ข้ามไปยังเนื้อหา
ന്യായാധിപന്മാര്‍ 4:1-10

ന്യായാധിപന്മാര്‍ 4:1-10

1
ഏഹൂദ് മരിച്ചശേഷം യിസ്രായേൽമക്കൾ വീണ്ടും യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു.
2
യഹോവ അവരെ ഹാസോരിൽവാണ കനാന്യരാജാവായ യാബീന്നു വിറ്റുകളഞ്ഞു; അവന്റെ സേനാപതി ജാതികളുടെ ഹരോശെത്തിൽ പാൎത്തിരുന്ന സീസെരാ ആയിരുന്നു.
3
അവന്നു തൊള്ളായിരം ഇരിമ്പുരഥം ഉണ്ടായിരുന്നു. അവൻ യിസ്രായേൽമക്കളെ ഇരുപതു സംവത്സരം കഠിനമായി ഞെരുക്കിയതുകൊണ്ടു യിസ്രായേൽമക്കൾ യഹോവയോടു നിലവിളിച്ചു.
4
ആ കാലത്തു ലപ്പീദോത്തിന്റെ ഭാൎയ്യയായ ദെബോരാ എന്ന പ്രവാചകി യിസ്രായേലിൽ ന്യായപാലനം ചെയ്തു.
5
അവൾ എഫ്രയീംപൎവ്വതത്തിൽ രാമെക്കും ബേഥേലിന്നും മദ്ധ്യേയുള്ള ദെബോരയുടെ ഈന്തപ്പനയുടെ കീഴിൽ പാൎത്തിരുന്നു; യിസ്രായേൽമക്കൾ ന്യായവിസ്താരത്തിന്നു അവളുടെ അടുക്കൽ ചെല്ലുക പതിവായിരുന്നു.
6
അവൾ അബീനോവാമിന്റെ മകനായ ബാരാക്കിനെ കേദെശ്--നഫ്താലിയിൽനിന്നു വിളിപ്പിച്ചു അവനോടു: നീ പുറപ്പെട്ടു താബോർപൎവ്വതത്തിൽ ചെന്നു നഫ്താലിയുടെയും സെബൂലൂന്റെയും മക്കളിൽ പതിനായിരം പേരെ കൂട്ടിക്കൊൾക;
7
ഞാൻ യാബീന്റെ സേനാപതി സീസെരയെയും അവന്റെ രഥങ്ങളെയും സൈന്യത്തെയും കീശോൻ തോട്ടിന്നരികെ നിന്റെ അടുക്കൽ കൊണ്ടുവന്നു നിന്റെ കയ്യിൽ ഏല്പിക്കുമെന്നു യിസ്രായേലിന്റെ ദൈവമായ യഹോവ നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു.
8
ബാരാക്ക് അവളോടു: നീ എന്നോടുകൂടെ വരുന്നെങ്കിൽ ഞാൻ പോകാം; നീ വരുന്നില്ല എങ്കിൽ ഞാൻ പോകയില്ല എന്നു പറഞ്ഞു.
9
അതിന്നു അവൾ: ഞാൻ നിന്നോടുകൂടെ പോരാം; എന്നാൽ നീ പോകുന്ന യാത്രയാൽ ഉണ്ടാകുന്ന ബഹുമാനം നിനക്കു വരികയില്ല; യഹോവ സീസെരയെ ഒരു സ്ത്രീയുടെ കയ്യിൽ ഏല്പിച്ചുകൊടുക്കും എന്നു പറഞ്ഞു. അങ്ങനെ ദെബോരാ എഴുന്നേറ്റു ബാരാക്കിനോടുകൂടെ കേദേശിലേക്കു പോയി.
10
ബാരാക്ക് സെബൂലൂനെയും നഫ്താലിയെയും കേദെശിൽ വിളിച്ചുകൂട്ടി; അവനോടുകൂടെ പതിനായിരംപേർ കയറിച്ചെന്നു; ദെബോരയുംകൂടെ കയറിച്ചെന്നു.
Settings

Reading Style

Typeface

Font Size 19px

Reading Width 45 chars

Options