1 ദിനവൃത്താന്തം 19:1-7
1
അതിന്റെ ശേഷം അമ്മോന്യരുടെ രാജാവായ നാഹാശ് മരിച്ചു; അവന്റെ മകൻ അവന്നു പകരം രാജാവായി.
2
അപ്പോൾ ദാവീദ്: നാഹാശ് എനിക്കു ദയ കാണിച്ചതു കൊണ്ടു അവന്റെ മകനായ ഹാനൂന്നു ഞാനും ദയ കാണിക്കും എന്നു പറഞ്ഞു. അങ്ങനെ അവന്റെ അപ്പനെക്കുറിച്ചു അവനോടു ആശ്വാസവാക്കു പറവാൻ ദാവീദ് ദൂതന്മാരെ അയച്ചു. ദാവീദിന്റെ ദൂതന്മാർ അമ്മോന്യരുടെ ദേശത്തു ഹാനൂന്റെ അടുക്കൽ അവനെ ആശ്വസിപ്പിപ്പാൻ വന്നപ്പോൾ
3
അമ്മോന്യപ്രഭുക്കന്മാർ ഹാനൂനോടു: ദാവീദ് നിന്റെ അപ്പനെ ബഹുമാനിച്ചിട്ടാകുന്നു നിന്റെ അടുക്കൽ ആശ്വസിപ്പിക്കുന്നവരെ അയച്ചിരിക്കുന്നതു എന്നു നിനക്കു തോന്നുന്നുവോ? ദേശത്തെ പരിശോധിപ്പാനും മുടിപ്പാനും ഒറ്റുനോക്കുവാനും അല്ലയോ അവന്റെ ഭൃത്യന്മാർ നിന്റെ അടുക്കൽ വന്നിരിക്കുന്നതു എന്നു പറഞ്ഞു.
4
അപ്പോൾ ഹാനൂൻ ദാവീദിന്റെ ഭൃത്യന്മാരെ പിടിച്ചു ക്ഷൌരം ചെയ്യിച്ചു അവരുടെ അങ്കികളെ നടുവിൽ ആസനംവരെ മുറിച്ചുകളഞ്ഞു വിട്ടയച്ചു.
5
ചിലർ ചെന്നു ആ പുരുഷന്മാരുടെ വസ്തുത ദാവീദിനെ അറിയിച്ചു; അവർ ഏറ്റവും ലജ്ജിച്ചിരിക്കയാൽ അവൻ അവരെ എതിരേല്പാൻ ആളയച്ചു; നിങ്ങളുടെ താടി വളരുന്നതുവരെ യെരീഹോവിൽ പാൎത്തിട്ടു മടങ്ങിവരുവിൻ എന്നു രാജാവു പറയിച്ചു.
6
തങ്ങൾ ദാവീദിന്നു വെറുപ്പായി എന്നു അമ്മോന്യർ കണ്ടപ്പോൾ ഹാനൂനും അമ്മോന്യരും മെസൊപൊതാമ്യയിൽനിന്നും മയഖയോടു ചേൎന്ന അരാമിൽനിന്നും സോബയിൽനിന്നും രഥങ്ങളെയും കുതിരപ്പടയാളികളെയും ആയിരം താലന്ത് വെള്ളി കൊടുത്തു കൂലിക്കു വാങ്ങി.
7
അവർ മുപ്പത്തീരായിരം രഥങ്ങളെയും മയഖാരാജാവിനെയും അവന്റെ പടജ്ജനത്തെയും കൂലിക്കു വാങ്ങി; അവർ വന്നു മെദേബെക്കു മുമ്പിൽ പാളയമിറങ്ങി; അമ്മോന്യരും അവരുടെ പട്ടണങ്ങളിൽനിന്നു വന്നുകൂടി പടെക്കു പുറപ്പെട്ടു.
Settings