Skip to content
ലൂക്കൊസ് 4:16-30

നസറത്തിലെ നിരസനം

ലൂക്കൊസ് 4:16-30
16
അവൻ വളൎന്ന നസറെത്തിൽ വന്നു: ശബ്ബത്തിൽ തന്റെ പതിവുപോലെ പള്ളിയിൽ ചെന്നു വായിപ്പാൻ എഴുന്നേറ്റുനിന്നു.
17
യെശയ്യാപ്രവാചകന്റെ പുസ്തകം അവന്നു കൊടുത്തു; അവൻ പുസ്തകം വിടൎത്തി:
18
“ദരിദ്രന്മാരോടു സുവിശേഷം അറിയിപ്പാൻ കൎത്താവു എന്നെ അഭിഷേകം ചെയ്കയാൽ അവന്റെ ആത്മാവു എന്റെമേൽ ഉണ്ടു; ബദ്ധന്മാൎക്കു വിടുതലും കുരുടന്മാൎക്കു കാഴ്ചയും പ്രസംഗിപ്പാനും പീഡിതന്മാരെ വിടുവിച്ചയപ്പാനും
19
കൎത്താവിന്റെ പ്രസാദവൎഷം പ്രസംഗിപ്പാനും എന്നെ അയച്ചിരിക്കുന്നു” എന്നു എഴുതിയിരിക്കുന്ന സ്ഥലം കണ്ടു.
20
പിന്നെ അവൻ പുസ്തകം മടക്കി ശുശ്രൂഷക്കാരന്നു തിരികെ കൊടുത്തിട്ടു ഇരുന്നു; പള്ളിയിലുള്ള എല്ലാവരുടെയും കണ്ണു അവങ്കൽ പതിഞ്ഞിരുന്നു.
21
അവൻ അവരോടു: ഇന്നു നിങ്ങൾ എന്റെ വചനം കേൾക്കയിൽ ഈ തിരുവെഴുത്തിന്നു നിവൃത്തി വന്നിരിക്കുന്നു എന്നു പറഞ്ഞുതുടങ്ങി.
22
എല്ലാവരും അവനെ പുകഴ്ത്തി, അവന്റെ വായിൽനിന്നു പുറപ്പെട്ട ലാവണ്യ വാക്കുകൾ നിമിത്തം ആശ്ചൎയ്യപെട്ടു; ഇവൻ യോസേഫിന്റെ മകൻ അല്ലയോ എന്നു പറഞ്ഞു.
23
അവൻ അവരോടു: വൈദ്യാ, നിന്നെത്തന്നേ സൌഖ്യമാക്കുക എന്നുള്ള പഴഞ്ചൊല്ലും കഫൎന്നഹൂമിൽ ഉണ്ടായി കേട്ടതു എല്ലാം ഈ നിന്റെ പിതൃനഗരത്തിലും ചെയ്ക എന്നും നിങ്ങൾ എന്നോടു പറയും നിശ്ചയം.
24
ഒരു പ്രവാചകനും തന്റെ പിതൃനഗരത്തിൽ സമ്മതനല്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
25
ഏലീയാവിന്റെ കാലത്തു ആകാശം മൂവാണ്ടും ആറു മാസവും അടഞ്ഞിട്ടു ദേശത്തു എങ്ങും മഹാക്ഷാമം ഉണ്ടായപ്പോൾ യിസ്രായേലിൽ പല വിധവമാർ ഉണ്ടായിരുന്നു എന്നു ഞാൻ യഥാൎത്ഥമായി നിങ്ങളോടു പറയുന്നു.
26
എന്നാൽ സീദോനിലെ സരെപ്തയിൽ ഒരു വിധവയുടെ അടുക്കലേക്കല്ലാതെ അവരിൽ ആരുടെയും അടുക്കലേക്കു ഏലീയാവിനെ അയച്ചില്ല.
27
അവ്വണ്ണം എലീശാപ്രവാചകന്റെ കാലത്തു യിസ്രായേലിൽ പല കുഷ്ഠരോഗികൾ ഉണ്ടായിരുന്നു. സുറിയക്കാരനായ നയമാൻ അല്ലാതെ അവരാരും ശുദ്ധമായില്ല. എന്നും അവൻ പറഞ്ഞു.
28
പള്ളിയിലുള്ളവർ ഇതു കേട്ടിട്ടു എല്ലാവരും കോപം നിറഞ്ഞവരായി എഴുന്നേറ്റു
29
അവനെ പട്ടണത്തിന്നു പുറത്താക്കി അവരുടെ പട്ടണം പണിതിരുന്ന മലയുടെ വക്കോളം കൊണ്ടുപോയി തലകീഴായി തള്ളിയിടുവാൻ ഭാവിച്ചു.
30
അവനോ അവരുടെ നടുവിൽ കൂടി കടന്നുപോയി.
Settings

Reading Style

Typeface

Font Size 19px

Reading Width 45 chars

Options