Skip to content

Laban സംബന്ധിച്ച ബൈബിൾ വാക്യങ്ങൾ: Jacob becomes his servant

23 വാക്യങ്ങൾ · 7 വശങ്ങൾ

Jacob becomes his servant സംബന്ധിച്ച വാക്യങ്ങൾ

  1. പിന്നെ ലാബാൻ യാക്കോബിനോടു: നീ എന്റെ സഹോദരനാകകൊണ്ടു വെറുതെ എന്നെ സേവിക്കേണമോ? നിനക്കു എന്തു പ്രതിഫലം വേണം? എന്നോടു പറക എന്നു പറഞ്ഞു.

  2. എന്നാൽ ലാബാന്നു രണ്ടു പുത്രിമാർ ഉണ്ടായിരുന്നു: മൂത്തവൾക്കു ലേയാ എന്നും ഇളയവൾക്കു റാഹേൽ എന്നും പേർ.

  3. ലേയയുടെ കണ്ണു ശോഭ കുറഞ്ഞതായിരുന്നു; റാഹേലോ സുന്ദരിയും മനോഹരരൂപിണിയും ആയിരുന്നു.

  4. യാക്കോബ് റാഹേലിനെ സ്നേഹിച്ചു; നിന്റെ ഇളയമകൾ റാഹേലിന്നു വേണ്ടി ഞാൻ ഏഴു സംവത്സരം നിന്നെ സേവിക്കാം എന്നു പറഞ്ഞു.

  5. അതിന്നു ലാബാൻ: ഞാൻ അവളെ അന്യപുരുഷന്നു കൊടുക്കുന്നതിലും നിനക്കു തരുന്നതു നല്ലതു; എന്നോടുകൂടെ പാൎക്ക എന്നു പറഞ്ഞു.

  6. അങ്ങനെ യാക്കോബ് റാഹേലിന്നു വേണ്ടി ഏഴു സംവത്സരം സേവ ചെയ്തു; അവൻ അവളെ സ്നേഹിക്കകൊണ്ടു അതു അവന്നു അല്പകാലംപോലെ തോന്നി.

  7. ലാബാൻ അവനോടു: നിനക്കു എന്നോടു ദയ ഉണ്ടെങ്കിൽ പോകരുതേ; നിന്റെ നിമിത്തം യഹോവ എന്നെ അനുഗ്രഹിച്ചു എന്നു എനിക്കു ബോദ്ധ്യമായിരിക്കുന്നു.

  8. നിനക്കു എന്തു പ്രതിഫലം വേണം എന്നു പറക; ഞാൻ തരാം എന്നു പറഞ്ഞു.

  9. അവൻ അവനോടു: ഞാൻ നിന്നെ എങ്ങനെ സേവിച്ചു എന്നും നിന്റെ ആട്ടിൻകൂട്ടം എന്റെ പക്കൽ എങ്ങനെ ഇരുന്നു എന്നും നീ അറിയുന്നു.

  10. ഞാൻ വരുംമുമ്പെ നിനക്കു അല്പമേ ഉണ്ടായിരുന്നുള്ളു; ഇപ്പോൾ അതു അത്യന്തം വൎദ്ധിച്ചിരിക്കുന്നു; ഞാൻ കാൽ വെച്ചേടത്തൊക്കെയും യഹോവ നിന്നെ അനുഗ്രഹിച്ചിരിക്കുന്നു. ഇനി എന്റെ സ്വന്തഭവനത്തിന്നുവേണ്ടി ഞാൻ എപ്പോൾ കരുതും എന്നും പറഞ്ഞു.

  11. ഞാൻ നിനക്കു എന്തു തരേണം എന്നു അവൻ ചോദിച്ചതിന്നു യാക്കോബ് പറഞ്ഞതു: നീ ഒന്നും തരേണ്ടാ; ഈ കാൎയ്യം നീ ചെയ്തുതന്നാൽ ഞാൻ നിന്റെ ആട്ടിൻ കൂട്ടത്തെ ഇനിയും മേയിച്ചു പാലിക്കാം.

  12. ഞാൻ ഇന്നു നിന്റെ എല്ലാകൂട്ടങ്ങളിലും കൂടി കടന്നു, അവയിൽനിന്നു പുള്ളിയും മറുവുമുള്ള ആടുകളെ ഒക്കെയും ചെമ്മരിയാടുകളിൽ കറുത്തതിനെയൊക്കെയും കോലാടുകളിൽ പുള്ളിയും മറുവുമുള്ളതിനെയും വേർതിരിക്കാം; അതു എന്റെ പ്രതിഫലമായിരിക്കട്ടെ.

