ന്യായാധിപന്മാര്‍ 9:1-21
1
അനന്തരം യെരുബ്ബാലിന്റെ മകനായ അബീമേലെക്ക് ശെഖേമിൽ തന്റെ അമ്മയുടെ സഹോദരന്മാരുടെ അടുക്കൽ ചെന്നു അവരോടും തന്റെ അമ്മയുടെ പിതൃഭവനമായ സൎവ്വകുടുംബത്തോടും സംസാരിച്ചു:
2
യെരുബ്ബാലിന്റെ എഴുപതു പുത്രന്മാരുംകൂടെ നിങ്ങളെ ഭരിക്കുന്നതോ ഒരുത്തൻ നിങ്ങളെ ഭരിക്കുന്നതോ നിങ്ങൾക്കു ഏതു നല്ലതു? ഞാൻ നിങ്ങളുടെ അസ്ഥിയും മാംസവും ആകുന്നു എന്നു ഓൎത്തുകൊൾവിൻ എന്നു ശെഖേമിലെ സകലപൌരന്മാരോടും പറവിൻ എന്നു പറഞ്ഞു.
3
അങ്ങനെ അവന്റെ അമ്മയുടെ സഹോദരന്മാർ ശെഖേമിലെ സകലപൌരന്മാരോടും ഈ വാക്കുകളൊക്കെയും അവന്നു വേണ്ടി സംസാരിച്ചപ്പോൾ അവരുടെ ഹൃദയം അബീമേലെക്കിങ്കൽ ചാഞ്ഞു: അവൻ നമ്മുടെ സഹോദരനല്ലോ എന്നു അവർ പറഞ്ഞു.
4
പിന്നെ അവർ ബാൽബെരീത്തിന്റെ ക്ഷേത്രത്തിൽനിന്നു എഴുപതു വെള്ളിക്കാശു എടുത്തു അവന്നു കൊടുത്തു; അതിനെക്കൊണ്ടു അബീമേലെക്ക് തുമ്പുകെട്ടവരും നിസ്സാരന്മാരുമായ ആളുകളെ കൂലിക്കു വാങ്ങി അവൎക്കു നായകനായ്തീൎന്നു.
5
അവൻ ഒഫ്രയിൽ തന്റെ അപ്പന്റെ വീട്ടിൽ ചെന്നു യെരുബ്ബാലിന്റെ പുത്രന്മാരായി തന്റെ സഹോദരന്മാരായ എഴുപതുപേരെയും ഒരു കല്ലിന്മേൽ വെച്ചു കൊന്നു; എന്നാൽ യെരുബ്ബാലിന്റെ ഇളയമകനായ യോഥാം ഒളിച്ചുകളഞ്ഞതുകൊണ്ടു ശേഷിച്ചു.
6
അതിന്റെ ശേഷം ശെഖേമിലെ സകലപൌരന്മാരും മില്ലോഗൃഹമൊക്കെയും ഒരുമിച്ചുകൂടി ചെന്നു ശെഖേമിലെ ജ്ഞാപകസ്തംഭത്തിന്നരികെയുള്ള കരുവേലകത്തിങ്കൽവെച്ചു അബീമേലെക്കിനെ രാജാവാക്കി.
7
ഇതിനെക്കുറിച്ചു യോഥാമിന്നു അറിവു കിട്ടിയപ്പോൾ അവൻ ഗെരിസ്സീംമലമുകളിൽ ചെന്നു ഉച്ചത്തിൽ അവരോടു വിളിച്ചുപറഞ്ഞതെന്തെന്നാൽ: ശെഖേംപൌരന്മാരേ, ദൈവം നിങ്ങളുടെ സങ്കടം കേൾക്കേണ്ടതിന്നു നിങ്ങൾ എന്റെ സങ്കടം കേൾപ്പിൻ.
8
പണ്ടൊരിക്കൽ വൃക്ഷങ്ങൾ തങ്ങൾക്കു ഒരു രാജാവിനെ അഭിഷേകം ചെയ്‌വാൻ പോയി; അവ ഒലിവുവൃക്ഷത്തോടു: നീ ഞങ്ങൾക്കു രാജാവായിരിക്ക എന്നു പറഞ്ഞു.
9
അതിന്നു ഒലിവുവൃക്ഷം: ദൈവവും മനുഷ്യരും എന്നെ പുകഴ്ത്തുവാൻ ഹേതുവായിരിക്കുന്ന എന്റെ പുഷ്ടി ഞാൻ ഉപേക്ഷിച്ചു വൃക്ഷങ്ങളുടെമേൽ ആടുവാൻ പോകുമോ എന്നു പറഞ്ഞു.
10
പിന്നെ വൃക്ഷങ്ങൾ അത്തിവൃക്ഷത്തോടു: നീ വന്നു ഞങ്ങൾക്കു രാജാവായിരിക്ക എന്നു പറഞ്ഞു.
