Skip to content
1 രാജാക്കന്മാര്‍ 4:20-34

1 രാജാക്കന്മാര്‍ 4:20-34

20
യെഹൂദയും യിസ്രായേലും കടല്ക്കരയിലെ മണൽപോലെ അസംഖ്യമായിരുന്നു; അവർ തിന്നുകയും കുടിക്കയും സന്തോഷിക്കയും ചെയ്തു പോന്നു.
21
നദിമുതൽ ഫെലിസ്ത്യദേശംവരെയും മിസ്രയീമിന്റെ അതിർവരെയും ഉള്ള സകലരാജ്യങ്ങളെയും ശലോമോൻ വാണു; അവർ കപ്പം കൊണ്ടുവന്നു ശലോമോനെ അവന്റെ ജീവപൎയ്യന്തം സേവിച്ചു.
22
ശലോമോന്റെ നിത്യച്ചെലവു ദിവസം ഒന്നിന്നു മുപ്പതു പറ നേരിയ മാവും അറുപതു പറ സാധാരണമാവും
23
മാൻ, ഇളമാൻ, മ്ലാവു, പുഷ്ടിവരുത്തിയ പക്ഷികൾ എന്നിവ കൂടാതെ തടിപ്പിച്ച പത്തു കാളയും മേച്ചൽപുറത്തെ ഇരുപതു കാളയും നൂറു ആടും ആയിരുന്നു.
24
നദിക്കു ഇക്കരെ തിഫ്സഹ് മുതൽ ഗസ്സാവരെയുള്ള സകലദേശത്തെയും നദിക്കു ഇക്കരെയുള്ള സകലരാജാക്കന്മാരെയും അവൻ വാണു. ചുറ്റുമുള്ള ദിക്കിൽ ഒക്കെയും അവന്നു സമാധാനം ഉണ്ടായിരുന്നു.
25
ശലോമോന്റെ കാലത്തൊക്കെയും യെഹൂദയും യിസ്രായേലും ദാൻമുതൽ ബേർ-ശേബവരെയും ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിൻ കീഴിലും നിൎഭയം വസിച്ചു.
26
ശലോമോന്നു തന്റെ രഥങ്ങൾക്കു നാല്പതിനായിരം കുതിരലായവും പന്തീരായിരം കുതിരച്ചേവകരും ഉണ്ടായിരുന്നു.
27
കാൎയ്യക്കാരന്മാർ ഓരോരുത്തൻ ഓരോ മാസത്തേക്കു ശലോമോൻരാജാവിന്റെ പന്തിഭോജനത്തിന്നു കൂടുന്ന എല്ലാവൎക്കും വേണ്ടുന്ന ഭോജനപദാൎത്ഥങ്ങൾ കുറവുകൂടാതെ എത്തിച്ചുകൊടുക്കും.
28
അവർ കുതിരകൾക്കും തുരഗങ്ങൾക്കും വേണ്ടുന്ന യവവും വയ്ക്കോലും താന്താന്റെ മുറപ്രകാരം അവൻ ഇരിക്കുന്ന സ്ഥലങ്ങളിൽ എത്തിച്ചുകൊടുക്കും.
29
ദൈവം ശലോമോന്നു ഏറ്റവും വളരെ ജ്ഞാനവും ബുദ്ധിയും കടല്ക്കരയിലെ മണൽപോലെ ഹൃദയവിശാലതയും കൊടുത്തു.
30
സകലപൂൎവ്വദിഗ്വാസികളുടെയും ജ്ഞാനത്തെക്കാളും മിസ്രയീമ്യരുടെ സകലജ്ഞാനത്തെക്കാളും ശലോമോന്റെ ജ്ഞാനം ശ്രേഷ്ഠമായിരുന്നു.
31
സകലമനുഷ്യരെക്കാളും എസ്രാഹ്യനായ ഏഥാൻ, മാഹോലിന്റെ പുത്രന്മാരായ ഹേമാൻ, കല്ക്കോൽ, ദൎദ്ദ എന്നിവരെക്കാളും അവൻ ജ്ഞാനിയായിരുന്നു; അവന്റെ കീൎത്തി ചുറ്റുമുള്ള സകലജാതികളിലും പരന്നു.
32
അവൻ മൂവായിരം സദൃശവാക്യം പറഞ്ഞു; അവന്റെ ഗീതങ്ങൾ ആയിരത്തഞ്ചു ആയിരുന്നു.
33
ലെബാനോനിലെ ദേവദാരുമുതൽ ചുവരിന്മേൽ മുളെക്കുന്ന ഈസോപ്പുവരെയുള്ള വൃക്ഷാദികളെക്കുറിച്ചും മൃഗം, പക്ഷി, ഇഴജാതി, മത്സ്യം എന്നിവയെക്കുറിച്ചും അവൻ പ്രസ്താവിച്ചു.
34
ശലോമോന്റെ ജ്ഞാനത്തെപ്പറ്റി കേട്ട സകലഭൂപാലകന്മാരുടെയും അടുക്കൽനിന്നു നാനാജാതിക്കാരായ പലരും അവന്റെ ജ്ഞാനം കേൾപ്പാൻ വന്നു.
Settings

Reading Style

Typeface

Font Size 19px

Options