Skip to content
യിരെമ്യാവ് 23:21-40

യിരെമ്യാവ് 23:21-40

21
ഞാൻ ഈ പ്രവാചകന്മാരെ അയക്കാതിരുന്നിട്ടും അവർ ഓടി; ഞാൻ അവരോടു അരുളിച്ചെയ്യാതിരുന്നിട്ടും അവർ പ്രവചിച്ചു.
22
അവർ എന്റെ ആലോചനസഭയിൽ നിന്നിരുന്നുവെങ്കിൽ, എന്റെ വചനങ്ങളെ എന്റെ ജനത്തെ കേൾപ്പിച്ചു അവരെ അവരുടെ ആകാത്തവഴിയിൽനിന്നും അവരുടെ പ്രവൃത്തികളുടെ ദോഷത്തിൽനിന്നും തിരിപ്പിക്കുമായിരുന്നു.
23
ഞാൻ സമീപസ്ഥനായ ദൈവം മാത്രം ആകുന്നുവോ? ദൂരസ്ഥനായ ദൈവവുമല്ലയോ? എന്നു യഹോവയുടെ അരുളപ്പാടു.
24
ഞാൻ കാണാതവണ്ണം ആൎക്കെങ്കിലും മറയത്തു ഒളിപ്പാൻ കഴിയുമോ? എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ ആകാശവും ഭൂമിയും നിറഞ്ഞിരിക്കുന്നവനല്ലയോ എന്നു യഹോവയുടെ അരുളപ്പാടു.
25
ഞാൻ സ്വപ്നം കണ്ടു, സ്വപ്നം കണ്ടു എന്നു പറഞ്ഞു എന്റെ നാമത്തിൽ ഭോഷ്കു പ്രവചിക്കുന്ന പ്രവാചകന്മാരുടെ വാക്കു ഞാൻ കേട്ടിരിക്കുന്നു.
26
സ്വന്തഹൃദയത്തിലെ വഞ്ചനയുടെ പ്രവാചകന്മാരായി ഭോഷ്കു പ്രവചിക്കുന്ന പ്രവാചകന്മാൎക്കു ഈ താല്പൎയ്യം എത്രത്തോളം ഉണ്ടായിരിക്കും?
27
അവരുടെ പിതാക്കന്മാർ ബാൽ നിമിത്തം എന്റെ നാമം മറന്നുകളഞ്ഞതുപോലെ ഇവർ അന്യോന്യം വിവരിച്ചു പറയുന്ന സ്വപ്നങ്ങൾകൊണ്ടു എന്റെ ജനം എന്റെ നാമം മറന്നുകളയേണ്ടതിന്നു ഇടവരുത്തുവാൻ വിചാരിക്കുന്നു.
28
സ്വപ്നംകണ്ട പ്രവാചകൻ സ്വപ്നം വിവരിക്കട്ടെ; എന്റെ വചനം ലഭിച്ചിരിക്കുന്നവൻ എന്റെ വചനം വിശ്വസ്തതയോടെ പ്രസ്താവിക്കട്ടെ; വൈക്കോലും കോതമ്പും തമ്മിൽ ഒക്കുമോ എന്നു യഹോവയുടെ അരുളപ്പാടു.
29
എന്റെ വചനം തീ പോലെയും പാറയെ തകൎക്കുന്ന ചുറ്റികപോലെയും അല്ലയോ എന്നു യഹോവയുടെ അരുളപ്പാടു.
30
അതുകൊണ്ടു ഒരുത്തനോടു ഒരുത്തൻ എന്റെ വചനങ്ങളെ മോഷ്ടിക്കുന്ന പ്രവാചകന്മാൎക്കു ഞാൻ വിരോധമാകുന്നു എന്നു യഹോവയുടെ അരുളപ്പാടു.
31
തങ്ങളുടെ നാവെടുത്തു അരുളപ്പാടു എന്നു പറയുന്ന പ്രവാചകന്മാൎക്കു ഞാൻ വിരോധമാകുന്നു എന്നു യഹോവയുടെ അരുളപ്പാടു.
32
