യെഹെസ്കേല്‍ 47:13-23
13
യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ദേശത്തെ യിസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങൾക്കും അവകാശമായി വിഭാഗിക്കേണ്ടുന്ന അതിർവിവരം: യോസേഫിന്നു രണ്ടു പങ്കു ഇരിക്കേണം.
14
നിങ്ങളുടെ പിതാക്കന്മാൎക്കു നല്കുമെന്നു ഞാൻ കൈ ഉയൎത്തി സത്യം ചെയ്തിരിക്കകൊണ്ടു നിങ്ങൾക്കു എല്ലാവൎക്കും ഭേദംകൂടാതെ അതു അവകാശമായി ലഭിക്കേണം; ഈ ദേശം നിങ്ങൾക്കു അവകാശമായി വരും.
15
ദേശത്തിന്റെ അതിർ ഇങ്ങനെ ആയിരിക്കേണം: വടക്കുഭാഗത്തു മഹാസമുദ്രംമുതൽ ഹെത്ലോൻവഴിയായി
16
സെദാദ് വരെയും ഹമാത്തും ബേരോത്തയും ദമ്മേശെക്കിന്റെ അതിരിന്നും ഹമാത്തിന്റെ അതിരിന്നും ഇടയിലുള്ള സിബ്രയീമും ഹൌറാന്റെ അതിരിങ്കലുള്ള നടുഹാസേരും
17
ഇങ്ങനെ അതിർ സമുദ്രംമുതൽ ദമ്മേശെക്കിന്റെ അതിരിങ്കലും ഹസർ-ഏനാൻ വരെ വടക്കെഭാഗത്തു വടക്കോട്ടുള്ള ഹമാത്തിന്റെ അതിരിങ്കലും ആയിരിക്കേണം; അതു വടക്കേഭാഗം.
18
കിഴക്കു ഭാഗമോ ഹൌറാൻ, ദമ്മേശെക്, ഗിലെയാദ് എന്നിവെക്കും യിസ്രായേൽദേശത്തിന്നും ഇടയിൽ യോൎദ്ദാൻ ആയിരിക്കേണം; വടക്കെഅതിർമുതൽ കിഴക്കെകടൽവരെ നിങ്ങൾ അളക്കേണം; അതു കിഴക്കെഭാഗം.
19
തെക്കുഭാഗമോ തെക്കോട്ടു താമാർമുതൽ മെരീബോത്ത്-കാദേശ് വെള്ളംവരെയും മിസ്രയീംതോടുവരെയും മഹാസമുദ്രംവരെയും ആയിരിക്കേണം; അതു തെക്കോട്ടു തെക്കേഭാഗം.
20
പടിഞ്ഞാറുഭാഗമോ: തെക്കെ അതിർമുതൽ ഹമാത്തിലേക്കുള്ള തിരിവിന്റെ അറ്റംവരെയും മഹാസമുദ്രം ആയിരിക്കേണം; അതു പടിഞ്ഞാറെ ഭാഗം.
21
ഇങ്ങനെ നിങ്ങൾ ഈ ദേശത്തെ യിസ്രായേൽഗോത്രങ്ങൾക്കു തക്കവണ്ണം വിഭാഗിച്ചുകൊള്ളേണം.
22
നിങ്ങൾ അതിനെ നിങ്ങൾക്കും നിങ്ങളുടെ ഇടയിൽ വന്നു പാൎക്കുന്നവരായി നിങ്ങളുടെ ഇടയിൽ മക്കളെ ജനിപ്പിക്കുന്ന പരദേശികൾക്കും അവകാശമായി ചീട്ടിട്ടു വിഭാഗിക്കേണം; അവർ നിങ്ങൾക്കു യിസ്രായേൽമക്കളുടെ ഇടയിൽ സ്വദേശികളെപ്പോലെ ആയിരിക്കേണം; നിങ്ങളോടുകൂടെ അവൎക്കും യിസ്രായേൽഗോത്രങ്ങളുടെ ഇടയിൽ അവകാശം ലഭിക്കേണം.
23
പരദേശി വന്നു പാൎക്കുന്ന ഗോത്രത്തിൽ തന്നേ നിങ്ങൾ അവന്നു അവകാശം കൊടുക്കേണം എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു.
Settings