Skip to content
വിലാപങ്ങള്‍ 2:1-12

വിലാപങ്ങള്‍ 2:1-12

1
അയ്യോ! യഹോവ സീയോൻ പുത്രിയെ തന്റെ കോപത്തിൽ മേഘംകൊണ്ടു മറെച്ചതെങ്ങനെ? അവൻ യിസ്രായേലിന്റെ മഹത്വം ആകാശത്തുനിന്നു ഭൂമിയിൽ ഇട്ടുകളഞ്ഞു; തന്റെ കോപദിവസത്തിൽ അവൻ തന്റെ പാദപീഠത്തെ ഓൎത്തതുമില്ല.
2
കൎത്താവു കരുണ കാണിക്കാതെ യാക്കോബിന്റെ മേച്ചൽപുറങ്ങളെയൊക്കെയും നശിപ്പിച്ചിരിക്കുന്നു; തന്റെ ക്രോധത്തിൽ അവൻ യെഹൂദാപുത്രിയുടെ കോട്ടകളെ ഇടിച്ചുകളഞ്ഞിരിക്കുന്നു; രാജ്യത്തെയും അതിലെ പ്രഭുക്കന്മാരെയും അവൻ നിലത്തിട്ടു അശുദ്ധമാക്കിയിരിക്കുന്നു.
3
തന്റെ ഉഗ്രകോപത്തിൽ അവൻ യിസ്രായേലിന്റെ കൊമ്പു ഒക്കെയും വെട്ടിക്കളഞ്ഞു; തന്റെ വലങ്കയ്യെ അവൻ ശത്രുവിൻ മുമ്പിൽ നിന്നു പിൻവലിച്ചുകളഞ്ഞു; ചുറ്റും ദഹിപ്പിക്കുന്ന ജ്വാലപോലെ അവൻ യാക്കോബിനെ ദഹിപ്പിച്ചുകളഞ്ഞു.
4
ശത്രു എന്നപോലെ അവൻ വില്ലു കുലെച്ചു, വൈരി എന്നപോലെ അവൻ വലങ്കൈ ഓങ്ങി; കണ്ണിന്നു കൌതുകമുള്ളതു ഒക്കെയും നശിപ്പിച്ചുകളഞ്ഞു; സീയോൻ പുത്രിയുടെ കൂടാരത്തിൽ തന്റെ ക്രോധം തീപോലെ ചൊരിഞ്ഞു;
5
കൎത്താവു ശത്രുവെപ്പോലെ ആയി, യിസ്രായേലിനെ മുടിച്ചുകളഞ്ഞു; അവളുടെ അരമനകളെ ഒക്കെയും മുടിച്ചു, അവളുടെ കോട്ടകളെ നശിപ്പിച്ചുകളഞ്ഞു; യെഹൂദാപുത്രിക്കു ദുഃഖവും വിലാപവും വൎദ്ധിപ്പിച്ചിരിക്കുന്നു.
6
അവൻ തിരുനിവാസം ഒരു തോട്ടംപോലെ നീക്കിക്കളഞ്ഞു; തന്റെ ഉത്സവസ്ഥലം നശിപ്പിച്ചിരിക്കുന്നു; യഹോവ സീയോനിൽ ഉത്സവവും ശബ്ബത്തും മറക്കുമാറാക്കി, തന്റെ ഉഗ്രകോപത്തിൽ രാജാവിനെയും പുരോഹിതനെയും നിരസിച്ചുകളഞ്ഞു.
7
കൎത്താവു തന്റെ യാഗപീഠം തള്ളിക്കളഞ്ഞു, തന്റെ വിശുദ്ധമന്ദിരം വെറുത്തിരിക്കുന്നു; അവളുടെ അരമനമതിലുകളെ അവൻ ശത്രുവിന്റെ കയ്യിൽ ഏല്പിച്ചു; അവർ ഉത്സവത്തിൽ എന്നപോലെ യഹോവയുടെ ആലയത്തിൽ ആരവം ഉണ്ടാക്കി.
8
യഹോവ സീയോൻ പുത്രിയുടെ മതിൽ നശിപ്പിപ്പാൻ നിൎണ്ണയിച്ചു; അവൻ അളന്നു നശിപ്പിക്കുന്നതിൽനിന്നു കൈ പിൻവലിച്ചില്ല; അവൻ കോട്ടയും മതിലും ദുഃഖത്തിലാക്കി; അവ ഒരുപോലെ ക്ഷയിച്ചിരിക്കുന്നു.
9
അവളുടെ വാതിലുകൾ മണ്ണിൽ പൂണ്ടുപോയിരിക്കുന്നു; അവളുടെ ഓടാമ്പൽ അവൻ തകൎത്തു നശിപ്പിച്ചിരിക്കുന്നു; അവളുടെ രാജാവും പ്രഭുക്കന്മാരും ന്യായപ്രമാണം ഇല്ലാത്ത ജാതികളുടെ ഇടയിൽ ഇരിക്കുന്നു; അവളുടെ പ്രവാചകന്മാൎക്കു യഹോവയിങ്കൽ നിന്നു ദൎശനം ഉണ്ടാകുന്നതുമില്ല.
10
സീയോൻപുത്രിയുടെ മൂപ്പന്മാർ മിണ്ടാതെ നിലത്തിരിക്കുന്നു; അവർ തലയിൽ പൊടി വാരിയിട്ടു രട്ടുടുത്തിരിക്കുന്നു; യെരൂശലേം കന്യകമാർ നിലത്തോളം തല താഴ്ത്തുന്നു.
11
എന്റെ ജനത്തിൻ പുത്രിയുടെ നാശംനിമിത്തം ഞാൻ കണ്ണുനീർ വാൎത്തു കണ്ണു മങ്ങിപ്പോകുന്നു; എന്റെ ഉള്ളം കലങ്ങി കരൾ നിലത്തു ചൊരിഞ്ഞുവീഴുന്നു; പൈതങ്ങളും ശിശുക്കളും നഗരവീഥികളിൽ തളൎന്നുകിടക്കുന്നു.
12
അവർ നിഹതന്മാരെപ്പോലെ നഗരവീഥികളിൽ തളൎന്നുകിടക്കുമ്പോഴും അമ്മമാരുടെ മാൎവ്വിൽവെച്ചു പ്രാണൻ വിടുമ്പോഴും ആഹാരവും വീഞ്ഞും എവിടെ എന്നു അമ്മമാരോടു ചോദിക്കുന്നു.
Settings

Reading Style

Typeface

Font Size 19px

Reading Width 45 chars

Options