യെഹെസ്കേല്‍ 16:1-14
1
യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
2
മനുഷ്യപുത്രാ, നീ യെരൂശലേമിനോടു അതിന്റെ മ്ലേച്ഛതകളെ അറിയിച്ചു പറയേണ്ടതു;
3
യഹോവയായ കൎത്താവു യെരൂശലേമിനോടു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ ഉല്പത്തിയും നിന്റെ ജനനവും കനാൻദേശത്താകുന്നു; നിന്റെ അപ്പൻ അമോൎയ്യനും അമ്മ ഹിത്യസ്ത്രീയും അത്രേ.
4
നിന്റെ ജനനവസ്തുതയോ - ജനിച്ചനാളിൽ നിന്റെ പൊക്കിൾ മുറിച്ചില്ല; നിന്നെ വെള്ളത്തിൽ കുളിപ്പിച്ചു വെടിപ്പാക്കിയില്ല; ഉപ്പു തേച്ചില്ല, തുണി ചുറ്റിയതുമില്ല.
5
നിന്നോടു മനസ്സലിവു തോന്നീട്ടു ഇവയിൽ ഒന്നെങ്കിലും നിനക്കു ചെയ്തുതരുവാൻ ഒരു കണ്ണിന്നും നിന്നോടു കനിവുണ്ടായില്ല; നീ ജനിച്ചനാളിൽ തന്നേ അവൎക്കു നിന്നോടു വെറുപ്പുതോന്നിയതുകൊണ്ടു നിന്നെ വെളിമ്പ്രദേശത്തു ഇട്ടുകളഞ്ഞു.
6
എന്നാൽ ഞാൻ നിന്റെ സമീപത്തു കൂടി കടന്നുപോകുമ്പോൾ നീ രക്തത്തിൽ കിടന്നുരുളുന്നതു കണ്ടു നിന്നോടു: നീ രക്തത്തിൽ കിടക്കുന്നു എങ്കിലും ജീവിക്ക എന്നു കല്പിച്ചു; അതേ, നീ രക്തത്തിൽ കിടക്കുന്നു എങ്കിലും ജീവിക്ക എന്നു ഞാൻ നിന്നോടു കല്പിച്ചു.
7
വയലിലെ സസ്യംപോലെ ഞാൻ നിന്നെ പെരുകുമാറാക്കി; നീ വളൎന്നു വലിയവളായി അതിസൌന്ദൎയ്യം പ്രാപിച്ചു; നിനക്കു ഉന്നതസ്തനവും ദീൎഘകേശവും ഉണ്ടായി; എങ്കിലും നീ നഗ്നയും അനാവൃതയും ആയിരുന്നു.
8
ഞാൻ നിന്റെ അരികെ കൂടി കടന്നു നിന്നെ നോക്കിയപ്പോൾ നിനക്കു പ്രേമത്തിന്റെ സമയമായി എന്നു കണ്ടിട്ടു എന്റെ വസ്ത്രം നിന്റെമേൽ വിരിച്ചു നിന്റെ നഗ്നത മറെച്ചു; ഞാൻ നിന്നോടു സത്യവും നിയമവും ചെയ്തു നീ എനിക്കുള്ളവൾ ആയിത്തീൎന്നു എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു.
9
പിന്നെ ഞാൻ നിന്നെ വെള്ളത്തിൽ കുളിപ്പിച്ചു, രക്തം കഴുകിക്കളഞ്ഞു എണ്ണപൂശി.
10
ഞാൻ നിന്നെ വിചിത്രവസ്ത്രം ധരിപ്പിച്ചു, തഹശുതോൽകൊണ്ടുള്ള ചെരിപ്പിടുവിച്ചു, ശണപടംകൊണ്ടു ചുറ്റി പട്ടു പുതെപ്പിച്ചു.
11
ഞാൻ നിന്നെ ആഭരണം അണിയിച്ചു നിന്റെ കൈക്കു വളയും കഴുത്തിൽ മാലയും ഇട്ടു.
12
ഞാൻ നിന്റെ മൂക്കിന്നു മൂക്കുത്തിയും കാതിൽ കുണുക്കും ഇട്ടു, തലയിൽ ഭംഗിയുള്ളോരു കിരീടവും വെച്ചു.
13
ഇങ്ങനെ നീ പൊന്നും വെള്ളിയും അണിഞ്ഞു; നിന്റെ ഉടുപ്പു ശണപടവും പട്ടും വിചിത്രവസ്ത്രവും ആയിരുന്നു; നീ നേരിയ മാവും തേനും എണ്ണയും ഉപജീവിച്ചു ഏറ്റവും സൌന്ദൎയ്യമുള്ളവളായിത്തീൎന്നു; നിനക്കു രാജത്വവും സിദ്ധിച്ചു.
14
ഞാൻ നിന്നെ അണിയിച്ച അലങ്കാരംകൊണ്ടു നിന്റെ സൌന്ദൎയ്യം പരിപൂൎണ്ണമായതിനാൽ നിന്റെ കീൎത്തി ജാതികളിൽ പരന്നു എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു.
Settings