1 രാജാക്കന്മാര്‍ 14:1-18
1
ആ കാലത്തു യൊരോബെയാമിന്റെ മകനായ അബീയാവു ദീനം പിടിച്ചു കിടപ്പിലായി.
2
യൊരോബെയാം തന്റെ ഭാൎയ്യയോടു: നീ യൊരോബെയാമിന്റെ ഭാൎയ്യ എന്നു ആരും അറിയാതവണ്ണം വേഷംമാറി ശീലോവിലേക്കു, പോകേണം; ഈ ജനത്തിന്നു ഞാൻ രാജാവാകും എന്നു എന്നോടു പറഞ്ഞ അഹീയാപ്രവാചകൻ അവിടെ ഉണ്ടല്ലോ.
3
നിന്റെ കയ്യിൽ പത്തു അപ്പവും കുറെ അടകളും ഒരു തുരുത്തി തേനും എടുത്തു അവന്റെ അടുക്കൽ ചെല്ലുക. കുട്ടിയുടെ കാൎയ്യം എന്താകും എന്നു അവൻ നിന്നെ അറിയിക്കും എന്നു പറഞ്ഞു.
4
യൊരോബെയാമിന്റെ ഭാൎയ്യ അങ്ങനെ തന്നേ ചെയ്തു; അവൾ പുറപ്പെട്ടു ശീലോവിൽ അഹീയാവിന്റെ വീട്ടിൽ ചെന്നു; എന്നാൽ അഹീയാവിന്നു വാൎദ്ധക്യം നിമിത്തം കണ്ണു മങ്ങിയിരിരുന്നതുകൊണ്ടു കാണ്മാൻ വഹിയാതെയിരുന്നു.
5
എന്നാൽ യഹോവ അഹീയാവോടു: യൊരോബെയാമിന്റെ ഭാൎയ്യ തന്റെ മകനെക്കുറിച്ചു നിന്നോടു ചോദിപ്പാൻ വരുന്നു; അവൻ ദീനമായി കിടക്കുന്നു; നീ അവളോടു ഇന്നിന്നപ്രകാരം സംസാരിക്കേണം; അവൾ അകത്തു വരുമ്പോൾ അന്യസ്ത്രീയുടെ ഭാവം നടിക്കും എന്നു അരുളിച്ചെയ്തു.
6
അവൾ വാതിൽ കടക്കുമ്പോൾ അവളുടെ കാലൊച്ച അഹിയാവു കേട്ടിട്ടു പറഞ്ഞതെന്തെന്നൽ: യൊരോബെയാമിന്റെ ഭാൎയ്യയേ, അകത്തു വരിക; നീ ഒരു അന്യസ്ത്രീ എന്നു നടിക്കുന്നതു എന്തിന്നു? കഠിനവൎത്തമാനം നിന്നെ അറിയിപ്പാൻ എനിക്കു നിയോഗം ഉണ്ടു.
7
നീ ചെന്നു യൊരോബെയാമിനോടു പറയേണ്ടുന്നതു എന്തെന്നാൽ: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ജനത്തിന്റെ ഇടയിൽനിന്നു നിന്നെ ഉയൎത്തി, എന്റെ ജനമായ യിസ്രായേലിന്നു പ്രഭുവാക്കി.
8
രാജത്വം ദാവീദ് ഗൃഹത്തിൽനിന്നു കീറിയെടുത്തു നിനക്കു തന്നു; എങ്കിലും എന്റെ കല്പനകളെ പ്രമാണിക്കയും എനിക്കു പ്രസാദമുള്ളതു മാത്രം ചെയ്‌വാൻ പൂൎണ്ണമനസ്സോടുകൂടെ എന്നെ അനുസരിക്കയും ചെയ്ത എന്റെ ദാസനായ ദാവീദിനെപ്പോലെ നീ ഇരിക്കാതെ
9
നിനക്കു മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം ദോഷം ചെയ്തു; എന്നെ കോപിപ്പിക്കേണ്ടതിന്നു ചെന്നു നിനക്കു അന്യദേവന്മാരെയും വിഗ്രഹങ്ങളെയും ഉണ്ടാക്കി എന്നെ നിന്റെ പുറകിൽ എറിഞ്ഞുകളഞ്ഞു.
