Skip to content
ലേവ്യപുസ്തകം 14:12-36

ലേവ്യപുസ്തകം 14:12-36

12
പുരോഹിതൻ ആൺകുഞ്ഞാടുകളിൽ ഒന്നിനെയും എണ്ണയും എടുത്തു അകൃത്യയാഗമായി അൎപ്പിച്ചു യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യേണം.
13
അവൻ വിശുദ്ധമന്ദിരത്തിൽ പാപയാഗത്തെയും ഹോമയാഗത്തെയും അറുക്കുന്ന ഇടത്തുവെച്ചു കുഞ്ഞാടിനെ അറുക്കേണം; അകൃത്യയാഗം പാപയാഗംപോലെ പുരോഹിതന്നുള്ളതു ആകുന്നു; അതു അതിവിശുദ്ധം.
14
പുരോഹിതൻ അകൃത്യയാഗത്തിന്റെ രക്തം കുറെ എടുത്തു ശുദ്ധീകരണം കഴിയുന്നവന്റെ വലത്തുകാതിന്മേലും വലത്തുകയ്യുടെ പെരുവിരലിന്മേലും വലത്തുകാലിന്റെ പെരുവിരലിന്മേലും പുരട്ടേണം.
15
പിന്നെ പുരോഹിതൻ ആ എണ്ണ കുറെ തന്റെ ഇടത്തെ ഉള്ളങ്കയ്യിൽ ഒഴിക്കേണം.
16
പുരോഹിതൻ ഇടങ്കയ്യിൽ ഉള്ള എണ്ണയിൽ വലങ്കയ്യുടെ വിരൽ മുക്കി വിരൽകൊണ്ടു ഏഴു പ്രാവശ്യം യഹോവയുടെ സന്നിധിയിൽ എണ്ണ തളിക്കേണം.
17
ഉള്ളങ്കയ്യിൽ ശേഷിച്ച എണ്ണ കുറെ പുരോഹിതൻ ശുദ്ധീകരണം കഴിയുന്നവന്റെ വലത്തുകാതിന്മേലും വലത്തുകയ്യുടെ പെരുവിരലിന്മേലും വലത്തുകാലിന്റെ പെരുവിരലിന്മേലും അകൃത്യയാഗത്തിന്റെ രക്തത്തിന്മീതെ പുരട്ടേണം.
18
പുരോഹിതന്റെ ഉള്ളങ്കയ്യിൽ ശേഷിപ്പുള്ള എണ്ണ അവൻ ശുദ്ധീകരണം കഴിയുന്നവന്റെ തലയിൽ ഒഴിച്ചു യഹോവയുടെ സന്നിധിയിൽ അവന്നുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം.
19
പുരോഹിതൻ പാപയാഗം അൎപ്പിച്ചു അശുദ്ധിപോക്കി ശുദ്ധീകരിക്കപ്പെടുന്നവന്നുവേണ്ടി പ്രായശ്ചിത്തം കഴിച്ചശേഷം ഹോമയാഗമൃഗത്തെ അറുക്കേണം.
20
പുരോഹിതൻ ഹോമയാഗവും ഭോജനയാഗവും യാഗപീഠത്തിന്മേൽ അൎപ്പിക്കേണം; അങ്ങനെ പുരോഹിതൻ അവന്നു വേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അവൻ ശുദ്ധിയുള്ളവൻ ആകും.
21
അവൻ ദരിദ്രനും അത്രെക്കു വകയില്ലാത്തവനും ആകുന്നു എങ്കിൽ തനിക്കു വേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിന്നു നീരാജനത്തിന്നായി അകൃത്യയാഗമായിട്ടു ഒരു കുഞ്ഞാടിനെയും ഭോജനയാഗമായിട്ടു എണ്ണ ചേൎത്ത ഒരിടങ്ങഴി നേരിയ മാവും
22
ഒരു കുറ്റി എണ്ണയും പ്രാപ്തിപോലെ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും എടുത്തു തന്റെ ശുദ്ധീകരണത്തിന്നായി
23
എട്ടാം ദിവസം സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ യഹോവയുടെ സന്നിധിയിൽ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരേണം.
24
