സംഖ്യാപുസ്തകം 14:26-38
26
യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു:
27
ഈ ദുഷ്ടസഭ എത്രത്തോളം എനിക്കു വിരോധമായി പിറുപിറുക്കും? യിസ്രായേൽമക്കൾ എനിക്കു വിരോധമായി പിറുപിറുക്കുന്നതു ഞാൻ കേട്ടിരിക്കുന്നു.
28
അവരോടു പറവിൻ: ഞാൻ കേൾക്കെ നിങ്ങൾ പറഞ്ഞതുപോലെ തന്നേ, എന്നാണ, ഞാൻ നിങ്ങളോടു ചെയ്യുമെന്നു യഹോവ അരുളിച്ചെയ്യുന്നു.
29
ഈ മരുഭൂമിയിൽ നിങ്ങളുടെ ശവം വീഴും; യെഫുന്നയുടെ മകൻ കാലേബും നൂന്റെ മകൻ യോശുവയും ഒഴികെ ഇരുപതു വയസ്സുമുതൽ മേലോട്ടു എണ്ണപ്പെട്ടവരായി
30
എന്റെ നേരെ പിറുപിറുത്തവരായ നിങ്ങളുടെ എണ്ണത്തിൽ ആരും ഞാൻ നിങ്ങളെ പാൎപ്പിക്കുമെന്നു സത്യം ചെയ്തിട്ടുള്ള ദേശത്തു കടക്കയില്ല.
31
എന്നാൽ കൊള്ളയായ്പോകുമെന്നു നിങ്ങൾ പറഞ്ഞിട്ടുള്ള നിങ്ങളുടെ കുഞ്ഞുകുട്ടികളെ ഞാൻ അതിൽ കടക്കുമാറാക്കും; നിങ്ങൾ നിരസിച്ചിരിക്കുന്ന ദേശം അവർ അറിയും.
32
നിങ്ങളോ, നിങ്ങളുടെ ശവം ഈ മരുഭൂമിയിൽ വീഴും.
33
നിങ്ങളുടെ ശവം മരുഭൂമിയിൽ ഒടുങ്ങുംവരെ നിങ്ങളുടെ മക്കൾ മരുഭൂമിയിൽ നാല്പതു സംവത്സരം ഇടയരായി സഞ്ചരിച്ചു നിങ്ങളുടെ പാതിവ്രത്യഭംഗം വഹിക്കും;
34
ദേശം ഒറ്റു നോക്കിയ നാല്പതു ദിവസത്തിന്റെ എണ്ണത്തിന്നൊത്തവണ്ണം, ഒരു ദിവസത്തിന്നു ഒരു സംവത്സരം വീതം, നാല്പതു സംവത്സരം നിങ്ങൾ നിങ്ങളുടെ അകൃത്യങ്ങൾ വഹിച്ചു എന്റെ അകല്ച അറിയും.
35
എനിക്കു വിരോധമായി കൂട്ടംകൂടിയ ഈ ദുഷ്ടസഭയോടു ഞാൻ ഇങ്ങനെ ചെയ്യും: ഈ മരുഭൂമിയിൽ അവർ ഒടുങ്ങും; ഇവിടെ അവർ മരിക്കും എന്നു യഹോവയായ ഞാൻ കല്പിച്ചിരിക്കുന്നു.
36
ദേശം ഒറ്റുനോക്കുവാൻ മോശെ അയച്ചവരും, മടങ്ങിവന്നു ദേശത്തെക്കുറിച്ചു ദുൎവ്വൎത്തമാനം പറഞ്ഞു സഭ മുഴുവനും അവന്നു വിരോധമായി പിറുപിറുപ്പാൻ സംഗതി വരുത്തിയ വരും,
37
ദേശത്തെക്കുറിച്ചു ദുൎവ്വൎത്തമാനം പറഞ്ഞവരുമായ പുരുഷന്മാർ യഹോവയുടെ മുമ്പാകെ ഒരു ബാധകൊണ്ടു മരിച്ചു.
38
എന്നാൽ ദേശം ഒറ്റുനോക്കുവാൻ പോയ പുരുഷന്മാരിൽ നൂന്റെ മകൻ യോശുവയും യെഫുന്നയുടെ പുത്രൻ കാലേബും മരിച്ചില്ല.
Settings