വെളിപാട് 11:3-14
3
അന്നു ഞാൻ എന്റെ രണ്ടു സാക്ഷികൾക്കും വരം നല്കും; അവർ രട്ട് ഉടുത്തുകൊണ്ടു ആയിരത്തിരുനൂറ്ററുപതു ദിവസം പ്രവചിക്കും.
4
അവർ ഭൂമിയുടെ കൎത്താവിന്റെ സന്നിധിയിൽ നില്ക്കുന്ന രണ്ടു ഒലീവ് വൃക്ഷവും രണ്ടു നിലവിളക്കും ആകുന്നു.
5
ആരെങ്കിലും അവൎക്കു ദോഷം ചെയ്‌വാൻ ഇച്ഛിച്ചാൽ അവരുടെ വായിൽ നിന്നു തീ പുറപ്പെട്ടു അവരുടെ ശത്രുക്കളെ ദഹിപ്പിച്ചുകളയും; അവൎക്കു ദോഷം വരുത്തുവാൻ ഇച്ഛിക്കുന്നവൻ ഇങ്ങനെ മരിക്കേണ്ടിവരും.
6
അവരുടെ പ്രവചനകാലത്തു മഴപെയ്യാതവണ്ണം ആകാശം അടെച്ചുകളവാൻ അവൎക്കു അധികാരം ഉണ്ടു. വെള്ളത്തെ രക്തമാക്കുവാനും ഇച്ഛിക്കുമ്പോഴൊക്കെയും സകലബാധകൊണ്ടും ഭൂമിയെ ദണ്ഡിപ്പിപ്പാനും അധികാരം ഉണ്ടു.
7
അവർ തങ്ങളുടെ സാക്ഷ്യം തികെച്ചശേഷം ആഴത്തിൽ നിന്നു കയറി വരുന്ന മൃഗം അവരോടു പടവെട്ടി അവരെ ജയിച്ചു കൊന്നുകളയും.
8
അവരുടെ കൎത്താവു ക്രൂശിക്കപ്പെട്ടതും ആത്മികമായി സൊദോം എന്നും മിസ്രയീം എന്നും പേരുള്ളതുമായ മഹാനഗരത്തിന്റെ വീഥിയിൽ അവരുടെ ശവം കിടക്കും.
9
സകലവംശക്കാരും ഗോത്രക്കാരും ഭാഷക്കാരും ജാതിക്കാരും അവരുടെ ശവം മൂന്നരദിവസം കാണും; അവരുടെ ശവം കല്ലറയിൽ വെപ്പാൻ സമ്മതിക്കയില്ല.
10
ഈ പ്രവാചകന്മാർ ഇരുവരും ഭൂമിയിൽ വസിക്കുന്നവരെ ദണ്ഡിപ്പിച്ചതുകൊണ്ടു ഭൂവാസികൾ അവർ നിമിത്തം സന്തോഷിച്ചു ആനന്ദിക്കയും അന്യോന്യം സമ്മാനം കൊടുത്തയക്കയും ചെയ്യും.
11
മൂന്നര ദിവസം കഴിഞ്ഞശേഷം ദൈവത്തിൽനിന്നു ജീവശ്വാസം അവരിൽ വന്നു അവർ കാൽ ഊന്നിനിന്നു — അവരെ കണ്ടവർ ഭയപരവശരായിത്തീൎന്നു —
12
ഇവിടെ കയറിവരുവിൻ എന്നു സ്വൎഗ്ഗത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതു കേട്ടു, അവർ മേഘത്തിൽ സ്വൎഗ്ഗത്തിലേക്കു കയറി; അവരുടെ ശത്രുക്കൾ അവരെ നോക്കിക്കൊണ്ടിരുന്നു.
13
ആ നാഴികയിൽ വലിയോരു ഭൂകമ്പം ഉണ്ടായി; നഗരത്തിൽ പത്തിലൊന്നു ഇടിഞ്ഞുവീണു; ഭൂകമ്പത്തിൽ ഏഴായിരം പേർ മരിച്ചുപോയി; ശേഷിച്ചവർ ഭയപരവശരായി സ്വൎഗ്ഗത്തിലെ ദൈവത്തിന്നു മഹത്വം കൊടുത്തു.
14
രണ്ടാമത്തെ കഷ്ടം കഴിഞ്ഞു; മൂന്നാമത്തെ കഷ്ടം വേഗം വരുന്നു.
Settings