ആലയത്തിന്റെയും യെരൂശലേമിന്റെയും നശീകരണം
8
അഞ്ചാം മാസം ഏഴാം തിയ്യതി, നെബൂഖദ്നേസർരാജാവെന്ന ബാബേൽരാജാവിന്റെ പത്തൊമ്പതാം ആണ്ടിൽ തന്നേ, ബാബേൽരാജാവിന്റെ ഭൃത്യനായി അകമ്പടി നായകനായ നെബൂസരദാൻ യെരൂശലേമിൽവന്നു.
9
അവൻ യഹോവയുടെ ആലയവും രാജധാനിയും ചുട്ടുകളഞ്ഞു; യെരൂശലേമിലെ എല്ലാവീടുകളും പ്രധാനഭവനങ്ങളൊക്കെയും അവൻ തീവെച്ചു ചുട്ടുകളഞ്ഞു.
10
അകമ്പടിനായകനോടുകൂടെ ഉണ്ടായിരുന്ന കൽദയസൈന്യമൊക്കെയും യെരൂശലേമിന്റെ ചുറ്റുമുള്ള മതിലുകളെ ഇടിച്ചുകളഞ്ഞു.
11
നഗരത്തിൽ ശേഷിച്ചിരുന്ന ജനത്തെയും ബാബേൽരാജാവിനെ ശരണം പ്രാപിച്ചവരെയും പുരുഷാരത്തിൽ ശേഷിച്ചവരെയും അകമ്പടിനായകനായ നെബൂസരദാൻ കൊണ്ടുപോയി.
12
എന്നാൽ അകമ്പടിനായകൻ ദേശത്തെ എളിയവരിൽ ചിലരെ മുന്തിരിത്തോട്ടക്കാരായിട്ടും കൃഷിക്കാരായിട്ടും വിട്ടേച്ചുപോയി.
13
യഹോവയുടെ ആലയത്തിലെ താമ്രസ്തംഭങ്ങളും പീഠങ്ങളും യഹോവയുടെ ആലയത്തിലെ താമ്രംകൊണ്ടുള്ള കടലും കൽദയർ ഉടെച്ചുകളഞ്ഞു അവയുടെ താമ്രം ബാബേലിലേക്കു കൊണ്ടുപോയി.
14
കലങ്ങളും ചട്ടുകങ്ങളും കത്രികകളും തവികളും ശുശ്രൂഷെക്കുള്ള താമ്രോപകരണങ്ങളൊക്കെയും അവർ എടുത്തു കൊണ്ടുപോയി.
15
തീച്ചട്ടികളും കലശങ്ങളും പൊന്നും വെള്ളിയുംകൊണ്ടുള്ളതൊക്കെയും അകമ്പടിനായകൻ കൊണ്ടുപോയി.
16
ശലോമോൻ യഹോവയുടെ ആലയത്തിന്നുവേണ്ടി ഉണ്ടാക്കിയ രണ്ടു സ്തംഭം, ഒരു കടൽ, പീഠങ്ങൾ എന്നിങ്ങനെയുള്ള സകലഉപകരണങ്ങളുടെയും താമ്രത്തിന്നു തൂക്കമില്ലാതെയിരുന്നു.
17
ഒരു സ്തംഭത്തിന്റെ ഉയരം പതിനെട്ടു മുഴം; അതിന്മേലുള്ള പോതിക താമ്രംകൊണ്ടു ആയിരുന്നു; പോതികയുടെ ഉയരം മൂന്നു മുഴം; പോതികയുടെ ചുറ്റുമുള്ള വലപ്പണിയും മാതളപ്പഴവും ആസകലം താമ്രംകൊണ്ടായിരുന്നു; ഇതുപോലെ മറ്റെ സ്തംഭത്തിന്നും വലപ്പണിയും മറ്റും ഉണ്ടായിരുന്നു.
ബൈബിൾ പാഠം: Sathyavedapusthakam 1910, contemporary orthography · Malayalam Bible 1910 – Revised and in Contemporary Orthography, © 2015 The Free Bible Foundation · CC BY-SA 4.0