Skip to content
1 കൊരിന്ത്യര്‍ 14:1-16

1 കൊരിന്ത്യര്‍ 14:1-16

1
സ്നേഹം ആചരിപ്പാൻ ഉത്സാഹിപ്പിൻ! ആത്മികവരങ്ങളും വിശേഷാൽ പ്രവചനവരവും വാഞ്ഛിപ്പിൻ.
2
അന്യഭാഷയിൽ സംസാരിക്കുന്നവൻ മനുഷ്യരോടല്ല ദൈവത്തോടത്രേ സംസാരിക്കുന്നു; ആരും തിരിച്ചറിയുന്നില്ലല്ലോ; എങ്കിലും അവൻ ആത്മാവിൽ മൎമ്മങ്ങളെ സംസാരിക്കുന്നു.
3
പ്രവചിക്കുന്നവനോ ആത്മികവൎദ്ധനെക്കും പ്രബോധനത്തിന്നും ആശ്വാസത്തിന്നുമായി മനുഷ്യരോടു സംസാരിക്കുന്നു.
4
അന്യഭാഷയിൽ സംസാരിക്കുന്നവൻ തനിക്കുതാൻ ആത്മികവൎദ്ധന വരുത്തുന്നു; പ്രവചിക്കുന്നവൻ സഭെക്കു ആത്മികവൎദ്ധന വരുത്തുന്നു.
5
നിങ്ങൾ എല്ലാവരും അന്യഭാഷകളിൽ സംസാരിക്കേണം എന്നും വിശേഷാൽ പ്രവചിക്കേണം എന്നും ഞാൻ ഇച്ഛിക്കുന്നു. അന്യഭാഷകളിൽ സംസാരിക്കുന്നവൻ സഭെക്കു ആത്മികവൎദ്ധന ലഭിക്കേണ്ടതിന്നു വ്യാഖ്യാനിക്കുന്നില്ലെങ്കിൽ പ്രവചിക്കുന്നവൻ അവനെക്കാൾ വലിയവൻ.
6
സഹോദരന്മാരേ, ഞാൻ വെളിപ്പാടായിട്ടോ ജ്ഞാനമായിട്ടോ പ്രവചനമായിട്ടോ ഉപദേശമായിട്ടോ നിങ്ങളോടു സംസാരിക്കാതെ അന്യഭാഷകളിൽ സംസാരിച്ചുകൊണ്ടു നിങ്ങളുടെ അടുക്കൽ വന്നാൽ നിങ്ങൾക്കു എന്തു പ്രയോജനം വരും?
7
കുഴൽ, വീണ എന്നിങ്ങനെ നാദം കൊടുക്കുന്ന നിൎജ്ജീവസാധനങ്ങൾ തന്നേയും നാദഭേദം കാണിക്കാഞ്ഞാൽ ഊതിയതോ മീട്ടിയതോ എന്തെന്നു എങ്ങനെ അറിയും;
8
കാഹളം തെളിവില്ലാത്ത നാദം കൊടുത്താൽ പടെക്കു ആർ ഒരുങ്ങും?
9
അതുപോലെ നിങ്ങളും നാവുകൊണ്ടു തെളിവായ വാക്കു ഉച്ചരിക്കാഞ്ഞാൽ സംസാരിക്കുന്നതു എന്തെന്നു എങ്ങനെ അറിയും? നിങ്ങൾ കാറ്റിനോടു സംസാരിക്കുന്നവർ ആകുമല്ലോ.
10
ലോകത്തിൽ വിവിധ ഭാഷകൾ അനവധി ഉണ്ടു; അവയിൽ ഒന്നും തെളിവില്ലാത്തതല്ല.
11
ഞാൻ ഭാഷ അറിയാഞ്ഞാൽ സംസാരിക്കുന്നവന്നു ഞാൻ ബൎബ്ബരൻ ആയിരിക്കും; സംസാരിക്കുന്നവൻ എനിക്കും ബൎബ്ബരൻ ആയിരിക്കും.
12
അവ്വണ്ണം നിങ്ങളും ആത്മവരങ്ങളെക്കുറിച്ചു വാഞ്ഛയുള്ളവരാകയാൽ സഭയുടെ ആത്മിക വൎദ്ധനെക്കായി സഫലന്മാർ ആകുവാൻ ശ്രമിപ്പിൻ.
13
അതുകൊണ്ടു അന്യഭാഷയിൽ സംസാരിക്കുന്നവൻ വ്യാഖ്യാനവരത്തിന്നായി പ്രാൎത്ഥിക്കട്ടെ.
14
ഞാൻ അന്യഭാഷയിൽ പ്രാൎത്ഥിക്കുന്നു എങ്കിൽ എന്റെ ആത്മാവു പ്രാൎത്ഥിക്കുന്നു; എന്റെ ബുദ്ധിയോ അഫലമായിരിക്കുന്നു.
15
ആകയാൽ എന്തു? ഞാൻ ആത്മാവുകൊണ്ടു പ്രാൎത്ഥിക്കും; ബുദ്ധികൊണ്ടും പ്രാൎത്ഥിക്കും; ആത്മാവുകൊണ്ടു പാടും; ബുദ്ധികൊണ്ടും പാടും.
16
അല്ല, നീ ആത്മാവുകൊണ്ടു സ്തോത്രം ചൊല്ലിയാൽ ആത്മവരമില്ലാത്തവൻ നീ പറയുന്നതു തിരിയാതിരിക്കെ നിന്റെ സ്തോത്രത്തിന്നു എങ്ങനെ ആമേൻ പറയും?
Settings

Reading Style

Typeface

Font Size 19px

Options