അപ്പൊസ്തലപ്രവൃത്തികള് 20:1-11
1
കലഹം ശമിച്ചശേഷം പൌലൊസ് ശിഷ്യന്മാരെ കൂട്ടിവരുത്തി പ്രബോധിപ്പിച്ചിട്ടു യാത്രപറഞ്ഞു മക്കെദോന്യെക്കു പുറപ്പെട്ടു പോയി.
2
ആ പ്രദേശങ്ങളിൽ കൂടി സഞ്ചരിച്ചു അവരെ ഏറിയോന്നു പ്രബോധിപ്പിച്ചിട്ടു യവനദേശത്തു എത്തി.
3
അവിടെ മൂന്നു മാസം കഴിച്ചിട്ടു സുറിയെക്കു കപ്പൽ കയറിപ്പോകുവാൻ ഭാവിക്കുമ്പോൾ യെഹൂദന്മാർ അവന്റെ നേരെ കൂട്ടുകെട്ടു ഉണ്ടാക്കുകയാൽ മക്കെദോന്യവഴിയായി മടങ്ങിപ്പോകുവാൻ നിശ്ചയിച്ചു.
4
ബെരോവയിലെ പുറൊസിന്റെ മകൻ സോപത്രൊസും തെസ്സലോനിക്ക്യരായ അരിസ്തൎഹൊസും സെക്കുന്തൊസും ദെൎബ്ബെക്കാരനായ ഗായൊസും തിമൊഥെയൊസും ആസ്യക്കാരായ തുഹിക്കൊസും ത്രൊഫിമൊസും ആസ്യവരെ അവനോടു കൂടെ പോയി.
5
അവർ മുമ്പെ പോയി ത്രോവാസിൽ ഞങ്ങൾക്കായി കാത്തിരുന്നു.
6
ഞങ്ങളോ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ കഴിഞ്ഞിട്ടു ഫിലിപ്പിയിൽ നിന്നു കപ്പൽ കയറി അഞ്ചു ദിവസംകൊണ്ടു ത്രോവാസിൽ അവരുടെ അടുക്കൽ എത്തി, ഏഴു ദിവസം അവിടെ പാൎത്തു.
7
ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസത്തിൽ ഞങ്ങൾ അപ്പം നുറുക്കുവാൻ കൂടിവന്നപ്പോൾ പൌലൊസ് പിറ്റെന്നാൾ പുറപ്പെടുവാൻ ഭാവിച്ചതുകൊണ്ടു അവരോടു സംഭാഷിച്ചു പാതിരവരെയും പ്രസംഗം നീട്ടി.
8
ഞങ്ങൾ കൂടിയിരുന്ന മാളികയിൽ വളരെ വിളക്കു ഉണ്ടായിരുന്നു. അവിടെ യൂത്തിക്കൊസ് എന്ന യൌവനക്കാരൻ കിളിവാതിൽക്കൽ ഇരുന്നു ഗാഢനിദ്ര പിടിച്ചു,
9
പൌലൊസ് വളരെ നേരം സംഭാഷിക്കയാൽ നിദ്രാവശനായി മൂന്നാം തട്ടിൽ നിന്നു താഴെ വീണു; അവനെ മരിച്ചവനായി എടുത്തു കൊണ്ടുവന്നു.
10
പൌലൊസ് ഇറങ്ങിച്ചെന്നു അവന്റെമേൽ വീണു തഴുകി: ഭ്രമിക്കേണ്ടാ; അവന്റെ പ്രാണൻ അവനിൽ ഉണ്ടു എന്നു പറഞ്ഞു.
11
പിന്നെ അവൻ കയറിച്ചെന്നു അപ്പം നുറുക്കി തിന്നു പുലരുവോളം സംഭാഷിച്ചു പുറപ്പെട്ടു പോയി.
ബൈബിൾ പാഠം: Sathyavedapusthakam 1910, contemporary orthography · Malayalam Bible 1910 – Revised and in Contemporary Orthography, © 2015 The Free Bible Foundation · CC BY-SA 4.0