Skip to content
1 ശമൂവേല്‍ 14:1-15

1 ശമൂവേല്‍ 14:1-15

1
ഒരു ദിവസം ശൌലിന്റെ മകൻ യോനാഥാൻ തന്റെ ആയുധവാഹകനായ ബാല്യക്കാരനോടു: വരിക, നാം അങ്ങോട്ടു ഫെലിസ്ത്യരുടെ പട്ടാളത്തിന്റെ നേരെ ചെല്ലുക എന്നു പറഞ്ഞു; അവൻ അപ്പനോടു പറഞ്ഞില്ല താനും.
2
ശൌൽ ഗിബെയയുടെ അതിരിങ്കൽ മിഗ്രോനിലെ മാതളനാരകത്തിൻ കീഴിൽ ഇരിക്കയായിരുന്നു. അവനോടുകൂടെ ഉണ്ടായിരുന്ന പടജ്ജനം ഏകദേശം അറുനൂറു പേർ.
3
ശീലോവിൽ യഹോവയുടെ പുരോഹിതനായിരുന്ന ഏലിയുടെ മകനായ ഫീനെഹാസിന്റെ മകനായ ഈഖാബോദിന്റെ സഹോദരനായ അഹീതൂബിന്റെ മകൻ അഹീയാവു ആയിരുന്നു അന്നു ഏഫോദ് ധരിച്ചിരുന്നതു. യോനാഥാൻ പോയതു ജനം അറിഞ്ഞില്ല.
4
യോനാഥാൻ ഫെലിസ്ത്യരുടെ പട്ടാളത്തിന്റെ നേരെ ചെല്ലുവാൻ നോക്കിയ വഴിയിൽ ഇപ്പുറവും അപ്പുറവും കടുന്തൂക്കമായ ഓരോ പാറ ഉണ്ടായിരുന്നു; ഒന്നിന്നു ബോസേസ് എന്നും മറ്റേതിന്നു സേനെ എന്നും പേർ.
5
ഒന്നു വടക്കുവശം മിക്മാസിന്നു മുഖമായും മറ്റേതു തെക്കുവശം ഗിബെയെക്കു മുഖമായും തൂക്കെ നിന്നിരുന്നു.
6
യോനാഥാൻ തന്റെ ആയുധവാഹകനായ ബാല്യക്കാരനോടു: വരിക, നമുക്കു ഈ അഗ്രചൎമ്മികളുടെ പട്ടാളത്തിന്റെ നേരെ ചെല്ലാം; പക്ഷെ യഹോവ നമുക്കുവേണ്ടി പ്രവൎത്തിക്കും; അധികംകൊണ്ടോ അല്പംകൊണ്ടോ രക്ഷിപ്പാൻ യഹോവെക്കു പ്രായസമില്ലല്ലോ എന്നു പറഞ്ഞു.
7
ആയുധവാഹകൻ അവനോടു: നിന്റെ മനസ്സുപോലെ ഒക്കെയും ചെയ്ക; നടന്നുകൊൾക; നിന്റെ ഇഷ്ടംപോലെ ഞാൻ നിന്നോടുകൂടെ ഉണ്ടു എന്നു പറഞ്ഞു.
8
അതിന്നു യോനാഥാൻ പറഞ്ഞതു: നാം അവരുടെ നേരെ ചെന്നു അവൎക്കു നമ്മെത്തന്നെ കാണിക്കാം;
9
ഞങ്ങൾ നിങ്ങളുടെ അടുക്കൽ വരുവോളം നില്പിൻ എന്നു അവർ പറഞ്ഞാൽ നാം അവരുടെ അടുക്കൽ കയറിപ്പോകാതെ നിന്നേടത്തുതന്നേ നില്ക്കേണം.
10
ഇങ്ങോട്ടു കയറിവരുവിൻ എന്നു പറഞ്ഞാലോ നമുക്കു കയറിച്ചെല്ലാം; യഹോവ അവരെ നമ്മുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്നതിന്നു ഇതു നമുക്കു അടയാളം ആയിരിക്കും.
11
ഇങ്ങനെ അവർ ഇരുവരും ഫെലിസ്ത്യരുടെ പട്ടാളത്തിന്നു തങ്ങളെത്തന്നേ കാണിച്ചപ്പോൾ: ഇതാ, എബ്രായർ ഒളിച്ചിരുന്ന പൊത്തുകളിൽനിന്നു പുറപ്പെട്ടു വരുന്നു എന്നു ഫെലിസ്ത്യർ പറഞ്ഞു.
12
പട്ടാളക്കാർ യോനാഥാനോടും അവന്റെ ആയുധവാഹകനോടും: ഇങ്ങോട്ടു കയറിവരുവിൻ; ഞങ്ങൾ ഒന്നു കാണിച്ചുതരാം എന്നു പറഞ്ഞു. അപ്പോൾ യോനാഥാൻ തന്റെ ആയുധവാഹകനോടു: എന്റെ പിന്നാലെ കയറിവരിക; യഹോവ അവരെ യിസ്രായേലിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.
13
അങ്ങനെ യോനാഥാനും അവന്റെ പിന്നാലെ ആയുധവാഹകനും തത്തിപ്പിടിച്ചു കയറി; അവർ യോനാഥന്റെ മുമ്പിൽ വീണു; ആയുധവാഹകൻ അവന്റെ പിന്നാലെ കൊന്നുംകൊണ്ടു നടന്നു.
14
യോനാഥാനും ആയുധവാഹകനും ചെയ്ത ഈ ആദ്യസംഹാരത്തിൽ ഒരു കാണിനിലത്തിന്റെ പാതി നീളത്തിന്നകം ഇരുപതുപേർ വീണു.
15
പാളയത്തിലും പോൎക്കളത്തിലും സൎവ്വജനത്തിലും നടുക്കമുണ്ടായി പട്ടാളവും കവൎച്ചക്കാരും കൂടെ വിറച്ചു, ഭൂമി കുലുങ്ങി, വലിയോരു നടുക്കം ഉണ്ടായി.
Settings

Reading Style

Typeface

Font Size 19px

Options