Skip to content
യോഹന്നാന്‍ 19:17-30

യോഹന്നാന്‍ 19:17-30

17
അവർ യേശുവിനെ കയ്യേറ്റു; അവൻ താൻ തന്നേ ക്രൂശിനെ ചുമന്നുകൊണ്ടു എബ്രായഭാഷയിൽ ഗൊല്ഗൊഥാ എന്നു പേരുള്ള തലയോടിടം എന്ന സ്ഥലത്തേക്കു പോയി.
18
അവിടെ അവർ അവനെയും അവനോടുകൂടെ വേറെ രണ്ടു ആളുകളെയും ഒരുത്തനെ അപ്പുറത്തും ഒരുത്തനെ ഇപ്പുറത്തും യേശുവിനെ നടുവിലുമായി ക്രൂശിച്ചു.
19
പീലാത്തൊസ് ഒരു മേലെഴുത്തും എഴുതി ക്രൂശിന്മേൽ പതിപ്പിച്ചു; അതിൽ: നസറായനായ യേശു യെഹൂദന്മാരുടെ രാജാവു എന്നു എഴുതിയിരുന്നു.
20
യേശുവിനെ ക്രൂശിച്ച സ്ഥലം നഗരത്തിന്നു സമീപം ആകയാൽ അനേകം യെഹൂദന്മാർ ഈ മേലെഴുത്തു വായിച്ചു. അതു എബ്രായ റോമ യവന ഭാഷകളിൽ എഴുതിയിരുന്നു.
21
ആകയാൽ യെഹൂദന്മാരുടെ മഹാപുരോഹിതന്മാർ പീലാത്തൊസിനോടു: യെഹൂദന്മാരുടെ രാജാവു എന്നല്ല, ഞാൻ യെഹൂദന്മാരുടെ രാജാവു എന്നു അവൻ പറഞ്ഞു എന്നത്രേ എഴുതേണ്ടതു എന്നു പറഞ്ഞു.
22
അതിന്നു പീലാത്തൊസ്: ഞാൻ എഴുതിയതു എഴുതി എന്നു ഉത്തരം പറഞ്ഞു.
23
പടയാളികൾ യേശുവിനെ ക്രൂശിച്ച ശേഷം അവന്റെ വസ്ത്രം എടുത്തു ഓരോ പടയാളിക്കു ഓരോ പങ്കായിട്ടു നാലു പങ്കാക്കി; അങ്കിയും എടുത്തു; അങ്കിയോ തുന്നൽ ഇല്ലാതെ മേൽതൊട്ടു അടിയോളം മുഴുവനും നെയ്തതായിരുന്നു.
24
ഇതു കീറരുതു; ആൎക്കു വരും എന്നു ചീട്ടിടുക എന്നു അവർ തമ്മിൽ പറഞ്ഞു. “എന്റെ വസ്ത്രം അവർ പകുത്തെടുത്തു എന്റെ അങ്കിക്കായി ചീട്ടിട്ടു” എന്നുള്ള തിരുവെഴുത്തിന്നു ഇതിനാൽ നിവൃത്തി വന്നു. പടയാളികൾ ഇങ്ങനെ ഒക്കെയും ചെയ്തു.
25
യേശുവിന്റെ ക്രൂശിന്നരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലെയോപ്പാവിന്റെ ഭാൎയ്യ മറിയയും മഗ്ദലക്കാരത്തി മറിയയും നിന്നിരുന്നു.
26
യേശു തന്റെ അമ്മയും താൻ സ്നേഹിച്ച ശിഷ്യനും നില്ക്കുന്നതു കണ്ടിട്ടു: സ്ത്രീയേ, ഇതാ നിന്റെ മകൻ എന്നു അമ്മയോടു പറഞ്ഞു.
27
പിന്നെ ശിഷ്യനോടു: ഇതാ നിന്റെ അമ്മ എന്നും പറഞ്ഞു. ആ നാഴികമുതൽ ആ ശിഷ്യൻ അവളെ തന്റെ വീട്ടിൽ കൈക്കൊണ്ടു.
28
അതിന്റെശേഷം സകലവും തികഞ്ഞിരിക്കുന്നു എന്നു യേശു അറിഞ്ഞിട്ടു തിരുവെഴുത്തു നിവൃത്തിയാകുംവണ്ണം: എനിക്കു ദാഹിക്കുന്നു എന്നു പറഞ്ഞു.
29
അവിടെ പുളിച്ച വീഞ്ഞു നിറഞ്ഞോരു പാത്രം വെച്ചിട്ടുണ്ടായിരുന്നു; അവർ ഒരു സ്പോങ്ങ് പുളിച്ചവീഞ്ഞു നിറെച്ചു ഈസോപ്പുതണ്ടിന്മേൽ ആക്കി അവന്റെ വായോടു അടുപ്പിച്ചു.
30
യേശു പുളിച്ചവീഞ്ഞു കുടിച്ചശേഷം: നിവൃത്തിയായി എന്നു പറഞ്ഞു തല ചായ്ച്ചു ആത്മാവിനെ ഏല്പിച്ചുകൊടുത്തു.
Settings

Reading Style

Typeface

Font Size 19px

Options