പുരോഹിതൻ അകൃത്യയാഗത്തിന്നുള്ള ആട്ടിൻകുട്ടിയെയും എണ്ണയും എടുത്തു യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യേണം;
25
അവൻ അകൃത്യയാഗത്തിന്നുള്ള ആട്ടിൻകുട്ടിയെ അറുക്കേണം; പുരോഹിതൻ അകൃത്യയാഗത്തിന്റെ രക്തം കുറെ എടുത്തു ശുദ്ധീകരണം കഴിയുന്നവന്റെ വലത്തു കാതിന്മേലും വലത്തുകയ്യുടെ പെരുവിരലിന്മേലും വലത്തു കാലിന്റെ പെരുവിരലിന്മേലും പുരട്ടേണം.
26
പുരോഹിതൻ എണ്ണ കുറെ തന്റെ ഇടത്തെ ഉള്ളങ്കയ്യിൽ ഒഴിക്കേണം.
27
പുരോഹിതൻ ഇടത്തുകയ്യിൽ ഉള്ള എണ്ണ കുറെ വലത്തുകയ്യുടെ വിരൽകൊണ്ടു യഹോവയുടെ സന്നിധിയിൽ ഏഴു പ്രാവശ്യം തളിക്കേണം.
28
പുരോഹിതൻ ഉള്ളങ്കയ്യിലുള്ള എണ്ണ കുറെ ശുദ്ധികരണം കഴിയുന്നവന്റെ വലത്തുകാതിന്മേലും വലത്തുകയ്യുടെ പെരുവിരലിന്മേലും വലത്തു കാലിന്റെ പെരുവിരലിന്മേലും അകൃത്യയാഗത്തിന്റെ രക്തം ഉള്ളേടത്തു പുരട്ടേണം.
29
പുരോഹിതൻ ഉള്ളങ്കയ്യിൽ ശേഷിപ്പുള്ള എണ്ണ അവൻ ശുദ്ധീകരണം കഴിയുന്നവന്റെ തലയിൽ ഒഴിച്ചു അവന്നുവേണ്ടി യഹോവയുടെ സന്നിധിയിൽ പ്രായശ്ചിത്തം കഴിക്കേണം.
30
അവൻ പ്രാപ്തിപോലെ കുറുപ്രാവുകളിലോ
31
പ്രാവിൻകുഞ്ഞുങ്ങളിലോ ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും ഭോജനയാഗത്തോടുകൂടെ അൎപ്പിക്കേണം; ഇങ്ങനെ പുരോഹിതൻ ശുദ്ധീകരണം കഴിയുന്നവന്നുവേണ്ടി യഹോവയുടെ സന്നിധിയിൽ പ്രായശ്ചിത്തം കഴിക്കേണം.
32
ഇതു ശുദ്ധീകരണത്തിന്നുവേണ്ടി വകയില്ലാത്ത കുഷ്ഠരോഗിക്കുള്ള പ്രമാണം.
33
യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു എന്തെന്നാൽ:
34
ഞാൻ നിങ്ങൾക്കു അവകാശമായി തരുന്ന കനാൻദേശത്തു നിങ്ങൾ എത്തിയശേഷം ഞാൻ നിങ്ങളുടെ അവകാശദേശത്തു ഒരു വീട്ടിൽ കുഷ്ഠബാധ വരുത്തുമ്പോൾ
35
വീട്ടുടമസ്ഥൻ വന്നു വീട്ടിൽ കുഷ്ഠലക്ഷണമുള്ളപ്രകാരം എനിക്കു തോന്നുന്നു എന്നു പുരോഹിതനെ അറിയിക്കേണം.
36
അപ്പോൾ വീട്ടിലുള്ള സകലവും അശുദ്ധമാകാതിരിപ്പാൻ പുരോഹിതൻ വടു നോക്കേണ്ടതിന്നു ചെല്ലും മുമ്പെ വീടു ഒഴിച്ചിടുവാൻ കല്പിക്കേണം; പിന്നെ പുരോഹിതൻ വീടു നോക്കുവാൻ അകത്തു ചെല്ലേണം.

ബൈബിൾ പാഠം: Sathyavedapusthakam 1910, contemporary orthography · Malayalam Bible 1910 – Revised and in Contemporary Orthography, © 2015 The Free Bible Foundation · CC BY-SA 4.0

Settings

Reading style

Typeface

Font size 19px

Reading width 75 chars

Options