10
അതു കൊണ്ടു ഇതാ, ഞാൻ യൊരോബെയാമിന്റെ ഗൃഹത്തിന്നു അനൎത്ഥം വരുത്തി, യൊരോബെയാമിന്നുള്ള സ്വതന്ത്രനും അസ്വതന്ത്രനും ആയ പുരുഷപ്രജയെ ഒക്കെയും യിസ്രായേലിൽനിന്നു ഛേദിക്കയും കാഷ്ഠം കോരിക്കളയുന്നതു പോലെ യൊരോബെയാമിന്റെ ഗൃഹം തീരെ മുടിഞ്ഞുപോകുംവരെ അതിനെ കോരിക്കളകയും ചെയ്യും.
11
യൊരോബെയാമിന്റെ സന്തതിയിൽ പട്ടണത്തിൽവെച്ചു മരിക്കുന്നവനെ നായ്ക്കൾ തിന്നും; വയലിൽവെച്ചു മരിക്കുന്നവനെ ആകാശത്തിലെ പക്ഷികൾ തിന്നും; യഹോവ അതു അരുളിച്ചെയ്തിരിക്കുന്നു.
12
ആകയാൽ നീ എഴുന്നേറ്റു വീട്ടിലേക്കു പോക; നിന്റെ കാൽ പട്ടണത്തിന്നകത്തു ചവിട്ടുമ്പോൾ കുട്ടി മരിച്ചുപോകും.
13
യിസ്രായേലൊക്കെയും അവനെക്കുറിച്ചു വിലപിച്ചു അവനെ അടക്കം ചെയ്യും; യെരോബെയാമിന്റെ ഗൃഹത്തിൽവെച്ചു അവനിൽ മാത്രം യിസ്രായേലിന്റെ ദൈവമായ യഹോവെക്കു പ്രസാദമുള്ള കാൎയ്യം അല്പം കാണുകയാൽ യൊരോബെയാമിന്റെ സന്തതിയിൽ അവനെ മാത്രം കല്ലറയിൽ അടക്കം ചെയ്യും.
14
യഹോവ തനിക്കു യിസ്രായേലിൽ ഒരു രാജാവിനെ എഴുന്നേല്പിക്കും; അവൻ അന്നു യൊരോബെയാമിന്റെ ഗൃഹത്തെ ഛേദിച്ചുകളയും; എന്നാൽ ഇപ്പോൾ തന്നേ എന്തു?
15
യിസ്രായേൽ അശേരാപ്രതിഷ്ഠകളെ ഉണ്ടാക്കി യഹോവയെ കോപിപ്പിച്ചതുകൊണ്ടു ഓട വെള്ളത്തിൽ ആടുന്നതുപോലെ അവർ ആടത്തക്കവണ്ണം യഹോവ അവരെ ആടിച്ചു അവരുടെ പിതാക്കന്മാൎക്കു താൻ കൊടുത്ത ഈ നല്ല ദേശത്തുനിന്നു യിസ്രായേലിനെ പറിച്ചെടുത്തു നദിക്കക്കരെ ചിതറിച്ചുകളയും.
16
പാപം ചെയ്കയും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിക്കയും ചെയ്ത യൊരോബെയാമിന്റെ പാപംനിമിത്തം അവൻ യിസ്രായേലിനെ ഉപേക്ഷിച്ചുകളയും.
17
എന്നാറെ യൊരോബെയാമിന്റെ ഭാൎയ്യ എഴുന്നേറ്റു പുറപ്പെട്ടു തിൎസ്സയിൽ വന്നു; അവൾ അരമനയുടെ ഉമ്മരപ്പടി കടക്കുമ്പോൾ കുട്ടി മരിച്ചു.
18
യഹോവ തന്റെ ദാസനായ അഹീയാപ്രവാചകൻമുഖാന്തരം അരുളിച്ചെയ്ത വചനപ്രകാരം അവർ അവനെ അടക്കം ചെയ്തു. യിസ്രായേലൊക്കെയും അവനെക്കുറിച്ചു വിലാപം കഴിച്ചു.
Settings