യെശയ്യാവ് 60:4-14
4
നീ തല പൊക്കി ചുറ്റും നോക്കുക; അവർ എല്ലാവരും ഒന്നിച്ചുകൂടി നിന്റെ അടുക്കൽ വരുന്നു; നിന്റെ പുത്രന്മാർ ദൂരത്തുനിന്നു വരും; നിന്റെ പുത്രിമാരെ പാൎശ്വത്തിങ്കൽ വഹിച്ചുകൊണ്ടു വരും.
5
അപ്പോൾ നീ കണ്ടു ശോഭിക്കും; നിന്റെ ഹൃദയം പിടെച്ചു വികസിക്കും; സമുദ്രത്തിന്റെ ധനം നിന്റെ അടുക്കൽ ചേരും; ജാതികളുടെ സമ്പത്തു നിന്റെ അടുക്കൽ വരും.
6
ഒട്ടകങ്ങളുടെ കൂട്ടവും മിദ്യാനിലെയും ഏഫയിലെയും ചിറ്റൊട്ടകങ്ങളും നിന്നെ മൂടും; ശേബയിൽ നിന്നു അവരൊക്കെയും വരും; പൊന്നും കുന്തുരുക്കവും അവർ കൊണ്ടുവന്നു യഹോവയുടെ സ്തുതിയെ ഘോഷിക്കും.
7
കേദാരിലെ ആടുകൾ ഒക്കെയും നിന്റെ അടുക്കൽ ഒന്നിച്ചുകൂടും; നെബായോത്തിലെ മുട്ടാടുകൾ നിനക്കു ശുശ്രൂഷ ചെയ്യും; അവ പ്രസാദമുള്ള യാഗമായി എന്റെ പീഠത്തിന്മേൽ വരും; അങ്ങനെ ഞാൻ എന്റെ മഹത്വമുള്ള ആലയത്തെ മഹത്വപ്പെടുത്തും
8
മേഘംപോലെയും തങ്ങളുടെ കിളിവാതിലുകളിലേക്കു പ്രാവുകളെപ്പോലെയും പറന്നുവരുന്ന ഇവർ ആർ?
9
ദൂരത്തുനിന്നു നിന്റെ മക്കളെ അവരുടെ പൊന്നും വെള്ളിയുമായി നിന്റെ ദൈവമായ യഹോവയുടെ നാമത്തിന്നും അവൻ നിന്നെ മഹത്വപ്പെടുത്തിയിരിക്കകൊണ്ടു യിസ്രായേലിന്റെ പരിശുദ്ധന്നും കൊണ്ടുവരേണ്ടതിന്നു ദ്വീപുവാസികളും തൎശീശ് കപ്പലുകൾ ആദ്യമായും എനിക്കായി കാത്തിരിക്കുന്നു.
10
അന്യജാതിക്കാർ നിന്റെ മതിലുകളെ പണിയും; അവരുടെ രാജാക്കന്മാർ നിനക്കു ശുശ്രൂഷ ചെയ്യും; എന്റെ ക്രോധത്തിൽ ഞാൻ നിന്നെ അടിച്ചു; എങ്കിലും എന്റെ പ്രീതിയിൽ എനിക്കു നിന്നോടു കരുണ തോന്നും.
11
ജാതികളുടെ സമ്പത്തിനേയും യാത്രാസംഘത്തിൽ അവരുടെ രാജാക്കന്മാരെയും നിന്റെ അടുക്കൽ കൊണ്ടുവരേണ്ടതിന്നു നിന്റെ വാതിലുകൾ രാവും പകലും അടെക്കപ്പെടാതെ എല്ലായ്പോഴും തുറന്നിരിക്കും.
12
നിന്നെ സേവിക്കാത്ത ജാതിയും രാജ്യവും നശിച്ചുപോകും; ആ ജാതികൾ അശേഷം ശൂന്യമായ്പോകും.
13
എന്റെ വിശുദ്ധമന്ദിരമുള്ള സ്ഥലത്തിന്നു ഭംഗിവരുത്തുവാനായി ലെബാനോന്റെ മഹത്വവും സരളവൃക്ഷവും പയിനും പുന്നയും ഒരുപോലെ നിന്റെ അടുക്കൽ വരും; അങ്ങനെ ഞാൻ എന്റെ പാദസ്ഥാനത്തെ മഹത്വീകരിക്കും.
14
നിന്നെ ക്ലേശിപ്പിച്ചവരുടെ പുത്രന്മാർ നിന്റെ അടുക്കൽ വണങ്ങിക്കൊണ്ടു വരും; നിന്നെ നിന്ദിച്ചവരൊക്കെയും നിന്റെ കാൽ പിടിച്ചു നമസ്കരിക്കും; അവർ നിന്നെ യഹോവയുടെ നഗരം എന്നും യിസ്രായേലിൻ പരിശുദ്ധന്റെ സീയോൻ എന്നും വിളിക്കും.
Settings