11
അതിന്നു അത്തിവൃക്ഷം: എന്റെ മധുരവും വിശേഷപ്പെട്ട പഴവും ഞാൻ ഉപേക്ഷിച്ചു വൃക്ഷങ്ങളുടെ മേൽ ആടുവാൻ പോകുമോ എന്നു പറഞ്ഞു.
12
പിന്നെ വൃക്ഷങ്ങൾ മുന്തിരിവള്ളിയോടു: നീ വന്നു ഞങ്ങൾക്കു രാജാവായിരിക്ക എന്നു പറഞ്ഞു.
13
മുന്തിരിവള്ളി അവയോടു: ദൈവത്തെയും മനുഷ്യനെയും ആനന്ദിപ്പിക്കുന്ന എന്റെ രസം ഞാൻ ഉപേക്ഷിച്ചു വൃക്ഷങ്ങളുടെമേൽ ആടുവാൻ പോകുമോ എന്നു പറഞ്ഞു.
14
പിന്നെ വൃക്ഷങ്ങളെല്ലാംകൂടെ മുൾപടൎപ്പിനോടു: നീ വന്നു ഞങ്ങൾക്കു രാജാവായിരിക്ക എന്നു പറഞ്ഞു.
15
മുൾപടൎപ്പു വൃക്ഷങ്ങളോടു: നിങ്ങൾ യഥാൎത്ഥമായി എന്നെ നിങ്ങൾക്കു രാജാവായി അഭിഷേകം ചെയ്യുന്നു എങ്കിൽ വന്നു എന്റെ നിഴലിൽ ആശ്രയിപ്പിൻ; അല്ലെങ്കിൽ മുൾപടൎപ്പിൽനിന്നു തീ പുറപ്പെട്ടു ലെബാനോനിലെ ദേവദാരുക്കളെ ദഹിപ്പിക്കട്ടെ എന്നു പറഞ്ഞു.
16
നിങ്ങൾ ഇപ്പോൾ അബീമേലെക്കിനെ രാജാവാക്കിയതിൽ വിശ്വസ്തതയും പരമാൎത്ഥതയുമാകുന്നുവോ പ്രവൎത്തിച്ചതു? നിങ്ങൾ യെരുബ്ബാലിനോടും അവന്റെ കുടുംബത്തോടും നന്മയാകുന്നുവോ ചെയ്തതു? അവന്റെ പ്രവൃത്തിയുടെ യോഗ്യതെക്കു തക്കവണ്ണമോ അവനോടു പ്രവൎത്തിച്ചതു?
17
എന്റെ അപ്പൻ തന്റെ ജീവനെ ഗണ്യമാക്കാതെ നിങ്ങൾക്കു വേണ്ടി യുദ്ധംചെയ്തു മിദ്യാന്റെ കയ്യിൽനിന്നു നിങ്ങളെ രക്ഷിച്ചിരിക്കെ
18
നിങ്ങൾ ഇന്നു എന്റെ അപ്പന്റെ ഗൃഹത്തിന്നു വിരോധമായി എഴുന്നേറ്റു അവന്റെ പുത്രന്മാരായ എഴുപതുപേരെയും ഒരു കല്ലിന്മേൽവെച്ചു കൊല്ലുകയും അവന്റെ ദാസിയുടെ മകനായ അബീമേലെക്ക് നിങ്ങളുടെ സഹോദരൻ ആയിരിക്കകൊണ്ടു അവനെ ശെഖേംപൌരന്മാൎക്കു രാജാവാക്കുകയും ചെയ്തുവല്ലോ.
19
ഇങ്ങനെ നിങ്ങൾ ഇന്നു യെരുബ്ബാലിനോടും അവന്റെ കുടുംബത്തോടും ചെയ്തതു വിശ്വസ്തതയും പരമാൎത്ഥതയും എന്നുവരികിൽ നിങ്ങൾ അബീമേലെക്കിൽ സന്തോഷിപ്പിൻ; അവൻ നിങ്ങളിലും സന്തോഷിക്കട്ടെ.
20
അല്ലെങ്കിൽ അബീമേലെക്കിൽനിന്നു തീ പുറപ്പെട്ടു ശെഖേംപൌരന്മാരെയും മില്ലോഗൃഹത്തെയും ദഹിപ്പിക്കട്ടെ; ശെഖേംപൌരന്മാരിൽനിന്നും മില്ലോഗൃഹത്തിൽനിന്നും തീ പുറപ്പെട്ടു അബീമേലെക്കിനെയും ദഹിപ്പിക്കട്ടെ.
21
ഇങ്ങനെ പറഞ്ഞിട്ടു യോഥാം ഓടിപ്പോയി ബേരിലേക്കു ചെന്നു തന്റെ സഹോദരനായ അബീമേലെക്കിനെ പേടിച്ചു അവിടെ പാൎത്തു.
Settings