യോഹന്നാന്‍ 8:21-30
21
അവൻ പിന്നെയും അവരോടു: ഞാൻ പോകുന്നു; നിങ്ങൾ എന്നെ അന്വേഷിക്കും; നിങ്ങളുടെ പാപത്തിൽ നിങ്ങൾ മരിക്കും; ഞാൻ പോകുന്ന ഇടത്തേക്കു നിങ്ങൾക്കു വരുവാൻ കഴികയില്ല എന്നു പറഞ്ഞു.
22
ഞാൻ പോകുന്ന ഇടത്തേക്കു നിങ്ങൾക്കു വരുവാൻ കഴികയില്ല എന്നു അവൻ പറഞ്ഞതുകൊണ്ടു പക്ഷേ തന്നെത്താൻ കൊല്ലുമോ എന്നു യെഹൂദന്മാർ പറഞ്ഞു.
23
അവൻ അവരോടു: നിങ്ങൾ കീഴിൽനിന്നുള്ളവർ, ഞാൻ മേലിൽനിന്നുള്ളവൻ; നിങ്ങൾ ഈ ലോകത്തിൽനിന്നുള്ളവർ, ഞാൻ ഈ ലോകത്തിൽ നിന്നുള്ളവനല്ല.
24
ആകയാൽ നിങ്ങളുടെ പാപങ്ങളിൽ നിങ്ങൾ മരിക്കും എന്നു ഞാൻ നിങ്ങളോടു പറഞ്ഞു; ഞാൻ അങ്ങനെയുള്ളവൻ എന്നു വിശ്വസിക്കാഞ്ഞാൽ നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽ മരിക്കും എന്നു പറഞ്ഞു.
25
അവർ അവനോടു: നീ ആർ ആകുന്നു എന്നു ചോദിച്ചതിന്നു യേശു: ആദിമുതൽ ഞാൻ നിങ്ങളോടു സംസാരിച്ചുപോരുന്നതു തന്നേ.
26
നിങ്ങളെക്കുറിച്ചു വളരെ സംസാരിപ്പാനും വിധിപ്പാനും എനിക്കു ഉണ്ടു; എങ്കിലും എന്നെ അയച്ചവൻ സത്യവാൻ ആകുന്നു; അവനോടു കേട്ടതു തന്നേ ഞാൻ ലോകത്തോടു സംസാരിക്കുന്നു എന്നു പറഞ്ഞു.
27
പിതാവിനെക്കുറിച്ചു ആകുന്നു അവൻ തങ്ങളോടു പറഞ്ഞതു എന്നു അവർ ഗ്രഹിച്ചില്ല.
28
ആകയാൽ യേശു: നിങ്ങൾ മനുഷ്യപുത്രനെ ഉയൎത്തിയശേഷം ഞാൻ തന്നേ അവൻ എന്നും ഞാൻ സ്വയമായിട്ടു ഒന്നും ചെയ്യാതെ പിതാവു എനിക്കു ഉപദേശിച്ചുതന്നതുപോലെ ഇതു സംസാരിക്കുന്നു എന്നും അറിയും.
29
എന്നെ അയച്ചവൻ എന്നോടുകൂടെ ഉണ്ടു; ഞാൻ എല്ലായ്പോഴും അവന്നു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ടു അവൻ എന്നെ ഏകനായി വിട്ടിട്ടില്ല എന്നു പറഞ്ഞു.
30
അവൻ ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ പലരും അവനിൽ വിശ്വസിച്ചു.
Settings