ലൂക്കൊസ് 19:14-38
14
അവന്റെ പൌരന്മാരോ അവനെ പകെച്ചു അവന്റെ പിന്നൊലെ പ്രതിനിധികളെ അയച്ചു: അവൻ ഞങ്ങൾക്കു രാജാവായിരിക്കുന്നതു ഞങ്ങൾക്കു സമ്മതമല്ല എന്നു ബോധിപ്പിച്ചു.
15
അവൻ രാജത്വം പ്രാപിച്ചു മടങ്ങി വന്നപ്പോൾ താൻ ദ്രവ്യം കൊടുത്തിരുന്ന ദാസന്മാർ വ്യാപാരം ചെയ്തു എന്തു നേടി എന്നു അറിയേണ്ടതിന്നു അവരെ വിളിപ്പാൻ കല്പിച്ചു.
16
ഒന്നാമത്തവൻ അടുത്തു വന്നു; കൎത്താവേ, നീ തന്ന റാത്തൽകൊണ്ടു പത്തുറാത്തൽ സമ്പാദിച്ചിരിക്കുന്നു എന്നുപറഞ്ഞു.
17
അവൻ അവനോടു: നന്നു നല്ല ദാസനേ, നീ അത്യല്പത്തിൽ വിശ്വസ്തൻ ആയതുകൊണ്ടു പത്തു പട്ടണത്തിന്നു അധികാരമുള്ളവൻ ആയിരിക്ക എന്നു കല്പിച്ചു.
18
രണ്ടാമത്തവൻ വന്നു: കൎത്താവേ, നീ തന്ന റാത്തൽകൊണ്ടു അഞ്ചു റാത്തൽ സമ്പാദിച്ചിരിക്കുന്നു എന്നു പറഞ്ഞു.
19
നീയും അഞ്ചു പട്ടണത്തിന്നു മേൽവിചാരകൻ ആയിരിക്ക എന്നു അവൻ അവനോടു കല്പിച്ചു.
20
മറ്റൊരുവൻ വന്നു: കൎത്താവേ, ഇതാ നിന്റെ റാത്തൽ; ഞാൻ അതു ഒരു ഉറുമാലിൽ കെട്ടി വെച്ചിരുന്നു.
21
നീ വെക്കാത്തതു എടുക്കുകയും വിതെക്കാത്തതു കൊയ്കയും ചെയ്യുന്ന കഠിനമനുഷ്യൻ ആകകൊണ്ടു ഞാൻ നിന്നെ ഭയപ്പെട്ടു എന്നു പറഞ്ഞു.
22
അവൻ അവനോടു: ദുഷ്ടദാസനേ, നിന്റെ വായിൽ നിന്നു തന്നേ ഞാൻ നിന്നെ ന്യായം വിധിക്കും. ഞാൻ വെക്കാത്തതു എടുക്കയും വിതെക്കാത്തതു കൊയ്കയും ചെയ്യുന്ന കഠിനമനുഷ്യൻ എന്നു നീ അറിഞ്ഞുവല്ലോ.
23
ഞാൻ വന്നു എന്റെ ദ്രവ്യം പലിശയോടുകൂടെ വാങ്ങിക്കൊള്ളേണ്ടതിന്നു അതു നാണ്യപീഠത്തിൽ ഏല്പിക്കാഞ്ഞതു എന്തു?
24
പിന്നെ അവൻ അരികെ നില്ക്കുന്നവരോടു: ആ റാത്തൽ അവന്റെ പക്കൽ നിന്നു എടുത്തു പത്തു റാത്തലുള്ളവന്നു കൊടുപ്പിൻ എന്നു പറഞ്ഞു.
25
കൎത്താവേ, അവന്നു പത്തു റാത്തൽ ഉണ്ടല്ലോ എന്നു അവൻ പറഞ്ഞു.
26
ഉള്ളവന്നു ഏവന്നു കൊടുക്കും ഇല്ലാത്തവനോടു ഉള്ളതുംകൂടെ എടുത്തു കളയും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
27
എന്നാൽ ഞാൻ തങ്ങൾക്കു രാജാവായിരിക്കുന്നതു സമ്മതമില്ലാത്ത ശത്രുക്കളായവരെ ഇവിടെ കൊണ്ടുവന്നു എന്റെ മുമ്പിൽവെച്ചു കൊന്നുകളവിൻ എന്നു അവൻ കല്പിച്ചു.
28
ഇതു പറഞ്ഞിട്ടു അവൻ മുമ്പായി നടന്നുകൊണ്ടു യെരൂശലേമിലേക്കു യാത്ര ചെയ്തു.
29
അവൻ ഒലീവ് മലയരികെ ബേത്ത്ഫാഗെക്കും ബേഥാന്യെക്കും സമീപിച്ചപ്പോൾ ശിഷ്യന്മാരിൽ രണ്ടുപേരെ അയച്ചു:
30
നിങ്ങൾക്കു എതിരെയുള്ള ഗ്രാമത്തിൽ ചെല്ലുവിൻ; അതിൽ കടക്കുമ്പോൾ ആരും ഒരിക്കലും കയറീട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കാണും; അതിനെ അഴിച്ചു കൊണ്ടുവരുവിൻ.
31
അതിനെ അഴിക്കുന്നതു എന്തു എന്നു ആരെങ്കിലും നിങ്ങളോടു ചോദിച്ചാൽ: കൎത്താവിന്നു ഇതിനെക്കൊണ്ടു ആവശ്യം ഉണ്ടു എന്നു പറവിൻ എന്നു പറഞ്ഞു.
32
അയക്കപ്പെട്ടവർ പോയി തങ്ങളോടു പറഞ്ഞതുപോലെ കണ്ടു.
33
കഴുതക്കുട്ടിയെ അഴിക്കുമ്പോൾ അതിന്റെ ഉടയവർ: കഴുതക്കുട്ടിയെ അഴിക്കന്നതു എന്തു എന്നു ചോദിച്ചതിന്നു:
34
കൎത്താവിനു ഇതിനെക്കൊണ്ടു ആവശ്യം ഉണ്ടു എന്നു അവർ പറഞ്ഞു.
35
അതിനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം കഴുതക്കുട്ടിമേൽ ഇട്ടു യേശുവിനെ കയറ്റി.
36
അവൻ പോകുമ്പോൾ അവർ തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു.
37
അവൻ ഒലീവുമലയുടെ ഇറക്കത്തിന്നു അടുത്തപ്പോൾ ശിഷ്യന്മാരുടെ കൂട്ടം എല്ലാം തങ്ങൾ കണ്ട സകല വീൎയ്യപ്രവൃത്തികളെയും കുറിച്ചു സന്തോഷിച്ചു അത്യുച്ചത്തിൽ ദൈവത്തെ പുകഴ്ത്തി:
38
കൎത്താവിന്റെ നാമത്തിൽ വരുന്ന രാജാവു വാഴ്ത്തപ്പെട്ടവൻ; സ്വൎഗ്ഗത്തിൽ സമാധാനവും അത്യുന്നതങ്ങളിൽ മഹത്വവും എന്നു പറഞ്ഞു.
Settings