സങ്കീര്‍ത്തനങ്ങള്‍ 73:3-19
3
ദുഷ്ടന്മാരുടെ സൌഖ്യം കണ്ടിട്ടു എനിക്കു അഹങ്കാരികളോടു അസൂയ തോന്നി.
4
അവൎക്കു വേദന ഒട്ടുമില്ലല്ലോ; അവരുടെ ദേഹം തടിച്ചുരുണ്ടിരിക്കുന്നു.
5
അവർ മൎത്യരെപ്പോലെ കഷ്ടത്തിൽ ആകുന്നില്ല; മറ്റു മനുഷ്യരെപ്പോലെ ബാധിക്കപ്പെടുന്നതുമില്ല.
6
ആകയാൽ ഡംഭം അവൎക്കു മാലയായിരിക്കുന്നു; ബലാല്ക്കാരം വസ്ത്രംപോലെ അവരെ ചുറ്റിയിരിക്കുന്നു.
7
അവരുടെ കണ്ണുകൾ പുഷ്ടികൊണ്ടു ഉന്തിനില്ക്കുന്നു; അവരുടെ ഹൃദയത്തിലെ നിരൂപണങ്ങൾ കവിഞ്ഞൊഴുകുന്നു.
8
അവർ പരിഹസിച്ചു ദുഷ്ടതയോടെ ഭീഷണി പറയുന്നു; ഉന്നതഭാവത്തോടെ സംസാരിക്കുന്നു.
9
അവർ വായ് ആകാശത്തോളം ഉയൎത്തുന്നു; അവരുടെ നാവു ഭൂമിയിൽ സഞ്ചരിക്കുന്നു.
10
അതുകൊണ്ടു അവൻതന്റെ ജനത്തെ ഇതിലേക്കു തിരിക്കുന്നു; അവർ ധാരാളം വെള്ളം വലിച്ചുകുടിക്കുന്നു.
11
ദൈവം എങ്ങനെ അറിയുന്നു? അത്യുന്നതന്നു അറിവുണ്ടോ? എന്നു അവർ പറയുന്നു.
12
ഇങ്ങനെ ആകുന്നു ദുഷ്ടന്മാർ; അവർ നിത്യം സ്വസ്ഥത അനുഭവിച്ചു സമ്പത്തു വൎദ്ധിപ്പിക്കുന്നു.
13
എന്നാൽ ഞാൻ എന്റെ ഹൃദയത്തെ ശുദ്ധീകരിച്ചതും എന്റെ കൈകളെ കുറ്റമില്ലായ്മയിൽ കഴുകിയതും വ്യൎത്ഥമത്രേ.
14
ഞാൻ ഇടവിടാതെ ബാധിതനായിരുന്നു; ഉഷസ്സുതോറും ദണ്ഡിക്കപ്പെട്ടും ഇരുന്നു.
15
ഞാൻ ഇങ്ങനെ സംസാരിപ്പാൻ വിചാരിച്ചെങ്കിൽ ഇതാ, ഞാൻ നിന്റെ മക്കളുടെ തലമുറയോടു ദ്രോഹം ചെയ്യുമായിരുന്നു.
16
ഞാൻ ഇതു ഗ്രഹിപ്പാൻ നിരൂപിച്ചപ്പോൾ എനിക്കു പ്രയാസമായി തോന്നി;
17
ഒടുവിൽ ഞാൻ ദൈവത്തിന്റെ വിശുദ്ധ മന്ദിരത്തിൽ ചെന്നു അവരുടെ അന്തം എന്താകും എന്നു ചിന്തിച്ചു.
18
നിശ്ചയമായി നീ അവരെ വഴുവഴുപ്പിൽ നിൎത്തുന്നു; നീ അവരെ നാശത്തിൽ തള്ളിയിടുന്നു.
19
എത്ര ക്ഷണത്തിൽ അവർ ശൂന്യമായ്പോയി! അവർ മെരുൾചകളാൽ അശേഷം മുടിഞ്ഞുപോയിരിക്കുന്നു.
Settings