സംഖ്യാപുസ്തകം 6:1-12
1
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
2
നീ യിസ്രായേൽമക്കളോടു പറയേണ്ടതെന്തെന്നാൽ: ഒരു പുരുഷനാകട്ടെ സ്ത്രീയാകട്ടെ യഹോവെക്കു തന്നെത്താൻ സമൎപ്പിക്കേണ്ടതിന്നു നാസീൎവ്രതം എന്ന വിശേഷ വിധിയായുള്ള വ്രതം ദീക്ഷിക്കുമ്പോൾ
3
വീഞ്ഞും മദ്യവും വൎജ്ജിച്ചിരിക്കേണം: വീഞ്ഞിന്റെ കാടിയും മദ്യത്തിന്റെ കാടിയും കുടിക്കരുതു; മുന്തിരിപ്പഴത്തിന്റെ യാതൊരു രസവും കുടിക്കരുതു; മുന്തിരിങ്ങ പഴുത്തതാകട്ടെ ഉണങ്ങിയതാകട്ടെ തിന്നുകയുമരുതു.
4
തന്റെ നാസീൎവ്രതകാലത്തു ഒക്കെയും കുരുതൊട്ടു തൊലിവരെ മുന്തിരിങ്ങാകൊണ്ടു ഉണ്ടാക്കുന്നതു ഒന്നും അവൻ തിന്നരുതു.
5
നാസീൎവ്രതകാലത്തൊക്കെയും ക്ഷൌരക്കത്തി അവന്റെ തലയിൽ തൊടരുതു; യഹോവെക്കു തന്നെത്താൻ സമൎപ്പിച്ചിരിക്കുന്ന കാലം തികയുവോളം അവൻ വിശുദ്ധനായിരിക്കേണം: തലമുടി വളൎത്തേണം.
6
അവൻ യഹോവെക്കു തന്നെത്താൻ സമൎപ്പിച്ചിരിക്കുന്ന കാലത്തൊക്കെയും ശവത്തിന്റെ അടുക്കൽ ചെല്ലരുതു;
7
അപ്പൻ, അമ്മ, സഹോദരൻ, സഹോദരി എന്നിവരിൽ ആരെങ്കിലും മരിക്കുമ്പോൾ അവരാൽ അവൻ തന്നെത്താൻ അശുദ്ധനാകരുതു; അവന്റെ ദൈവത്തിന്റെ നാസീൎവ്രതം അവന്റെ തലയിൽ ഇരിക്കുന്നു;
8
നാസീൎവ്രതകാലത്തു ഒക്കെയും അവൻ യഹോവെക്കു വിശുദ്ധൻ ആകുന്നു.
9
അവന്റെ അടുക്കൽവെച്ചു വല്ലവനും പെട്ടെന്നു മരിക്കയും അവന്റെ നാസീൎവ്രതമുള്ള തലയെ അശുദ്ധമാക്കുകയും ചെയ്താൽ അവൻ തന്റെ ശുദ്ധീകരണദിവസത്തിൽ തല ക്ഷൌരം ചെയ്യേണം; ഏഴാം ദിവസം അവൻ ക്ഷൌരം ചെയ്യേണം.
10
എട്ടാം ദിവസം അവൻ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ പുരോഹിതന്റെ അടുക്കൽ സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ കൊണ്ടുവരേണം.
11
പുരോഹിതൻ ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും അൎപ്പിച്ചു ശവത്താൽ അവൻ പിഴെച്ചതുകൊണ്ടു അവന്നു വേണ്ടി പ്രായശ്ചിത്തം കഴിച്ചു അവന്റെ തല അന്നുതന്നേ ശുദ്ധീകരിക്കേണം.
12
അവൻ വീണ്ടും തന്റെ നാസീർ വ്രതത്തിന്റെ കാലം യഹോവെക്കു വേർതിരിച്ചു ഒരു വയസ്സു പ്രായമുള്ള ഒരു ആട്ടിൻകുട്ടിയെ അകൃത്യയാഗമായി കൊണ്ടുവരേണം അവന്റെ നാസീൎവ്രതം അശുദ്ധമായിപ്പോയതുകൊണ്ടു മുമ്പിലത്തെ കാലം തള്ളിപ്പോകേണം.
Settings