എസ്രാ 10:9-17
9
അങ്ങനെ യെഹൂദയുടെയും ബെന്യാമീന്റെയും സകലപുരുഷന്മാരും മൂന്നാം ദിവസത്തിന്നകം യെരൂശലേമിൽ വന്നുകൂടി; അതു ഒമ്പതാം മാസം ഇരുപതാം തിയ്യതി ആയിരുന്നു; സകലജനവും ആ കാൎയ്യം ഹേതുവായിട്ടും വന്മഴനിമിത്തവും വിറെച്ചുംകൊണ്ടു ദൈവാലയത്തിന്റെ മുറ്റത്തു ഇരുന്നു.
10
അപ്പോൾ എസ്രാപുരോഹിതൻ എഴുന്നേറ്റു അവരോടു: നിങ്ങൾ ദ്രോഹംചെയ്തു യിസ്രായേലിന്റെ കുറ്റത്തെ വൎദ്ധിപ്പിക്കേണ്ടതിന്നു അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചിരിക്കുന്നു.
11
ആകയാൽ ഇപ്പോൾ നിങ്ങൾ നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോടു പാപം ഏറ്റുപറകയും അവന്റെ ഇഷ്ടം അനുസരിച്ചു ദേശനിവാസികളോടും അന്യജാതിക്കാരത്തികളോടും വേർപെടുകയും ചെയ്‌വിൻ എന്നു പറഞ്ഞു.
12
അതിന്നു സൎവ്വസഭയും ഉറക്കെ ഉത്തരം പറഞ്ഞതു: നീ ഞങ്ങളോടു പറഞ്ഞ വാക്കുപോലെ തന്നേ ഞങ്ങൾ ചെയ്യേണ്ടതാകന്നു.
13
എങ്കിലും ജനം വളരെയും ഇതു വൎഷകാലവും ആകുന്നു; വെളിയിൽ നില്പാൻ ഞങ്ങൾക്കു കഴിവില്ല; ഈ കാൎയ്യത്തിൽ ഞങ്ങൾ അനേകരും ലംഘനം ചെയ്തിരിക്കയാൽ ഇതു ഒരു ദിവസംകൊണ്ടോ രണ്ടു ദിവസംകൊണ്ടോ തീരുന്ന സംഗതിയുമല്ല.
14
ആകയാൽ ഞങ്ങളുടെ പ്രഭുക്കന്മാർ സൎവ്വസഭെക്കും പ്രതിനിധികളായി നില്ക്കട്ടെ; ഈ കാൎയ്യം നിമിത്തം നമ്മുടെ ദൈവത്തിന്നുള്ള കഠിനകോപം ഞങ്ങളെ വിട്ടുമാറുവോളവും ഞങ്ങളുടെ പട്ടണങ്ങളിൽ അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചിരിക്കുന്ന ഏവരും അവരോടുകൂടെ അവിടങ്ങളിലെ മൂപ്പന്മാരും ന്യായാധിപതിമാരും നിശ്ചയിക്കപ്പെട്ട സമയങ്ങളിൽ വരികയും ചെയ്യട്ടെ.
15
അതിന്നു അസാഹേലിന്റെ മകനായ യോനാഥാനും തിക്ക്വയുടെ മകനായ യഹ്സെയാവും മാത്രം വിരോധം പറഞ്ഞു; മെശുല്ലാമും ശബ്ബെഥായി എന്ന ലേവ്യനും അവരെ താങ്ങിപ്പറഞ്ഞു.
16
പ്രവാസികളോ അങ്ങനെ തന്നേ ചെയ്തു, എസ്രാപുരോഹിതനെയും പിതൃഭവനം പിതൃഭവനമായി ചില പിതൃഭവനത്തലവന്മാരെയും പേരുപേരായി തിരഞ്ഞെടുത്തു, അവർ ഈ കാൎയ്യം വിസ്തരിപ്പാൻ പത്താം മാസം ഒന്നാം തിയ്യതി യോഗംകൂടി.
17
അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചിരുന്ന സകലപുരുഷന്മാരുടെയും കാൎയ്യം അവർ ഒന്നാം മാസം ഒന്നാം തിയ്യതികൊണ്ടു തീൎത്തു.
Settings