ലൂക്കൊസ് 1:39-56
39
ആ നാളുകളിൽ മറിയ എഴുന്നേറ്റു മല നാട്ടിൽ ഒരു യെഹൂദ്യപട്ടണത്തിൽ ബദ്ധപ്പെട്ടു ചെന്നു,
40
സെഖൎയ്യാവിന്റെ വീട്ടിൽ എത്തി എലീശബെത്തിനെ വന്ദിച്ചു.
41
മറിയയുടെ വന്ദനം എലീശബെത്ത് കേട്ടപ്പോൾ പിള്ള അവളുടെ ഗൎഭത്തിൽ തുള്ളി; എലീശബെത്ത് പരിശുദ്ധാത്മാവു നിറഞ്ഞവളായി,
42
ഉച്ചത്തിൽ വിളിച്ചു പറഞ്ഞതു: സ്ത്രീകളിൽ നീ അനുഗ്രഹിക്കപ്പെട്ടവൾ; നിന്റെ ഗൎഭ ഫലവും അനുഗ്രഹിക്കപ്പെട്ടതു.
43
എന്റെ കൎത്താവിന്റെ മാതാവു എന്റെ അടുക്കൽ വരുന്ന മാനം എനിക്കു എവിടെ നിന്നു ഉണ്ടായി.
44
നിന്റെ വന്ദനസ്വരം എന്റെ ചെവിയിൽ വീണപ്പോൾ പിള്ള എന്റെ ഗൎഭത്തിൽ ആനന്ദംകൊണ്ടു തുള്ളി.
45
കൎത്താവു തന്നോടു അരുളിച്ചെയ്തതിന്നു നിവൃത്തിയുണ്ടാകും എന്നു വിശ്വസിച്ചവൾ ഭാഗ്യവതി.
46
അപ്പോൾ മറിയ പറഞ്ഞതു: “എന്റെ ഉള്ളം കൎത്താവിനെ മഹിമപ്പെടുത്തുന്നു;
47
എന്റെ ആത്മാവു എന്റെ രക്ഷിതാവായ ദൈവത്തിൽ ഉല്ലസിക്കുന്നു.
48
അവൻ തന്റെ ദാസിയുടെ താഴ്ച കടാക്ഷിച്ചിരിക്കുന്നുവല്ലോ; ഇന്നുമുതൽ എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്നു വാഴ്ത്തും.
49
ശക്തനായവൻ എനിക്കു വലിയവ ചെയ്തിരിക്കുന്നു; അവന്റെ നാമം പരിശുദ്ധം തന്നേ.
50
അവനെ ഭയപ്പെടുന്നവൎക്കു അവന്റെ കരുണ തലമുറതലമുറയോളം ഇരിക്കുന്നു.
51
തന്റെ ഭുജംകൊണ്ടു അവൻ ബലം പ്രവൎത്തിച്ചു, ഹൃദയവിചാരത്തിൽ അഹങ്കരിക്കുന്നവരെ ചിതറിച്ചിരിക്കുന്നു.
52
പ്രഭുക്കന്മാരെ സിംഹാസനങ്ങളിൽ നിന്നു ഇറക്കി താണവരെ ഉയൎത്തിയിരിക്കുന്നു.
53
വിശന്നിരിക്കുന്നവരെ നന്മകളാൽ നിറെച്ചു, സമ്പന്നന്മാരെ വെറുതെ അയച്ചു കളഞ്ഞിരിക്കുന്നു.
54
നമ്മുടെ പിതാക്കന്മാരോടു അരുളിച്ചെയ്തതുപോലെ അബ്രാഹാമിന്നും അവന്റെ സന്തതിക്കും എന്നേക്കും കരുണ ഓൎക്കേണ്ടതിന്നു,
55
തന്റെ ദാസനായ യിസ്രായേലിനെ തുണെച്ചിരിക്കുന്നു.”
56
മറിയ ഏകദേശം മൂന്നു മാസം അവളോടു കൂടെ പാൎത്തിട്ടു വീട്ടിലേക്കു മടങ്ങിപ്പോയി.
Settings