വ്യാജസ്വപ്നങ്ങളെ പ്രവചിച്ചു വിവരിച്ചു ഭോഷ്കുകൊണ്ടു വ്യൎത്ഥപ്രശംസകൊണ്ടും എന്റെ ജനത്തെ തെറ്റിച്ചുകളയുന്നവൎക്കു ഞാൻ വിരോധമാകുന്നു എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ അവരെ അയച്ചിട്ടില്ല, അവരോടു കല്പിച്ചിട്ടില്ല, അവർ ഈ ജനത്തിന്നു ഒട്ടും പ്രയോജനമായിരിക്കയുമില്ല എന്നു യഹോവയുടെ അരുളപ്പാടു.
33
ഈ ജനമോ ഒരു പ്രവാചകനോ പുരോഹിതനോ യഹോവയുടെ ഭാരം (അരുളപ്പാടു) എന്തു എന്നു നിന്നോടു ചോദിക്കുന്നുവെങ്കിൽ, നീ അവരോടു; നിങ്ങൾ ആകുന്നു ഭാരം; ഞാൻ നിങ്ങളെ എറിഞ്ഞുകളയും എന്നു യഹോവയുടെ അരുളപ്പാടു എന്നു പറക.
34
പ്രവാചകനോ പുരോഹിതനോ ജനമോ; യഹോവയുടെ ഭാരം എന്നു പറയുന്നുവെങ്കിൽ ഞാൻ ആ മനുഷ്യനെയും അവന്റെ ഭവനത്തെയും സന്ദൎശിക്കും.
35
യഹോവ എന്തുത്തരം പറഞ്ഞിരിക്കുന്നു? യഹോവ എന്തു അരുളിച്ചെയ്തിരിക്കുന്നു എന്നിങ്ങനെയത്രേ ഒരോരുത്തൻ താന്താന്റെ കൂട്ടുകാരനോടും താന്താന്റെ സഹോദരനോടും ചോദിക്കേണ്ടതു.
36
യഹോവയുടെ ഭാരം എന്നു ഇനി മിണ്ടരുതു; അല്ലെങ്കിൽ അവനവന്റെ വാക്കു അവനവന്നു ഭാരമായ്തീരും; നമ്മുടെ ദൈവമായ സൈന്യങ്ങളുടെ യഹോവ എന്ന ജീവനുള്ള ദൈവത്തിന്റെ വചനങ്ങളെ നിങ്ങൾ മറിച്ചുകളഞ്ഞുവല്ലോ.
37
യഹോവ നിന്നോടു എന്തുത്തരം പറഞ്ഞിരിക്കുന്നു? യഹോവ എന്തരുളിച്ചെയ്തിരിക്കുന്നു എന്നിങ്ങനെയത്രേ പ്രവാചകനോടു ചോദിക്കേണ്ടതു.
38
യഹോവയുടെ ഭാരം എന്നു നിങ്ങൾ പറയുന്നുവെങ്കിലോ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; യഹോവയുടെ ഭാരം എന്നു പറയരുതു എന്നു ഞാൻ നിങ്ങളുടെ അടുക്കൽ പറഞ്ഞയച്ചിട്ടും നിങ്ങൾ യഹോവയുടെ ഭാരം എന്നീ വാക്കു പറകകൊണ്ടു
39
ഞാൻ നിങ്ങളെ എടുത്തു നിങ്ങളെയും നിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാൎക്കും ഞാൻ തന്നിട്ടുള്ള നഗരത്തെയും എന്റെ മുമ്പിൽ നിന്നു എറിഞ്ഞുകളയും.
40
അങ്ങനെ ഞാൻ നിങ്ങൾക്കു നിത്യനിന്ദയും മറന്നുപോകാത്ത നിത്യലജ്ജയും വരുത്തും.
Settings

Reading style

Typeface

Font size 19px

Reading width 75 chars

Options