ലൂക്കൊസ് 19:1-13
1
അവൻ യെരീഹോവിൽ എത്തി കടന്നു പോകുമ്പോൾ
2
ചുങ്കക്കാരിൽ പ്രമാണിയും ധനവാനുമായ സക്കായി എന്നു പേരുള്ളോരു പുരുഷൻ,
3
യേശു എങ്ങനെയുള്ളവൻ എന്നു കാണ്മാൻ ശ്രമിച്ചു, വളൎച്ചയിൽ കുറിയവൻ ആകകൊണ്ടു പുരുഷാരംനിമിത്തം കഴിഞ്ഞില്ല.
4
എന്നാറെ അവൻ മുമ്പോട്ടു ഓടി, അവനെ കാണേണ്ടിതിന്നു ഒരു കാട്ടത്തിമേൽ കയറി. യേശു ആ വഴിയായി വരികയായിരുന്നു.
5
അവൻ ആ സ്ഥലത്തു എത്തിയപ്പോൾ മേലോട്ടു നോക്കി: സക്കായിയേ, വേഗം ഇറങ്ങിവാ; ഞാൻ ഇന്നു നിന്റെ വീട്ടിൽ പാൎക്കേണ്ടതാകുന്നു എന്നു അവനോടു പറഞ്ഞു.
6
അവൻ ബദ്ധപ്പെട്ടു ഇറങ്ങി സന്തോഷത്തോടെ അവനെ കൈക്കൊണ്ടു.
7
കണ്ടവർ എല്ലാം: അവൻ പാപിയായോരു മനുഷ്യനോടുകൂടെ പാൎപ്പാൻ പോയി എന്നു പറഞ്ഞു പിറുപിറുത്തു.
8
സക്കായിയോ നിന്നു കൎത്താവിനോടു: കൎത്താവേ, എന്റെ വസ്തുവകയിൽ പാതി ഞാൻ ദരിദ്രൎക്കു കൊടുക്കുന്നുണ്ടു; വല്ലതും ചതിവായി വാങ്ങീട്ടുണ്ടെങ്കിൽ നാലുമടങ്ങു മടക്കിക്കൊടുക്കുന്നു എന്നു പറഞ്ഞു.
9
യേശു അവനോടു: ഇവനും അബ്രാഹാമിന്റെ മകൻ ആകയാൽ ഇന്നു ഈ വീട്ടിന്നു രക്ഷ വന്നു.
10
കാണാതെ പോയതിനെ തിരഞ്ഞു രക്ഷിപ്പാനല്ലോ മനുഷ്യപുത്രൻ വന്നതു എന്നു പറഞ്ഞു.
11
അവർ ഇതു കേട്ടുകൊണ്ടിരിക്കുമ്പോൾ അവൻ യെരൂശലേമിന്നു സമീപിച്ചിരിക്കയാലും ദൈവരാജ്യം ക്ഷണത്തിൽ വെളിപ്പെടും എന്നു അവൎക്കു തോന്നുകയാലും അവൻ ഒരു ഉപമയുംകൂടെ പറഞ്ഞതു എന്തെന്നാൽ:
12
കുലീനനായോരു മനുഷ്യൻ രാജത്വം പ്രാപിച്ചു മടങ്ങിവരേണം എന്നുവെച്ചു ദൂരദേശത്തേക്കു യാത്രപോയി.
13
അവൻ പത്തു ദാസന്മാരെ വിളിച്ചു അവൎക്കു പത്തു റാത്തൽ വെള്ളി കൊടുത്തു ഞാൻ വരുവോളം വ്യാപാരം ചെയ്തുകൊൾവിൻ എന്നു അവരോടു പറഞ്ഞു.
Settings