻ രാജാവിന്നും കൊടുത്തയച്ചു,
4
തങ്ങളുടെ യജമാനന്മാരോടു പറവാൻ നീ അവരോടു കല്പിക്കേണ്ടതു: യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ യജമാനന്മാരോടു ഇപ്രകാരം പറവിൻ:
5
ഞാൻ ഭൂമിയെയും ഭൂതലത്തിലെ മനുഷ്യനെയും മൃഗങ്ങളെയും എന്റെ മഹാശക്തികൊണ്ടും നീട്ടിയ ഭുജംകൊണ്ടും ഉണ്ടാക്കിയിരിക്കുന്നു; എനിക്കു ബോധിച്ചവന്നു ഞാൻ അതു കൊടുക്കും.
6
ഇപ്പോഴോ ഞാൻ ഈ ദേശങ്ങളെ ഒക്കെയും എന്റെ ദാസനായി ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കയ്യിൽ കൊടുത്തിരിക്കുന്നു; അവനെ സേവിക്കേണ്ടതിന്നു വയലിലെ മൃഗങ്ങളെയും ഞാൻ അവന്നു കൊടുത്തിരിക്കുന്നു.
7
സകലജാതികളും അവനെയും അവന്റെ മകനെയും മകന്റെ മകനെയും അവന്റെ ദേശത്തിന്റെ കാലാവധിയാകുവോളം സേവിക്കും; അതിന്റെ ശേഷം അനേകം ജാതികളും വലിയ രാജാക്കന്മാരും അവനെക്കൊണ്ടും സേവ ചെയ്യിക്കും.
8
ബാബേൽരാജാവായ നെബൂഖദ്നേസരിനെ സേവിക്കയോ ബാബേൽരാജാവിന്റെ നുകത്തിന്നു കഴുത്തു കീഴ്പെടുത്തുകയോ ചെയ്യാത്ത ജാതിയെയും രാജ്യത്തെയും ഞാൻ അവന്റെ കൈകൊണ്ടു അവരെ മുടിച്ചുകളയുംവരെ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും സന്ദൎശിക്കും എന്നു യഹോവയുടെ അരുളപ്പാടു.
9
നിങ്ങൾ ബാബേൽരാജാവിനെ സേവിക്കേണ്ടിവരികയില്ല എന്നു പറയുന്ന നിങ്ങളുടെ പ്രവാചകന്മാൎക്കും പ്രശ്നക്കാൎക്കും നിങ്ങളുടെ സ്വപ്നങ്ങൾക്കും നിങ്ങളുടെ ശകുനവാദികൾക്കും ക്ഷുദ്രക്കാൎക്കും ചെവികൊടുക്കരുതു.
Settings