2 ദിനവൃത്താന്തം 35:1-12
1
അനന്തരം യോശീയാവു യെരൂശലേമിൽ യഹോവെക്കു ഒരു പെസഹ ആചരിച്ചു ഒന്നാം മാസം പതിനാലാം തിയ്യതി അവർ പെസഹ അറുത്തു.
2
അവൻ പുരോഹിതന്മാരെ താന്താങ്ങളുടെ വേലെക്കു നിൎത്തി; യഹോവയുടെ ആലയത്തിലെ ശുശ്രൂഷെക്കായി അവരെ ധൈൎയ്യപ്പെടുത്തി.
3
അവൻ എല്ലായിസ്രായേലിന്നും ഉപാദ്ധ്യായന്മാരും യഹോവെക്കു വിശുദ്ധന്മാരുമായ ലേവ്യരോടു പറഞ്ഞതു: യിസ്രായേൽരാജാവായ ദാവീദിന്റെ മകൻ ശലോമോൻ പണിത ആലയത്തിൽ വിശുദ്ധപെട്ടകം വെപ്പിൻ; ഇനി അതു നിങ്ങളുടെ തോളുകൾക്കു ഭാരമായിരിക്കരുതു; നിങ്ങളുടെ ദൈവമായ യഹോവയെയും അവന്റെ ജനമായ യിസ്രായേലിനെയും സേവിച്ചുകൊൾവിൻ.
4
യിസ്രായേൽരാജാവായ ദാവീദിന്റെയും അവന്റെ മകനായ ശലോമോന്റെയും എഴുത്തുകളിൽ കാണുംപോലെ പിതൃഭവനം പിതൃഭവനമായും കൂറുകൂറായി നിങ്ങളെത്തന്നേ ക്രമപ്പെടുത്തുവിൻ.
5
നിങ്ങളുടെ സഹോദരന്മാരായ ജനത്തിന്റെ പിതൃഭവനവിഭാഗം അനുസരിച്ചു ഓരോന്നിന്നു ലേവ്യരുടെ ഓരോ പിതൃഭവനഭാഗം വരുവാൻ തക്കവണ്ണം വിശുദ്ധമന്ദിരത്തിങ്കൽ നിന്നുകൊൾവിൻ.
6
ഇങ്ങനെ നിങ്ങൾ പെസഹ അറുത്തു നിങ്ങളെത്തന്നേ വിശുദ്ധീകരിക്കയും മോശെമുഖാന്തരം ഉണ്ടായ യഹോവയുടെ അരുളപ്പാടു നിങ്ങളുടെ സഹോദരന്മാർ അനുസരിക്കേണ്ടതിന്നു അവരെ ഒരുക്കുകയും ചെയ്‌വിൻ.
7
യോശീയാവു അവിടെ ഉണ്ടായിരുന്ന എല്ലാവൎക്കും വേണ്ടി പെസഹ യാഗങ്ങൾക്കായിട്ടു രാജാവിന്റെ വക ആട്ടിൻകൂട്ടത്തിൽനിന്നു ആകെ മുപ്പതിനായിരം കുഞ്ഞാടിനെയും വെള്ളാട്ടിൻകുട്ടിയെയും മൂവായിരം കാളയെയും ജനത്തിന്നു കൊടുത്തു.
8
അവന്റെ പ്രഭുക്കന്മാരും ജനത്തിന്നും പുരോഹിതന്മാൎക്കും ലേവ്യൎക്കും ഔദാൎയ്യത്തോടെ കൊടുത്തു; ദൈവാലയ പ്രമാണികളായ ഹില്ക്കീയാവും സെഖൎയ്യാവും യെഹീയേലും പുരോഹിതന്മാൎക്കു പെസഹയാഗങ്ങൾക്കായിട്ടു രണ്ടായിരത്തറുനൂറു കുഞ്ഞാടിനെയും മുന്നൂറു കാളയെയും കൊടുത്തു.
9
കോനന്യാവും അവന്റെ സഹോദരന്മാരായ ശെമയ്യാവും നെഥനയേലും ലേവ്യരുടെ പ്രഭുക്കന്മാരായ ഹസബ്യാവും യെഹീയേലും യോസാബാദും ലേവ്യൎക്കും പെസഹയാഗങ്ങൾക്കായിട്ടു അയ്യായിരം കുഞ്ഞാടിനെയും അഞ്ഞൂറു കാളയെയും കൊടുത്തു.
10
ഇങ്ങനെ ശുശ്രൂഷക്രമത്തിലായി; രാജകല്പനപ്രകാരം പുരോഹിതന്മാർ തങ്ങളുടെ സ്ഥാനത്തും ലേവ്യർ കൂറുക്കുറായും നിന്നു.
11
അവൻ പെസഹ അറുത്തു; പുരോഹിതന്മാർ അവരുടെ കയ്യിൽനിന്നു രക്തം വാങ്ങി തളിക്കയും ലേവ്യർ തോലുരിക്കയും ചെയ്തു.
12
പിന്നെ മോശെയുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതു പോലെ യഹോവെക്കു അൎപ്പിക്കേണ്ടതിന്നു അവർ ജനത്തിന്റെ പിതൃഭവനവിഭാഗം അനുസരിച്ചു കൊടുപ്പാൻ തക്കവണ്ണം ഹോമയാഗത്തെയും അങ്ങനെ തന്നേ കാളകളെയും നീക്കിവെച്ചു.
Settings