യോശുവ 24:10-20
10
എങ്കിലും എനിക്കു ബിലെയാമിന്റെ അപേക്ഷ കേൾപ്പാൻ മനസ്സില്ലായ്കയാൽ അവൻ നിങ്ങളെ അനുഗ്രഹിച്ചു; ഇങ്ങനെ ഞാൻ നിങ്ങളെ അവന്റെ കയ്യിൽനിന്നു വിടുവിച്ചു.
11
പിന്നെ നിങ്ങൾ യോൎദ്ദാൻ കടന്നു യെരീഹോവിലേക്കു വന്നു; യെരീഹോനിവാസികൾ, അമോൎയ്യർ, പെരിസ്യർ, കനാന്യർ, ഹിത്യർ, ഗിർഗ്ഗസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവർ നിങ്ങളോടു യുദ്ധംചെയ്തു; ഞാൻ അവരെ നിങ്ങളുടെ കയ്യിൽ ഏല്പിച്ചു.
12
ഞാൻ നിങ്ങളുടെ മുമ്പിൽ കടുന്നലിനെ അയച്ചു; അതു നിങ്ങളുടെ മുമ്പിൽനിന്നു അമോൎയ്യരുടെ ആ രണ്ടു രാജാക്കന്മാരെ ഓടിച്ചുകളഞ്ഞു; നിന്റെ വാളുകൊണ്ടല്ല, നിന്റെ വില്ലുകൊണ്ടും അല്ല.
13
നിങ്ങൾ പ്രയത്നം ചെയ്യാത്ത ദേശവും നിങ്ങൾ പണിയാത്ത പട്ടണങ്ങളും ഞാൻ നിങ്ങൾക്കു തന്നു; നിങ്ങൾ അവയിൽ പാൎക്കുന്നു; നിങ്ങൾ നട്ടിട്ടില്ലാത്ത മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും നിങ്ങൾക്കു അനുഭവമായിരിക്കുന്നു.
14
ആകയാൽ നിങ്ങൾ യഹോവയെ ഭയപ്പെട്ടു അവനെ പരമാൎത്ഥതയോടും വിശ്വസ്തതയോടുംകൂടെ സേവിപ്പിൻ. നിങ്ങളുടെ പിതാക്കന്മാർ നദിക്കക്കരെയും മിസ്രയീമിലുംവെച്ചു സേവിച്ച ദേവന്മാരെ ഉപേക്ഷിക്കയും യഹോവയെത്തന്നേ സേവിക്കയും ചെയ്‌വിൻ.
15
യഹോവയെ സേവിക്കുന്നതു നന്നല്ലെന്നു നിങ്ങൾക്കു തോന്നുന്നെങ്കിൽ നദിക്കക്കരെവെച്ചു നിങ്ങളുടെ പിതാക്കന്മാർ സേവിച്ച ദേവന്മാരെയോ നിങ്ങൾ പാൎത്തുവരുന്ന ദേശത്തിലെ അമോൎയ്യരുടെ ദേവന്മാരെയോ ആരെ സേവിക്കും എന്നു ഇന്നു തിരഞ്ഞെടുത്തുകൊൾവിൻ. ഞാനും എന്റെ കുടുംബവുമോ, ഞങ്ങൾ യഹോവയെ സേവിക്കും.
16
അതിന്നു ജനം ഉത്തരം പറഞ്ഞതു: യഹോവയെ ഉപേക്ഷിച്ചു അന്യദൈവങ്ങളെ സേവിപ്പാൻ ഞങ്ങൾക്കു സംഗതി വരരുതേ.
17
ഞങ്ങളെയും ഞങ്ങളുടെ പിതാക്കന്മാരെയും അടിമവീടായ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു ഞങ്ങൾ കാണ്കെ ആ വലിയ അടയാളങ്ങൾ പ്രവൎത്തിക്കയും ഞങ്ങൾ നടന്ന എല്ലാവഴിയിലും ഞങ്ങൾ കടന്നുപോന്ന സകലജാതികളുടെ ഇടയിലും ഞങ്ങളെ രക്ഷിക്കയും ചെയ്തവൻ ഞങ്ങളുടെ ദൈവമായ യഹോവ തന്നേയല്ലോ.
18
ദേശത്തു പാൎത്തിരുന്ന അമോൎയ്യർ മുതലായ സകലജാതികളെയും യഹോവ ഞങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞു; ആകയാൽ ഞങ്ങളും യഹോവയെ സേവിക്കും; അവനല്ലോ ഞങ്ങളുടെ ദൈവം.
19
യോശുവ ജനത്തോടു പറഞ്ഞതു: നിങ്ങൾക്കു യഹോവയെ സേവിപ്പാൻ കഴിയുന്നതല്ല; അവൻ പരിശുദ്ധദൈവം; അവൻ തീക്ഷ്ണതയുള്ള ദൈവം; അവൻ നിങ്ങളുടെ അതിക്രമങ്ങളെയും പാപങ്ങളെയും ക്ഷമിക്കയില്ല.
20
നിങ്ങൾ യഹോവയെ ഉപേക്ഷിച്ചു അന്യദൈവങ്ങളെ സേവിച്ചാൽ മുമ്പെ നിങ്ങൾക്കു നന്മചെയ്തതുപോലെ അവൻ തിരിഞ്ഞു നിങ്ങൾക്കു തിന്മചെയ്തു നിങ്ങളെ സംഹരിക്കും.
Settings