ലേവ്യപുസ്തകം 14:10-20
10
എട്ടാം ദിവസം അവൻ ഊനമില്ലാത്ത രണ്ടു ആൺകുഞ്ഞാടിനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു പെൺകുഞ്ഞാടിനെയും ഭോജനയാഗമായിട്ടു എണ്ണ ചേൎത്ത മൂന്നിടങ്ങഴി നേരിയ മാവും ഒരു കുറ്റി എണ്ണയും കൊണ്ടുവരേണം.
11
ശുദ്ധീകരണം കഴിക്കുന്ന പുരോഹിതൻ ശുദ്ധീകരണം കഴിയുന്നവനെ അവയുമായി യഹോവയുടെ സന്നിധിയിൽ സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ നിൎത്തേണം.
12
പുരോഹിതൻ ആൺകുഞ്ഞാടുകളിൽ ഒന്നിനെയും എണ്ണയും എടുത്തു അകൃത്യയാഗമായി അൎപ്പിച്ചു യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യേണം.
13
അവൻ വിശുദ്ധമന്ദിരത്തിൽ പാപയാഗത്തെയും ഹോമയാഗത്തെയും അറുക്കുന്ന ഇടത്തുവെച്ചു കുഞ്ഞാടിനെ അറുക്കേണം; അകൃത്യയാഗം പാപയാഗംപോലെ പുരോഹിതന്നുള്ളതു ആകുന്നു; അതു അതിവിശുദ്ധം.
14
പുരോഹിതൻ അകൃത്യയാഗത്തിന്റെ രക്തം കുറെ എടുത്തു ശുദ്ധീകരണം കഴിയുന്നവന്റെ വലത്തുകാതിന്മേലും വലത്തുകയ്യുടെ പെരുവിരലിന്മേലും വലത്തുകാലിന്റെ പെരുവിരലിന്മേലും പുരട്ടേണം.
15
പിന്നെ പുരോഹിതൻ ആ എണ്ണ കുറെ തന്റെ ഇടത്തെ ഉള്ളങ്കയ്യിൽ ഒഴിക്കേണം.
16
പുരോഹിതൻ ഇടങ്കയ്യിൽ ഉള്ള എണ്ണയിൽ വലങ്കയ്യുടെ വിരൽ മുക്കി വിരൽകൊണ്ടു ഏഴു പ്രാവശ്യം യഹോവയുടെ സന്നിധിയിൽ എണ്ണ തളിക്കേണം.
17
ഉള്ളങ്കയ്യിൽ ശേഷിച്ച എണ്ണ കുറെ പുരോഹിതൻ ശുദ്ധീകരണം കഴിയുന്നവന്റെ വലത്തുകാതിന്മേലും വലത്തുകയ്യുടെ പെരുവിരലിന്മേലും വലത്തുകാലിന്റെ പെരുവിരലിന്മേലും അകൃത്യയാഗത്തിന്റെ രക്തത്തിന്മീതെ പുരട്ടേണം.
18
പുരോഹിതന്റെ ഉള്ളങ്കയ്യിൽ ശേഷിപ്പുള്ള എണ്ണ അവൻ ശുദ്ധീകരണം കഴിയുന്നവന്റെ തലയിൽ ഒഴിച്ചു യഹോവയുടെ സന്നിധിയിൽ അവന്നുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം.
19
പുരോഹിതൻ പാപയാഗം അൎപ്പിച്ചു അശുദ്ധിപോക്കി ശുദ്ധീകരിക്കപ്പെടുന്നവന്നുവേണ്ടി പ്രായശ്ചിത്തം കഴിച്ചശേഷം ഹോമയാഗമൃഗത്തെ അറുക്കേണം.
20
പുരോഹിതൻ ഹോമയാഗവും ഭോജനയാഗവും യാഗപീഠത്തിന്മേൽ അൎപ്പിക്കേണം; അങ്ങനെ പുരോഹിതൻ അവന്നു വേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അവൻ ശുദ്ധിയുള്ളവൻ ആകും.
Settings