യിരെമ്യാവ് 25:1-14
1
യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ നാലാം ആണ്ടിൽ - ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ ഒന്നാം ആണ്ടു തന്നേ - സകല യെഹൂദാജനത്തെയും കുറിച്ചു യിരെമ്യാവിന്നുണ്ടായ അരുളപ്പാടു.
2
യിരെമ്യാപ്രവാചകൻ അതു സകല യെഹൂദാജനത്തോടും സകലയെരൂശലേംനിവാസികളോടും പ്രസ്താവിച്ചതു എങ്ങനെ എന്നാൽ:
3
ആമോന്റെ മകനായി യെഹൂദാരാജാവായ യോശീയാവിന്റെ പതിമൂന്നാം ആണ്ടുമുതൽ ഇന്നുവരെ ഈ ഇരുപത്തുമൂന്നു സംവത്സരം യഹോവയുടെ വചനം എനിക്കുണ്ടാകയും ഞാൻ ഇടവിടാതെ നിങ്ങളോടു സംസാരിക്കയും ചെയ്തിട്ടും നിങ്ങൾ കേട്ടില്ല.
4
യഹോവ പ്രവാചകന്മാരായ തന്റെ സകല ദാസന്മാരെയും ഇടവിടാതെ നിങ്ങളുടെ അടുക്കൽ അയച്ചിട്ടും നിങ്ങൾ കേട്ടില്ല; കേൾക്കത്തക്കവണ്ണം നിങ്ങളുടെ ചെവി ചായിച്ചതുമില്ല.
5
നിങ്ങൾ ഓരോരുത്തൻ താന്താന്റെ ദുൎമ്മാൎഗ്ഗവും ദുഷ്പ്രവൃത്തികളും വിട്ടുതിരിവിൻ; എന്നാൽ യഹോവ നിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാൎക്കും തന്ന ദേശത്തു നിങ്ങൾ എന്നും എന്നേക്കും പാൎക്കും.
6
അന്യദേവന്മാരെ സേവിച്ചു നമസ്കരിക്കേണ്ടതിന്നു അവരോടു ചേരരുതു; നിങ്ങളുടെ കൈകളുടെ പ്രവൃത്തികൾകൊണ്ടു എന്നെ കോപിപ്പിക്കയും അരുതു; എന്നാൽ ഞാൻ നിങ്ങൾക്കു അനൎത്ഥം വരുത്തുകയില്ല എന്നു അവർ പറഞ്ഞു.
7
എങ്കിലും നിങ്ങൾ നിങ്ങളുടെ അനൎത്ഥത്തിന്നായി നിങ്ങളുടെ കൈകളുടെ പ്രവൃത്തികൊണ്ടു എന്നെ കോപിപ്പിപ്പാൻ തക്കവണ്ണം എന്റെ വാക്കു കേൾക്കാതിരുന്നു എന്നു യഹോവയുടെ അരുളപ്പാടു.
8
അതുകൊണ്ടു സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ എന്റെ വചനങ്ങളെ കേൾക്കായ്കകൊണ്ടു
9
ഞാൻ ആളയച്ചു വടക്കുള്ള സകലവംശങ്ങളെയും എന്റെ ദാസനായി ബാബേൽരാജാവായ നെബൂഖദ്നേസരിനെയും ഈ ദേശത്തിന്റെ നേരെയും അതിലെ നിവാസികളുടെ നേരെയും ചുറ്റും വസിക്കുന്ന ഈ സകലജാതികളുടെ നേരെയും വരുത്തി അവരെ ഉന്മൂലനാശം ചെയ്തു സ്തംഭനഹേതുവും പരിഹാസവിഷയവും ശാശ്വതശൂന്യവുമാക്കിത്തിൎക്കും.
10
ഞാൻ ആനന്ദഘോഷവും സന്തോഷധ്വനിയും മണവാളന്റെ സ്വരവും മണവാട്ടിയുടെ സ്വരവും തിരികല്ലിന്റെ ഒച്ചയും വിളക്കിന്റെ വെളിച്ചവും അവരുടെ ഇടയിൽനിന്നു നീക്കിക്കളയും.
11
ഈ ദേശമൊക്കെയും ശൂന്യവും സ്തംഭനഹേതുവും ആകും; ഈ ജാതികൾ ബാബേൽരാജാവിനെ എഴുപതു സംവത്സരം സേവിക്കും എന്നു യഹോവയുടെ അരുളപ്പാടു.
12
എഴുപതു സംവത്സരം തികയുമ്പോൾ, ഞാൻ ബാബേൽരാജാവിനെയും ആ ജാതിയെയും കല്ദയരുടെ ദേശത്തെയും അവരുടെ അകൃത്യംനിമിത്തം സന്ദൎശിച്ചു അതിനെ ശാശ്വതശൂന്യമാക്കിത്തീൎക്കും എന്നു യഹോവയുടെ അരുളപ്പാടു.
13
അങ്ങനെ ഞാൻ ആ ദേശത്തെക്കുറിച്ചു അരുളിച്ചെയ്തിരിക്കുന്ന സകല വചനങ്ങളെയും യിരെമ്യാവു സകലജാതികളെയും കുറിച്ചു പ്രവചിച്ചതും ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുമായ സകലത്തെയും ഞാൻ അതിന്നു വരുത്തും.
14
അനേകം ജാതികളും വലിയ രാജാക്കന്മാരും അവരെക്കൊണ്ടു സേവചെയ്യിക്കും. ഞാൻ അവരുടെ ക്രിയകൾക്കും അവരുടെ കൈകളുടെ പ്രവൃത്തികൾക്കും തക്കവണ്ണം അവൎക്കു പകരം ചെയ്യും.
Settings