2 ശമൂവേല്‍ 6:12-19
12
ദൈവത്തിന്റെ പെട്ടകം നിമിത്തം യഹോവ ഓബേദ്-എദോമിന്റെ കുടുംബത്തെയും അവന്നുള്ള സകലത്തെയും അനുഗ്രഹിച്ചു എന്നു ദാവീദ് രാജാവിന്നു അറിവു കിട്ടിയപ്പോൾ ദാവീദ് പുറപ്പെട്ടു ദൈവത്തിന്റെ പെട്ടകം ഓബേദ്-എദോമിന്റെ വീട്ടിൽ നിന്നു ദാവീദിന്റെ നഗരത്തിലേക്കു സന്തോഷത്തോടെ കൊണ്ടുവന്നു.
13
യഹോവയുടെ പെട്ടകം ചുമന്നവർ ആറു ചുവടു നടന്നശേഷം അവൻ ഒരു കാളയെയും തടിപ്പിച്ച കിടാവിനെയും യാഗംകഴിച്ചു.
14
ദാവീദ് പഞ്ഞിനൂലങ്കി ധരിച്ചുകൊണ്ടു പൂൎണ്ണശക്തിയോടെ യഹോവയുടെ മുമ്പാകെ നൃത്തം ചെയ്തു.
15
അങ്ങനെ ദാവീദും യിസ്രായേൽ ഗൃഹമൊക്കെയും ആൎപ്പോടും കാഹളനാദത്തോടുംകൂടെ യാഹോവയുടെ പെട്ടകം കൊണ്ടുവന്നു.
16
എന്നാൽ യഹോവയുടെ പെട്ടകം ദാവീദിന്റെ നഗരത്തിൽ കടക്കുമ്പോൾ ശൌലിന്റെ മകളായ മീഖൾ കിളിവാതിലിൽകൂടി നോക്കി, ദാവീദ് രാജാവു യഹോവയുടെ മുമ്പാകെ കുതിച്ചു നൃത്തം ചെയ്യുന്നതു കണ്ടു തന്റെ ഹൃദയത്തിൽ അവനെ നിന്ദിച്ചു.
17
അവർ യഹോവയുടെ പെട്ടകം കൊണ്ടുവന്നു ദാവീദ് അതിന്നായിട്ടു അടിച്ചിരുന്ന കൂടാരത്തിന്റെ നടുവിൽ അതിന്റെ സ്ഥാനത്തുവെച്ചു; പിന്നെ ദാവീദ് യഹോവയുടെ സന്നിധിയിൽ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അൎപ്പിച്ചു.
18
ദാവീദ് ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അൎപ്പിച്ചു തീൎന്നശേഷം അവൻ ജനത്തെ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ അനുഗ്രഹിച്ചു.
19
പിന്നെ അവൻ യിസ്രായേലിന്റെ സൎവ്വസംഘവുമായ സകലജനത്തിലും പുരുഷന്മാൎക്കും സ്ത്രീകൾക്കും ആളൊന്നിന്നു ഒരു അപ്പവും ഒരു കഷണം മാംസവും ഒരു മുന്തിരിയടയും വീതം പങ്കിട്ടുകൊടുത്തു, ജനമൊക്കെയും താന്താന്റെ വീട്ടിലേക്കു പോയി.
Settings