Skip to content
സംഖ്യാപുസ്തകം 6:13-21

നസരേയവ്രതത്തിന്റെ സമാപനം

സംഖ്യാപുസ്തകം 6:13-21
13
വ്രതസ്ഥന്റെ പ്രമാണം ആവിതു: അവന്റെ നാസീൎവ്രതത്തിന്റെ കാലം തികയുമ്പോൾ അവനെ സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ കൊണ്ടുവരേണം.
14
അവൻ യഹോവെക്കു വഴിപാടായി ഹോമയാഗത്തിന്നു ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു ആണാട്ടിൻകുട്ടി, പാപയാഗത്തിന്നു ഒരു വയസ്സു പ്രായമുള്ള ഒരു പെണ്ണാട്ടിൻകുട്ടി, സമാധാനയാഗത്തിന്നു ഊനമില്ലാത്ത ഒരു ആട്ടുകൊറ്റൻ,
15
ഒരു കൊട്ടയിൽ, എണ്ണചേൎത്തു നേരിയ മാവുകൊണ്ടുണ്ടാക്കിയ പുളിപ്പില്ലാത്ത ദോശ, എണ്ണപുരട്ടിയ പുളിപ്പില്ലാത്ത വട എന്നിവയും അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും അൎപ്പിക്കേണം.
16
പുരോഹിതൻ അവയെ യഹോവയുടെ സന്നിധിയിൽ കൊണ്ടുവന്നു അവന്റെ പാപയാഗവും ഹോമയാഗവും അൎപ്പിക്കേണം.
17
അവൻ ആട്ടുകൊറ്റനെ കൊട്ടയിലെ പുളിപ്പില്ലാത്ത അപ്പത്തോടുകൂടെ യഹോവെക്കു സമാധാനയാഗമായി അൎപ്പിക്കേണം; പുരോഹിതൻ അതിന്റെ ഭോജനയാഗവും പാനീയയാഗവും കൂടെ അൎപ്പിക്കേണം.
18
പിന്നെ വ്രതസ്ഥൻ സമാഗമനകൂടാരത്തിന്റെ വാതിൽക്കൽവെച്ചു തന്റെ വ്രതമുള്ള തല ക്ഷൌരം ചെയ്തു തന്റെ വ്രതമുള്ള തലമുടി എടുത്തു സമാധാനയാഗത്തിൻ കീഴുള്ള തീയിൽ ഇടേണം;
19
വ്രതസ്ഥൻ തന്റെ വ്രതമുള്ള തല ക്ഷൌരം ചെയ്തശേഷം പുരോഹിതൻ ആട്ടുകൊറ്റന്റെ വേവിച്ച കൈക്കുറകും കൊട്ടയിൽനിന്നു പുളിപ്പില്ലാത്ത ഒരു ദോശയും പുളിപ്പില്ലാത്ത ഒരു വടയും എടുത്തു അവയെ വ്രതസ്ഥന്റെ കൈയിൽ വെക്കേണം.
20
പുരോഹിതൻ അവയെ യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യേണം; ഇതു നീരാജനം ചെയ്ത നെഞ്ചോടും ഉദൎച്ച ചെയ്ത കൈക്കുറകോടും കൂടെ പുരോഹിതന്നുവേണ്ടി വിശുദ്ധമാകുന്നു; അതിന്റെ ശേഷം വ്രതസ്ഥന്നു വീഞ്ഞു കുടിക്കാം.
21
നാസീൎവ്രതം ദീക്ഷിക്കുന്ന വ്രതസ്ഥന്റെയും അവൻ തന്റെ പ്രാപ്തിപോലെ കൊടുക്കുന്നതു കൂടാതെ തന്റെ നാസീൎവ്രതം ഹേതുവായി യഹോവെക്കു കഴിക്കേണ്ടുന്ന വഴിപാടിന്റെയും പ്രമാണം ഇതു തന്നേ. അവൻ ദീക്ഷിച്ചവ്രതംപോലെ തന്റെ നാസീൎവ്രതത്തിന്റെ പ്രമാണത്തിന്നു അനുസരണയായി തന്നേ അവൻ ചെയ്യേണം.
Settings

Reading style

Typeface

Font size 19px

Reading width 90 chars

Options