1 ശമൂവേല്‍ 9:12-19
12
അവർ അവരോടു: ഉണ്ടു; അതാ, നിങ്ങളുടെ മുമ്പിൽ; വേഗം ചെല്ലുവിൻ; ഇന്നു പൂജാഗിരിയിൽ ജനത്തിന്റെ വക ഒരു യാഗം ഉള്ളതുകൊണ്ടു അവൻ ഇന്നു പട്ടണത്തിൽ വന്നിട്ടുണ്ടു.
13
നിങ്ങൾ പട്ടണത്തിൽ കടന്ന ഉടനെ അവൻ പൂജാഗിരിയിൽ ഭക്ഷണത്തിന്നു പോകുമ്മുമ്പെ നിങ്ങൾ അവനെ കാണേണം; അവൻ യാഗത്തെ അനുഗ്രഹിക്കേണ്ടതാകകൊണ്ടു അവൻ ചെല്ലുവോളം ജനം ഭക്ഷിക്കയില്ല; അതിന്റെ ശേഷം മാത്രമേ ക്ഷണിക്കപ്പെട്ടവർ ഭക്ഷിക്കയുള്ളു; വേഗം ചെല്ലുവിൻ; ഇപ്പോൾ അവനെ കാണാം എന്നുത്തരം പറഞ്ഞു.
14
അങ്ങനെ അവർ പട്ടണത്തിൽ ചെന്നു; പട്ടണത്തിൽ കടന്നപ്പോൾ ഇതാ, ശമൂവേൽ പൂജാഗിരിക്കു പോകുവാനായി അവരുടെ നേരെ വരുന്നു.
15
എന്നാൽ ശൌൽ വരുന്നതിന്നു ഒരു ദിവസം മുമ്പെ യഹോവ അതു ശമൂവേലിന്നു വെളിപ്പെടുത്തി:
16
നാളെ ഇന്നേരത്തു ബെന്യാമീൻദേശക്കാരനായ ഒരാളെ ഞാൻ നിന്റെ അടുക്കൽ അയക്കും; എന്റെ ജനമായ യിസ്രായേലിനെ ഭരിക്കേണ്ടതിന്നു നീ അവനെ അഭിഷേകം ചെയ്യേണം; അവൻ എന്റെ ജനത്തെ ഫെലിസ്ത്യരുടെ കയ്യിൽനിന്നു രക്ഷിക്കും. എന്റെ ജനത്തിന്റെ നിലവിളി എന്റെ അടുക്കൽ എത്തിയിരിക്കകൊണ്ടു ഞാൻ അവരെ കടാക്ഷിച്ചിരിക്കുന്നു എന്നു അരുളിച്ചെയ്തിരുന്നു.
17
ശമൂവേൽ ശൌലിനെ കണ്ടപ്പോൾ യഹോവ അവനോടു: ഞാൻ നിന്നോടു അരുളിച്ചെയ്ത ആൾ ഇതാ; ഇവനാകുന്നു എന്റെ ജനത്തെ ഭരിപ്പാനുള്ളവൻ എന്നു കല്പിച്ചു.
18
അന്നേരം ശൌൽ പടിവാതില്ക്കൽ ശമൂവേലിന്റെ അടുക്കൽ എത്തി: ദൎശകന്റെ വീടു എവിടെ എന്നു പറഞ്ഞുതരേണമേ എന്നു ചോദിച്ചു.
19
ശമൂവേൽ ശൌലിനോടു: ദൎശകൻ ഞാൻ തന്നേ; എന്റെ കൂടെ പൂജാഗിരിക്കു പോരുവിൻ; നിങ്ങൾ ഇന്നു എന്നോടുകൂടെ ഭക്ഷണം കഴിക്കേണം; നാളെ ഞാൻ നിന്നെ യാത്രയയക്കാം; നിന്റെ ഹൃദയത്തിൽ ഉള്ളതൊക്കെയും പറഞ്ഞുതരാം.
Settings