मुख्य सामग्री पर जाएँ
പുറപ്പാട് 34:10-26

പുറപ്പാട് 34:10-26

10
അതിന്നു അവൻ അരുളിച്ചെയ്തതെന്തെന്നാൽ: ഞാൻ ഒരു നിയമം ഉണ്ടാക്കുന്നു. ഭൂമിയിലെങ്ങും ഒരു ജാതിയിലും സംഭവിച്ചിട്ടില്ലാത്ത അത്ഭുതങ്ങൾ നിന്റെ സൎവ്വജനത്തിന്നും മുമ്പാകെ ഞാൻ ചെയ്യും; നീ സഹവാസം ചെയ്തുപോരുന്ന ജനം ഒക്കെയും യഹോവയുടെ പ്രവൃത്തിയെ കാണും; ഞാൻ നിന്നോടു ചെയ്‌വാനിരിക്കുന്നതു ഭയങ്കരമായുള്ളതു തന്നേ.
11
ഇന്നു ഞാൻ നിന്നോടു കല്പിക്കുന്നതു സൂക്ഷിച്ചുകൊൾക; അമോൎയ്യൻ, കനാന്യൻ, ഹിത്യൻ, പെരിസ്യൻ, ഹിവ്യൻ, യെബൂസ്യൻ എന്നിവരെ ഞാൻ നിന്റെ മുമ്പിൽ നിന്നു ഓടിച്ചുകളയും.
12
നീ ചെല്ലുന്ന ദേശത്തിലെ നിവാസികളോടു നീ ഒരു ഉടമ്പടി ചെയ്യാതിരിപ്പാൻ കരുതിക്കൊൾക; അല്ലാഞ്ഞാൽ അതു നിന്റെ മദ്ധ്യേ ഒരു കണിയായിരിക്കും.
13
നിങ്ങൾ അവരുടെ ബലിപീഠങ്ങളെ ഇടിച്ചു വിഗ്രഹങ്ങളെ തകൎത്തു അശേരപ്രതിഷ്ഠകളെ വെട്ടിക്കളയേണം.
14
അന്യദൈവത്തെ നമസ്കരിക്കരുതു; യഹോവയുടെ നാമം തീക്ഷ്ണൻ എന്നാകുന്നു; അവൻ തീക്ഷ്ണതയുള്ള ദൈവം തന്നേ.
15
ആ ദേശത്തിലെ നിവാസികളോടു ഉടമ്പടി ചെയ്കയും അവരുടെ ദേവന്മാരോടു അവർ പരസംഗം ചെയ്തു അവരുടെ ദേവന്മാൎക്കു ബലി കഴിക്കുമ്പോൾ നിന്നെ വിളിക്കയും നീ ചെന്നു അവരുടെ ബലികൾ തിന്നുകയും
16
അവരുടെ പുത്രിമാരിൽനിന്നു നിന്റെ പുത്രന്മാൎക്കു ഭാൎയ്യമാരെ എടുക്കയും അവരുടെ പുത്രിമാർ തങ്ങളുടെ ദേവന്മാരോടു പരസംഗം ചെയ്യുമ്പോൾ നിന്റെ പുത്രന്മാരെക്കൊണ്ടു അവരുടെ ദേവന്മാരോടു പരസംഗം ചെയ്യിക്കയും ചെയ്‌വാൻ ഇടവരരുതു.
17
ദേവന്മാരെ വാൎത്തുണ്ടാക്കരുതു.
18
പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം നീ ആചരിക്കേണം. ഞാൻ നിന്നോടു കല്പിച്ചതുപോലെ ആബീബ് മാസത്തിൽ നിശ്ചയിച്ച സമയത്തു ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നേണം; ആബീബ് മാസത്തിലല്ലോ നീ മിസ്രയീമിൽനിന്നു പുറപ്പെട്ടുപോന്നതു.
19
ആദ്യം ജനിക്കുന്നതൊക്കെയും നിന്റെ ആടുകളുടെയും കന്നുകാലികളുടെയും കൂട്ടത്തിൽ കടിഞ്ഞൂലായ ആൺ ഒക്കെയും എനിക്കുള്ളതു ആകുന്നു.
20
എന്നാൽ കഴുതയുടെ കടിഞ്ഞൂലിനെ ആട്ടിൻകുട്ടിയെക്കൊണ്ടു വീണ്ടുകൊള്ളേണം. വീണ്ടുകൊള്ളുന്നില്ലെങ്കിൽ അതിന്റെ കഴുത്തു ഒടിച്ചുകളയേണം. നിന്റെ പുത്രന്മാരിൽ ആദ്യജാതനെ ഒക്കെയും വീണ്ടുകൊള്ളേണം. വെറുങ്കയ്യോടെ നിങ്ങൾ എന്റെ മുമ്പാകെ വരരുതു.
21
ആറു ദിവസം വേല ചെയ്യേണം; ഏഴാം ദിവസം സ്വസ്ഥമായിരിക്കേണം; വിതകാലമോ കൊയ്ത്തുകാലമോ ആയാലും സ്വസ്ഥമായിരിക്കേണം.
22
കോതമ്പുകൊയ്ത്തിലെ ആദ്യഫലോത്സവമായ വാരോത്സവവും ആണ്ടറുതിയിൽ കായ്കനിപ്പെരുനാളും നീ ആചരിക്കേണം.
23
സംവത്സരത്തിൽ മൂന്നു പ്രാവശ്യം പുരുഷന്മാരൊക്കയും യിസ്രായേലിന്റെ ദൈവമായി യഹോവയായ കൎത്താവിന്റെ മുമ്പാകെ വരേണം.
24
ഞാൻ ജാതികളെ നിന്റെ മുമ്പിൽനിന്നു ഓടിച്ചുകളഞ്ഞു നിന്റെ അതൃത്തികളെ വിശാലമാക്കും; നീ സംവത്സരത്തിൽ മൂന്നു പ്രാവശ്യം നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ ചെല്ലുവാൻ കയറിപ്പോയിരിക്കുമ്പോൾ ഒരു മനുഷ്യനും നിന്റെ ദേശം മോഹിക്കയില്ല.
25
എന്റെ യാഗരക്തം പുളിപ്പുള്ള അപ്പത്തോടുകൂടെ അൎപ്പിക്കരുതു. പെസഹപെരുനാളിലെ യാഗം പ്രഭാതകാലംവരെ വെച്ചേക്കരുതു.
26
നിന്റെ നിലത്തിലെ ആദ്യവിളവിന്റെ ആദ്യഫലം നിന്റെ ദൈവമായ യഹോവയുടെ ആലയത്തിൽ കൊണ്ടുവരേണം. കോലാട്ടിൻകുട്ടിയെ അതിന്റെ തള്ളയുടെ പാലിൽ പാകം ചെയ്യരുതു.
Settings

Reading Style

Typeface

Font Size 19px

Reading Width 45 chars

Options