Skip to content
യിരെമ്യാവ് 52:1-11

യിരെമ്യാവ് 52:1-11

1
സിദെക്കീയാവു വാണുതുടങ്ങിയപ്പോൾ അവന്നു ഇരുപത്തൊന്നു വയസ്സായിരുന്നു; അവൻ പതിനൊന്നു സംവത്സരം യെരൂശലേമിൽ വാണു; അവന്റെ അമ്മെക്കു ഹമൂതൽ എന്നു പേർ; അവൾ ലിബ്നക്കാരനായ യിരെമ്യാവിന്റെ മകൾ ആയിരുന്നു.
2
യെഹോയാക്കീം ചെയ്തതുപോലെ ഒക്കെയും അവൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു.
3
യഹോവയുടെ കോപം ഹേതുവായി യെരൂശലേമിന്നും യെഹൂദെക്കും അങ്ങനെ ഭവിച്ചു; അവൻ ഒടുവിൽ അവരെ തന്റെ സന്നിധിയിൽനിന്നു തള്ളിക്കളഞ്ഞു; എന്നാൽ സിദെക്കീയാവു ബാബേൽരാജാവിനോടു മത്സരിച്ചു.
4
അവന്റെ വാഴ്ചയുടെ ഒമ്പതാം ആണ്ടിൽ പത്താം മാസം പത്താം തിയ്യതി, ബാബേൽരാജാവായ നെബൂഖദ്നേസർ തന്റെ സൎവ്വസൈന്യവുമായി യെരൂശലേമിന്റെ നേരെ വന്നു പാളയമിറങ്ങി അതിന്നെതിരെ ചുറ്റും കൊത്തളങ്ങൾ പണിതു.
5
അങ്ങനെ സിദെക്കീയാരാജാവിന്റെ പതിനൊന്നാം ആണ്ടുവരെ നഗരം നിരോധിക്കപ്പെട്ടിരുന്നു.
6
നാലാം മാസം ഒമ്പതാം തിയ്യതി ക്ഷാമം നഗരത്തിൽ കലശലായി ദേശത്തെ ജനത്തിന്നു ആഹാരമില്ലാതെ ഭവിച്ചു.
7
അപ്പോൾ നഗരത്തിന്റെ മതിൽ ഒരിടം പൊളിച്ചുതുറന്നു; കല്ദയർ നഗരം വളഞ്ഞിരിക്കെ പടയാളികൾ ഒക്കെയും രാത്രിസമയത്തു രാജാവിന്റെ തോട്ടത്തിന്നരികെ രണ്ടു മതിലുകളുടെ മദ്ധ്യേയുള്ള പടിവാതില്ക്കൽകൂടി നഗരം വിട്ടു പുറപ്പെട്ടു അരാബയിലേക്കുള്ള വഴിയായി ഓടിപ്പോയി.
8
എന്നാൽ കല്ദയരുടെ സൈന്യം രാജാവിനെ പിന്തുടൎന്നു, യെരീഹോസമഭൂമിയിൽവെച്ചു സിദെക്കീയാവോടു എത്തി; അവന്റെ സൈന്യമൊക്കെയും അവനെ വിട്ടു ചിതറിപ്പോയി.
9
അവർ രാജാവിനെ പിടിച്ചു, ഹമാത്ത് ദേശത്തിലെ രിബ്ളയിൽ ബാബേൽരാജാവിന്റെ അടുക്കൽ കൊണ്ടുചെന്നു; അവൻ അവന്നു വിധി കല്പിച്ചു.
10
ബാബേൽരാജാവു സിദെക്കീയാവിന്റെ പുത്രന്മാരെ അവൻ കാൺകെ കൊന്നു; യെഹൂദാപ്രഭുക്കന്മാരെ ഒക്കെയും അവൻ രിബ്ളയിൽവെച്ചു കൊന്നുകളഞ്ഞു.
11
പിന്നെ അവൻ സിദെക്കീയാവിന്റെ കണ്ണു പൊട്ടിച്ചു; ബാബേൽരാജാവു അവനെ ചങ്ങലകൊണ്ടു ബന്ധിച്ചു ബാബേലിലേക്കു കൊണ്ടുചെന്നു ജീവപൎയ്യന്തം കാരാഗൃഹത്തിൽ ആക്കി.
Settings

Reading Style

Typeface

Font Size 19px

Options