1 ശമൂവേല്‍ 26:13-20
13
ദാവീദ് അപ്പുറം കടന്നുചെന്നു ദൂരത്തു ഒരു മലമുകളിൽ നിന്നു; അവൎക്കു മദ്ധ്യേ മതിയായ അകലമുണ്ടായിരുന്നു.
14
ദാവീദ് ജനത്തോടും നേരിന്റെ മകനായ അബ്നേരിനോടും: അബ്നേരേ, നീ ഉത്തരം പറയുന്നില്ലയോ എന്നു വിളിച്ചു പറഞ്ഞു. അതിന്നു അബ്നേർ: രാജസന്നിധിയിൽ കൂകുന്ന നീ ആർ എന്നു അങ്ങോട്ടു ചോദിച്ചു.
15
ദാവീദ് അബ്നേരിനോടു പറഞ്ഞതു: നീ ഒരു പുരുഷൻ അല്ലയോ? യിസ്രായേലിൽ നിനക്കു തുല്യൻ ആരുള്ളു? അങ്ങനെയിരിക്കെ നിന്റെ യജമാനനായ രാജാവിനെ നീ കാത്തുകൊള്ളാതിരുന്നതു എന്തു? നിന്റെ യജമാനനായ രാജാവിനെ നശിപ്പിപ്പാൻ ജനത്തിൽ ഒരുത്തൻ അവിടെ വന്നിരുന്നുവല്ലോ.
16
നീ ചെയ്ത കാൎയ്യം നന്നായില്ല; യഹോവയുടെ അഭിഷിക്തനായ നിങ്ങളുടെ യജമാനനെ കാത്തുകൊള്ളാതിരിക്കയാൽ യഹോവയാണ നിങ്ങൾ മരണയോഗ്യർ ആകുന്നു. രാജാവിന്റെ കുന്തവും അവന്റെ തലെക്കൽ ഇരുന്ന ജലപാത്രവും എവിടെ എന്നു നോക്കുക.
17
അപ്പോൾ ശൌൽ ദാവീദിന്റെ ശബ്ദം തിരിച്ചറിഞ്ഞു: എന്റെ മകനെ, ദാവീദേ, ഇതു നിന്റെ ശബ്ദമോ എന്നു ചോദിച്ചതിന്നു ദാവീദ് എന്റെ ശബ്ദം തന്നേ, യജമാനനായ രാജാവേ എന്നു പറഞ്ഞു.
18
യജമാനൻ ഇങ്ങനെ അടിയനെ തേടിനടക്കുന്നതു എന്തിന്നു? അടിയൻ എന്തു ചെയ്തു? അടിയന്റെ പക്കൽ എന്തു ദോഷം ഉള്ളു?
19
ആകയാൽ യജമാനനായ രാജാവു അടിയന്റെ വാക്കു കേൾക്കേണമേ; തിരുമേനിയെ അടിയന്നു വിരോധമായി ഉദ്യോഗിപ്പിക്കുന്നതു യഹോവയാകുന്നു എങ്കിൽ അവൻ ഒരു വഴിപാടു ഏറ്റു പ്രസാദിക്കുമാറാകട്ടെ; മനുഷ്യർ എങ്കിലോ അവർ യഹോവയുടെ മുമ്പാകെ ശപിക്കപ്പെട്ടിരിക്കട്ടെ. നീ പോയി അന്യദൈവങ്ങളെ സേവിക്ക എന്നു പറഞ്ഞു യഹോവയുടെ അവകാശത്തിൽ എനിക്കു പങ്കില്ലാതാകുംവണ്ണം അവർ എന്നെ ഇന്നു പുറത്തു തള്ളിയിരിക്കുന്നു.
20
എന്റെ രക്തം യഹോവയുടെ മുമ്പാകെ നിലത്തു വീഴരുതേ; ഒരുത്തൻ പൎവ്വതങ്ങളിൽ ഒരു കാട്ടുകോഴിയെ തേടുന്നതുപോലെ യിസ്രായേൽരാജാവു ഒരു ഒറ്റ ചെള്ളിനെ തിരഞ്ഞു പുറപ്പെട്ടിരിക്കുന്നു എന്നും അവൻ പറഞ്ഞു.
Settings