Skip to content
2 ദിനവൃത്താന്തം 29:27-36

2 ദിനവൃത്താന്തം 29:27-36

27
പിന്നെ യെഹിസ്കീയാവു യാഗപീഠത്തിന്മേൽ ഹോമയാഗം കഴിപ്പാൻ കല്പിച്ചു. ഹോമയാഗം തുടങ്ങിയപ്പോൾ തന്നേ അവർ കാഹളങ്ങളോടും യിസ്രായേൽരാജാവായ ദാവീദിന്റെ വാദ്യങ്ങളോടും കൂടെ യഹോവെക്കു പാട്ടുപാടുവാൻ തുടങ്ങി.
28
ഉടനെ സൎവ്വസഭയും നമസ്കരിച്ചു, സംഗീതക്കാർ പാടുകയും കാഹളക്കാർ ഊതുകയും ചെയ്തു; ഇതൊക്കെയും ഹോമയാഗം കഴിയുന്നതുവരെ ചെയ്തുകൊണ്ടിരുന്നു.
29
യാഗം കഴിച്ചു തീൎന്നപ്പോൾ രാജാവും കൂടെ ഉണ്ടായിരുന്ന എല്ലാവരും വണങ്ങി നമസ്കരിച്ചു.
30
പിന്നെ യെഹിസ്കീയാരാജാവും പ്രഭുക്കന്മാരും ലേവ്യരോടു ദാവീദിന്റെയും ആസാഫ് ദൎശകന്റെയും വചനങ്ങളാൽ യഹോവെക്കു സ്തോത്രം ചെയ്‌വാൻ കല്പിച്ചു. അവൻ സന്തോഷത്തോടെ സ്തോത്രം ചെയ്തു തല കുനിച്ചു നമസ്കരിച്ചു.
31
നിങ്ങൾ ഇപ്പോൾ യഹോവെക്കു നിങ്ങളെത്തന്നേ നിവേദിച്ചിരിക്കുന്നു; അടുത്തുവന്നു യഹോവയുടെ ആലയത്തിൽ ഹനനയാഗങ്ങളും സ്തോത്രയാഗങ്ങളും കൊണ്ടുവരുവിൻ എന്നു യെഹിസ്കീയാവു പറഞ്ഞു; അങ്ങനെ സഭ ഹനനയാഗങ്ങളും സ്തോത്രയാഗങ്ങളും നല്ല മനസ്സുള്ളവർ എല്ലാവരും ഹോമയാഗങ്ങളും കൊണ്ടുവന്നു.
32
സഭ കൊണ്ടുവന്ന ഹോമയാഗങ്ങളുടെ എണ്ണം കാള എഴുപതു, ആട്ടുകൊറ്റൻ നൂറു, കുഞ്ഞാടു ഇരുനൂറു; ഇവയൊക്കെയും യഹോവെക്കു മഹായാഗത്തിന്നായിരുന്നു.
33
നിവേദിതവസ്തുക്കളോ അറുനൂറു കാളയും മൂവായിരം ആടും ആയിരുന്നു.
34
പുരോഹിതന്മാർ ചുരുക്കമായിരുന്നതിനാൽ ഹോമയാഗങ്ങളെല്ലം തോലുരിപ്പാൻ അവൎക്കു കഴിഞ്ഞില്ല; അതുകൊണ്ടു അവരുടെ സഹോദരന്മാരായ ലേവ്യർ ആ വേല തീരുവോളവും പുരോഹിതന്മാരൊക്കെയും തങ്ങളെത്തന്നേ വിശുദ്ധീകരിക്കുവോളവും അവരെ സഹായിച്ചു; തങ്ങളെത്തന്നേ വിശുദ്ധീകരിക്കുന്നതിൽ ലേവ്യർ പുരോഹിതന്മാരെക്കാൾ അധികം ഉത്സാഹമുള്ളവരായിരുന്നു.
35
ഹോമയാഗങ്ങൾ സമാധാനയാഗങ്ങൾക്കുള്ള മേദസ്സിനോടും ഹോമയാഗങ്ങൾക്കുള്ള പാനീയയാഗങ്ങളോടും കൂടെ അനവധി ആയിരുന്നു. ഇങ്ങനെ യഹോവയുടെ ആലയത്തിലെ ആരാധന യഥാസ്ഥാനത്തായി.
36
ദൈവം ജനത്തിന്നു ഒരുക്കിക്കൊടുത്തതിൽ യെഹിസ്കീയാവും സകലജനവും സന്തോഷിച്ചു; കാൎയ്യം ക്ഷണത്തിലല്ലോ നടന്നതു.
Settings

Reading style

Typeface

Font size 19px

Reading width 90 chars

Options