മര്ക്കൊസ് 12:28-37
28
ശാസ്ത്രിമാരിൽ ഒരുവൻ അടുത്തുവന്നു അവർ തമ്മിൽ തൎക്കിക്കുന്നതു കേട്ടു അവൻ അവരോടു നല്ലവണ്ണം ഉത്തരം പറഞ്ഞപ്രകാരം ബോധിച്ചിട്ടു: എല്ലാറ്റിലും മുഖ്യകല്പന ഏതു എന്നു അവനോടു ചോദിച്ചു. അതിന്നു യേശു:
29
എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കൎത്താവു ഏകകൎത്താവു.
30
നിന്റെ ദൈവമായ കൎത്താവിനെ നീ പൂൎണ്ണഹൃദയത്തോടും പൂൎണ്ണാത്മാവോടും പൂൎണ്ണമനസ്സോടും പൂൎണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം” എന്നു ആകുന്നു.
31
രണ്ടാമത്തേതോ: “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം” എന്നത്രേ; ഇവയിൽ വലുതായിട്ടു മറ്റൊരു കല്പനയും എല്ല എന്നു ഉത്തരം പറഞ്ഞു.
32
ശാസ്ത്രി അവനോടു: നന്നു, ഗുരോ, നീ പറഞ്ഞതു സത്യം തന്നേ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല.
33
അവനെ പൂൎണ്ണഹൃദയത്തോടും പൂൎണ്ണമനസ്സോടും പൂൎണ്ണശക്തിയോടുംകൂടെ സ്നേഹിക്കുന്നതും തന്നെപ്പോലെ കൂട്ടുകാരനെ സ്നേഹിക്കുന്നതും സകലസൎവ്വാംഗഹോമങ്ങളെക്കാളും യാഗങ്ങളെക്കാളും സാരമേറിയതു തന്നേ എന്നു പറഞ്ഞു.
34
അവൻ ബുദ്ധിയോടെ ഉത്തരം പറഞ്ഞു എന്നു യേശു കണ്ടിട്ടു: നീ ദൈവരാജ്യത്തോടു അകന്നവനല്ല എന്നു പറഞ്ഞു. അതിന്റെ ശേഷം അവനോടു ആരും ഒന്നും ചോദിപ്പാൻ തുനിഞ്ഞില്ല.
35
യേശു ദൈവാലയത്തിൽ ഉപദേശിച്ചുകൊണ്ടു പറഞ്ഞുതുടങ്ങിയതു: ക്രിസ്തു ദാവീദിന്റെ പുത്രൻ എന്നു ശാസ്ത്രിമാർ പറയുന്നതു എങ്ങനെ?
36
“കൎത്താവു എന്റെ കൎത്താവിനോടു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളം എന്റെ വലത്തുഭാഗത്തിരിക്ക എന്നു അരുളിച്ചെയ്തു” എന്നു ദാവീദ് താൻ പരിശുദ്ധാത്മാവിലായി പറയുന്നു.
37
ദാവീദ് തന്നേ അവനെ കൎത്താവു എന്നു പറയുന്നവല്ലോ; പിന്നെ അവന്റെ പുത്രൻ ആകുന്നതു എങ്ങനെ? എന്നാൽ വലിയ പുരുഷാരം അവന്റെ വാക്കു സന്തോഷത്തോടെ കേട്ടുപോന്നു.
ബൈബിൾ പാഠം: Sathyavedapusthakam 1910, contemporary orthography · Malayalam Bible 1910 – Revised and in Contemporary Orthography, © 2015 The Free Bible Foundation · CC BY-SA 4.0