ന്യായാധിപന്മാര് 5:1-11
1
അന്നു ദെബോരയും അബീനോവാമിന്റെ മകനായ ബാരാക്കും പാട്ടുപാടിയതു എന്തെന്നാൽ:
2
നായകന്മാർ യിസ്രായേലിനെ നയിച്ചതിന്നും ജനം സ്വമേധയാ സേവിച്ചതിന്നും യഹോവയെ വാഴ്ത്തുവിൻ.
3
രാജാക്കന്മാരേ, കേൾപ്പിൻ; പ്രഭുക്കന്മാരേ, ചെവിതരുവിൻ; ഞാൻ പാടും യഹോവെക്കു ഞാൻ പാടും; യിസ്രായേലിൻ ദൈവമായ യഹോവെക്കു കീൎത്തനം ചെയ്യും.
4
യഹോവേ, നീ സേയീരിൽനിന്നു പുറപ്പെടുകയിൽ, ഏദോമ്യദേശത്തുകൂടി നീ നടകൊൾകയിൽ, ഭൂമി കുലുങ്ങി, ആകാശം പൊഴിഞ്ഞു, മേഘങ്ങൾ വെള്ളം ചൊരിഞ്ഞു,
5
യഹോവാസന്നിധിയിൽ മലകൾ കുലുങ്ങി, യിസ്രായേലിൻ ദൈവമായ യഹോവെക്കു മുമ്പിൽ ആ സീനായി തന്നേ.
6
അനാത്തിൻ പുത്രനാം ശംഗരിൻ നാളിലും, യായേലിൻ കാലത്തും പാതകൾ ശൂന്യമായി. വഴിപോക്കർ വളഞ്ഞ വഴികളിൽ നടന്നു.
7
ദെബോരയായ ഞാൻ എഴുന്നേല്ക്കുംവരെ, യിസ്രായേലിൽ മാതാവായെഴുന്നേല്ക്കുംവരെ നായകന്മാർ യിസ്രായേലിൽ അശേഷം അറ്റുപോയിരുന്നു.
8
അവർ നൂതനദേവന്മാരെ വരിച്ചു; ഗോപുരദ്വാരത്തിങ്കൽ യുദ്ധംഭവിച്ചു. യിസ്രായേലിന്റെ നാല്പതിനായിരത്തിൻ മദ്ധ്യേ പരിചയും കുന്തവും കണ്ടതേയില്ല.
9
എന്റെ ഹൃദയം യിസ്രായേൽനായകന്മാരോടു പറ്റുന്നു; ജനത്തിലെ സ്വമേധാസേവകരേ, യഹോവയെ വാഴ്ത്തുവിൻ.
10
വെള്ളക്കഴുതപ്പുറത്തു കയറുന്നവരേ, പരവതാനികളിൽ ഇരിക്കുന്നവരേ, കാൽനടയായി പോകുന്നവരേ, വൎണ്ണിപ്പിൻ!
11
വില്ലാളികളുടെ ഞാണൊലിയോടകലേ നീൎപ്പാത്തിക്കിടയിൽ അവിടെ അവർ യഹോവയുടെ നീതികളെ യിസ്രായേലിലെ ഭരണനീതികളെ കഥിക്കും. യഹോവയുടെ ജനം അന്നു ഗോപുരദ്വാരത്തിങ്കൽ ചെന്നു.
ബൈബിൾ പാഠം: Sathyavedapusthakam 1910, contemporary orthography · Malayalam Bible 1910 – Revised and in Contemporary Orthography, © 2015 The Free Bible Foundation · CC BY-SA 4.0
Settings