  13. നാളെ ഒരിക്കൽ എന്റെ പ്രതിഫലം സംബന്ധിച്ചു നീ നോക്കുവാൻ വരുമ്പോൾ എന്റെ നീതി തെളിവായിരിക്കും; കോലാടുകളിൽ പുള്ളിയും മറുവുമില്ലാത്തതും ചെമ്മരിയാടുകളിൽ കറുത്തനിറമില്ലാത്തതും എല്ലാം മോഷ്ടിച്ചതായി എണ്ണാം.

  14. അതിന്നു ലാബാൻ: നീ പറഞ്ഞതുപോലെ ആകട്ടെ എന്നു പറഞ്ഞു.

  15. അന്നു തന്നേ അവൻ വരയും മറുവുമുള്ള മുട്ടാടുകളെയും പുള്ളിയും മറുവുമുള്ള പെൺകോലാടുകളെ ഒക്കെയും വെണ്മയുള്ളതിനെ ഒക്കെയും ചെമ്മരിയാടുകളിൽ കറുത്തനിറമുള്ളതിനെ ഒക്കെയും വേർതിരിച്ചു അവന്റെ പുത്രന്മാരുടെ കയ്യിൽ ഏല്പിച്ചു.

  16. അവൻ തനിക്കും യാക്കോബിന്നും ഇടയിൽ മൂന്നു ദിവസത്തെ വഴിയകലം വെച്ചു; ലാബാന്റെ ശേഷമുള്ള ആട്ടിൻകൂട്ടങ്ങളെ യാക്കോബ് മേയിച്ചു.

  17. എന്നാൽ യാക്കോബ് പുന്നവൃക്ഷത്തിന്റെയും ബദാംവൃക്ഷത്തിന്റെയും അരിഞ്ഞിൽവൃക്ഷത്തിന്റെയും പച്ചക്കൊമ്പുകളെ എടുത്തു അവയിൽ വെള്ള കാണത്തക്കവണ്ണം വെള്ളവരയായി തോലുരിച്ചു.

  18. ആടുകൾ കുടിപ്പാൻ വന്നപ്പോൾ അവൻ, താൻ തോലുരിച്ച കൊമ്പുകളെ പാത്തികളിലും വെള്ളം പകരുന്ന തൊട്ടികളിലും ആടുകളുടെ മുമ്പിൽ വെച്ചു; അവ വെള്ളം കുടിപ്പാൻ വന്നപ്പോൾ ചനയേറ്റു.

  19. ആടുകൾ കൊമ്പുകളെ കണ്ടുകൊണ്ടു ചനയേറ്റു വരയും പുള്ളിയും മറുവുമുള്ള കുട്ടികളെ പെറ്റു.

  20. ആ ആട്ടിൻകുട്ടികളെ യാക്കോബ് വേർതിരിച്ചു ആടുകളെ ലാബാന്റെ ആടുകളിൽ വരയും മറുവുമുള്ള എല്ലാറ്റിന്നും അഭിമുഖമായി നിൎത്തി; തന്റെ സ്വന്തകൂട്ടങ്ങളെ ലാബാന്റെ ആടുകളോടു ചേൎക്കാതെ വേറെയാക്കി.

  21. ബലമുള്ള ആടുകൾ ചനയേല്ക്കുമ്പോഴൊക്കെയും കൊമ്പുകളെ കണ്ടുകൊണ്ടു ചനയേൽക്കേണ്ടതിന്നു യാക്കോബ് ആ കൊമ്പുകളെ പാത്തികളിൽ ആടുകളുടെ കണ്ണിന്നു മുമ്പിൽ വെച്ചു.

  22. ബലമില്ലാത്ത ആടുകൾ ചനയേല്ക്കുമ്പോൾ അവയെ വെച്ചില്ല; അങ്ങനെ ബലമില്ലാത്തവ ലാബാന്നും ബലമുള്ളവ യാക്കോബിന്നും ആയിത്തീൎന്നു.

  23. അവൻ മഹാസമ്പന്നനായി അവന്നു വളരെ ആടുകളും ദാസീദാസന്മാരും ഒട്ടകങ്ങളും കഴുതകളും ഉണ്ടാകയും ചെയ്തു.